ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ഉമർ(റ) ഇസ്ലാം സ്വീകരിച്ചപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ നെഞ്ചിൽ മൂന്നു തവണ കൈകൊണ്ട് തട്ടിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഉമറി(റ)ന്റെ നെഞ്ചിലുള്ള അസൂയയും വിദ്വേഷവും നീ പുറത്തുകളയുകയും അതിനുപകരം ഈമാൻ നൽകുകയും ചെയ്യേണമേ.”
സഅദ് ബിൻ അബീ വഖാസ്(റ)ന് വേണ്ടിയുള്ള തിരുനബിﷺയുടെ പ്രാർത്ഥനയുടെ സ്വീകാര്യതയെക്കുറിച്ച്
ഖൈസ് ബിൻ അബീ ഹാസി(റ)ൽ നിന്ന് മുർസലായ പരമ്പരയിൽ ബൈഹഖി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദി(റ)നോട് പറഞ്ഞു. “അല്ലാഹുവേ, അവൻ നിങ്ങളോട് പ്രാർത്ഥിച്ചാൽ നീ അവന് ഉത്തരം നൽകേണമേ.”
സഅദ് ബിൻ അബീ വഖാസി(റ)ന് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചതായി തിർമിദി(റ) നിവേദനം ചെയ്തിട്ടുണ്ട്; ആരെങ്കിലും എതിരെ പ്രാർത്ഥിച്ചാൽ അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമെന്നും, എന്നാൽ സഅദി(റ)ന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്നും പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ച സംഭവങ്ങളിൽ പെട്ടതാണ്: അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരാൾ അലി(റ)യെ അധിക്ഷേപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവേ, അവൻ കള്ളം പറയുന്നവനാണെങ്കിൽ ഒരു ദൃഷ്ടാന്തം അവനിൽ നീ കാണിക്കേണമേ.” തുടർന്ന് ഒരു ഒട്ടകം വന്ന് അയാളെ ചവിട്ടിമെതിച്ചു.
ഇമാം ബുഖാരി(റ)യും മറ്റും ഇത് നിവേദനം ചെയ്തിതുണ്ട്.
അതുപോലെ അബൂ സഅ്ദയ്ക്കെതിരെ സഅദ്(റ) പ്രാർത്ഥിച്ചതായി ബുഖാരി(റ) നിവേദനം ചെയ്ത മറ്റൊരു സംഭവം: “അല്ലാഹുവേ, അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിനൽകുകയും ദാരിദ്ര്യം വർദ്ധിപ്പിക്കുകയും അദ്ദേഹത്തെ പരീക്ഷണങ്ങൾക്ക് ഇരയാക്കുകയും ചെയ്യേണമേ! നിവേദകൻ പറയുന്നു: അപ്പോൾ അദ്ദേഹത്തെ വളരെ വൃദ്ധനായി ഞാൻ കണ്ടു; വാർദ്ധക്യം കാരണം അദ്ദേഹത്തിന്റെ പുരികങ്ങൾ കണ്ണുകളിലേക്ക് വീണിരുന്നു. അദ്ദേഹം ദരിദ്രനായിത്തീരുകയും വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ ആളുകൾ അദ്ദേഹത്തോട് ചോദിക്കും. നിങ്ങളുടെ വിശേഷം എങ്ങനെയുണ്ട്? അദ്ദേഹം പറയും: “സഅദി(റ)ന്റെ പ്രാർത്ഥന ബാധിച്ച പരീക്ഷണത്തിലകപ്പെട്ട വൃദ്ധനാണ് ഞാൻ.”
അനസ്(റ) നിവേദനം ചെയ്യുന്നു: ജുമുഅ ദിവസം മിമ്പറിൽ വെച്ച് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ തിരുനബിﷺ പ്രാർത്ഥിച്ചു, അങ്ങനെ അവർക്ക് മഴ ലഭിച്ചു. തുടർന്ന് അടുത്ത വെള്ളിയാഴ്ചയും മിമ്പറിൽ വെച്ച് അവർ മഴയ്ക്കായി ചോദിച്ചപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു; അങ്ങനെ മേഘങ്ങൾ നീങ്ങി നല്ല തെളിഞ്ഞ കാലാവസ്ഥയായി മാറി.
അബുൽ ഹുവൈരിസി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു: ഹിജ്റ ഒൻപതാം വർഷം തുജീബ് ഗോത്ര പ്രതിനിധി സംഘം തിരുനബിﷺയുടെ അടുക്കൽ വന്നു. അവരിൽ ഒരു ബാലനുണ്ടായിരുന്നു. അവൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ ആവശ്യം അങ്ങ് സാധിച്ചുതരേണമേ.” തിരുനബിﷺ ചോദിച്ചു: “എന്താണ് നിന്റെ ആവശ്യം?” അവൻ പറഞ്ഞു: “എനിക്ക് പൊറുത്തു തരുവാനും കരുണ ചെയ്യുവാനും എന്റെ സമ്പന്നത എന്റെ ഹൃദയത്തിലാക്കുവാനും താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അവന് പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും അവന്റ ധന്യത അവന്റെ ഹൃദയത്തിലാക്കുകയും ചെയ്യേണമേ.” തുടർന്ന് അവർ മടങ്ങിപ്പോകുകയും, ഹിജ്റ പത്താം വർഷം മിനായിൽ വെച്ച് ഹജ്ജ് വേളയിൽ അവർ തിരുനബിﷺയെ വീണ്ടും വന്നു കണ്ടു. അപ്പോൾ തിരുനബിﷺ ആ ബാലനെക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞു: “അല്ലാഹു അവന് നൽകിയതിൽ അതൃപ്തി കാണിക്കാത്ത, അവനെപ്പോലൊരാളെ ഞങ്ങൾ കണ്ടിട്ടില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവൻ സംതൃപ്തനായി മരണപ്പെടുമെന്ന് തീർച്ചയായും ഞാൻ പ്രതീക്ഷിക്കുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
