അബൂ അൽ-ഫറജ് അൽ-അസ്ബഹാനി(റ) ‘അൽ-അഗാനി’ എന്ന ഗ്രന്ഥത്തിൽ ഇബ്രാഹിം ബിൻ അൽ-മഹ്ദി(റ)യുടെ പരമ്പരയിലൂടെ ഉബൈദ ബിൻ അശ്അതി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തന്റെ പിതാവ് ഹിജ്റ ഒൻപതാം വർഷമാണ് ജനിച്ചതെന്നും, തിരുനബിﷺയുടെ ഭാര്യമാരുടെ സംസാരങ്ങൾ ഓരോരുത്തരുടെയും ഇടയിൽ കൊണ്ടുചെന്നെത്തിച്ച് അവർക്കിടയിൽ കുഴപ്പമുണ്ടാക്കുന്നത് ഒരു സ്ത്രീയുടെ പതിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തിരുനബിﷺ അവർക്കെതിരെ പ്രാർത്ഥിച്ചു, അവർ മരണപ്പെടുകയും ചെയ്തു.
ഇമാം ബുഖാരി(റ), അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ തങ്ങൾ ഖുനൂത്വിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! വലീദ് ബിൻ അൽ-വലീദിനെ രക്ഷപ്പെടുത്തേണമേ, അല്ലാഹുവേ! അയ്യാശ് ബിൻ അബീ റബീഅയെ രക്ഷപ്പെടുത്തേണമേ, അല്ലാഹുവേ! സത്യവിശ്വാസികളിലെ ദുർബലരെ രക്ഷപ്പെടുത്തേണമേ, അല്ലാഹുവേ! മുളർ ഗോത്രത്തിന്മേൽ നിന്റെ പിടി കഠിനമാക്കേണമേ, അല്ലാഹുവേ! യൂസുഫ് നബി(അ)യുടെ കാലത്തെ ക്ഷാമ വർഷങ്ങൾ പോലെ ഈ വർഷങ്ങളെ നീ ആക്കിക്കേണമേ.
ഈ പ്രാർത്ഥനകൾ ഫലിച്ചു എന്നാണ് തുടർകാല സംഭവങ്ങൾ അറിയിക്കുന്നത്.
അബൂ നുഐം(റ), അത്വിയ്യ അസ്സഅ്ദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഹവാസിൻ ഗോത്രത്തിലെ യുദ്ധത്തടവുകാരുടെ കാര്യത്തിൽ തിരുനബിﷺ തങ്ങളോട് സംസാരിച്ചവരിൽ പെട്ടവനായിരുന്നു അദ്ദേഹം. അപ്പോൾ തിരുനബിﷺ സ്വഹാബികളോട് സംസാരിച്ചു, അങ്ങനെ ഒരു മനുഷ്യനൊഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ തടവുകാരെ തിരിച്ചുനൽകി. അപ്പോൾ തിരുനബിﷺ പറഞ്ഞു: അല്ലാഹുവേ, അവന്റ ഓഹരി നീ നഷ്ടപ്പെടുത്തേണമേ. അങ്ങനെ അദ്ദേഹം ഒരു കന്യകയായ പെൺകുട്ടിയുടെയും ഒരു ആൺകുട്ടിയുടെയും അരികിലൂടെ കടന്നുപോകുമ്പോൾ അവരെ വെറുതെ വിടുകയായിരുന്നു. ഒടുവിൽ ഒരു വൃദ്ധയുടെ അരികിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഇവളെ എടുത്തുകൊള്ളാം, കാരണം ഇവൾ ഒരു ഗോത്രത്തിന്റെ മാതാവാണ്, അവർക്ക് സാധ്യമായതുകൊണ്ട് അവർ ഇവളെ എന്നിൽ നിന്ന് മോചിപ്പിച്ചുകൊള്ളും.” അപ്പോൾ അത്വിയ്യ(റ) തക്ബീർ ചൊല്ലിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവിനെയാണെ സത്യം! നിങ്ങൾ എടുത്ത ഇവളുടെ വായ തണുത്തതല്ല അഥവാ യൗവനമുള്ളതല്ല, ഇവളുടെ സ്തനങ്ങൾ ഉയർന്നതുമല്ല, ഇവളുടെ സൗന്ദര്യവും തികഞ്ഞതല്ല, റസൂലല്ലാഹ്ﷺ! ഇതൊരു വൃദ്ധയാണ്, കുഴപ്പക്കാരിയാണ്, മുറിഞ്ഞവളാണ്, ഇവൾക്ക് ആരുമില്ല.” എന്നാൽ ആരും ഇവളെ ആവശ്യപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ അദ്ദേഹം അവളെ ഉപേക്ഷിച്ചു.
അന്നത്തെ സാഹചര്യങ്ങളോടും യുദ്ധപരിസരങ്ങളോടും ചേർത്ത് വായിക്കേണ്ട ഒരു സംഭവം കൂടിയാണിത്.
വാഖിദി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ബനൂ ഹാരിസ ബിൻ അംറ് ബിൻ ഖുർത്വിന് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. എന്നാൽ അവർ ആ കത്ത് എടുത്ത് കഴുകിക്കളയുകയും, അത് കൊണ്ട് അവരുടെ വെള്ളം കോരുന്ന തൊട്ടി നന്നാക്കുകയും പശയാക്കുകയും ചെയ്തു. അപ്പോൾ തിരുനബിﷺ പറഞ്ഞു: അവർക്കെന്തുപറ്റി? അല്ലാഹുവേ, അവരുടെ ബുദ്ധിയെ നീ നീക്കിക്കളയേണമേ.
അവർ വിറയലും തിടുക്കവും കലർന്ന സംസാരമുള്ളവരും, ബുദ്ധിഹീനരുമായി മാറി എന്നാണ് തുടർ വായനകളത്രെ! വാഖിദി(റ) പറഞ്ഞു: അവരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്, അവർ സംസാരം വ്യക്തമാക്കാൻ കഴിയാത്ത ഊമകളെപ്പോലെയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
