Tweet 1540

    Tweet 1540
    September 1, 2026 • Tuesday
    Post Header

    തിരുനബിﷺ വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കുകയും അത് അവർക്ക് ലഭിക്കുകയും ചെയ്ത സംഭവങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവെ, മുഹമ്മദ് നബിﷺയുടെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം ആവശ്യത്തിന് മാത്രമുള്ളതാക്കേണമേ.” ബൈഹഖി(റ) പറഞ്ഞു: അവർക്ക് അതുപോലെ നൽകപ്പെടുകയും അവർ അതിൽ തൃപ്തിപ്പെടുകയും ചെയ്തു.

    ഇംറാൻ ബിൻ ഹുസൈൻ(റ) നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സന്ദർഭത്തിൽ ഫാത്വിമ(റ) കടന്നുവന്ന് അവിടുത്തെ മുമ്പിൽ നിന്നു. അവിടുന്ന് അവളെ നോക്കിയപ്പോൾ കടുത്ത പട്ടിണികാരണം മുഖം മഞ്ഞനിറത്തിലായിരുന്നു. അപ്പോൾ അവിടുന്ന് കൈ ഉയർത്തി മാലയിടുന്ന സ്ഥലത്ത് വെച്ചു. ശേഷം വിരലുകൾ അകത്തിപ്പിടിച്ചുകൊണ്ട് പ്രാർത്ഥിച്ചു: “പട്ടിണിക്കാരുടെ വയറു നിറയ്ക്കുന്നവനേ, താഴ്ത്തപ്പെട്ടവരെ ഉയർത്തുന്നവനേ, മുഹമ്മദിന്റെﷺ മകൾ ഫാത്വിമ(റ)യെ നീ ഉയർത്തേണമേ.”

    ഇംറാൻ ബിൻ ഹുസൈൻ(റ) പറഞ്ഞു: ഞാൻ പിന്നീട് നോക്കിയപ്പോൾ നോക്കിയപ്പോൾ അവരുടെ മുഖത്തെ മഞ്ഞനിറം മാറിപ്പോയിരുന്നു. പിന്നീട് ഞാൻ കണ്ടുമുട്ടിയപ്പോൾ അതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു: “ഇംറാൻ(റ), അതിനുശേഷം എനിക്ക് വിശന്നിട്ടില്ല.” ഹിജാബ് നിയമം അവതരിക്കുന്നതിന് മുമ്പായിരുന്നു ഈ സംഭവം എന്ന് ഇമാം ബൈഹഖി(റ) വിശദീകരിച്ചിട്ടുണ്ട്.

    അലി(റ) നിവേദനം ചെയ്യുന്നു: എനിക്ക് രോഗം ബാധിച്ചപ്പോൾ തിരുനബിﷺ എന്നെ സന്ദർശിക്കാൻ വന്നു. ഞാൻ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു: “അല്ലാഹുവെ, എന്റെ അവധി അടുത്തുവന്നിട്ടുണ്ടെങ്കിൽ എനിക്ക് ആശ്വാസം നൽകേണമേ. അത് വൈകുകയാണെങ്കിൽ എന്നെ സുഖപ്പെടുത്തി എഴുന്നേൽപ്പിക്കേണമേ. പരീക്ഷണമാണെങ്കിൽ എനിക്ക് ക്ഷമ നൽകേണമേ.” അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു: “അല്ലാഹുവെ, ഇദ്ദേഹത്തിന് രോഗശമനം നൽകേണമേ! ആരോഗ്യം നൽകേണമേ!” അലി(റ) പറഞ്ഞു: അങ്ങനെ ഞാൻ എഴുന്നേറ്റു, ആ രോഗം പിന്നീട് ഒരിക്കലും എന്നെ ബാധിച്ചില്ല.

    ഇബ്നു മാജ(റ)യും ബൈഹഖി(റ)യും അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ അലി(റ)ക്ക് വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹുവെ, അവനിൽ നിന്ന് ചൂടും തണുപ്പും നീക്കിക്കളയേണമേ.” അതുകൊണ്ട് അദ്ദേഹം ശൈത്യകാലത്ത് വേനൽക്കാലത്തെ വസ്ത്രങ്ങളും, വേനൽക്കാലത്ത് ശൈത്യകാലത്തെ വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അദ്ദേഹത്തെ ചൂടോ തണുപ്പോ ബാധിക്കുകയുണ്ടായില്ല.

    ഖൈബർ യുദ്ധദിനത്തിൽ തിരുനബിﷺ ചോദിച്ചു: “അലി(റ) എവിടെ?” അല്ലാഹുവിൻറെ ദൂതരെﷺ, അദ്ദേഹത്തിന്റെ കണ്ണിന് അസുഖമുണ്ട്. അവിടുന്ന് പറഞ്ഞു: “നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ആളെ അയക്കുക.” അങ്ങനെ അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് യാതൊരു രോഗവുമില്ലായിരുന്നതുപോലെ പെട്ടെന്ന് രോഗം മാറി. തുടർന്ന് അവിടുന്ന് അദ്ദേഹത്തിന് സൈനിക പതാക ഏൽപിച്ചുകൊടുത്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 14
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...