Tweet 1504

    Tweet 1504
    July 29, 2026 • Wednesday
    Post Header

    ഇസ്ലാമിന്റെ പാശങ്ങൾ അഴിഞ്ഞുപോകുന്നതിനെക്കുറിച്ചും, അത് തുടക്കത്തിലെന്നപോലെ അന്യമായിത്തീരുമെന്നതിനെക്കുറിച്ചും, വസ്ത്രത്തിലെ ഡിസൈനുകൾ മാഞ്ഞുപോകുന്നത് പോലെ അത് മാഞ്ഞുപോകുമെന്നതിനെക്കുറിച്ചുമുള്ള പ്രവചനം ഇങ്ങനെയാണ്. ഇമാം മുസദ്ദദും(റ), ഇബ്നു മാജ(റ)യും, ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “വസ്ത്രത്തിലെ ഡിസൈനുകൾ മാഞ്ഞുപോകുന്നത് പോലെ ഇസ്ലാം മാഞ്ഞുപോകും. എത്രത്തോളമെന്നാൽ നിസ്കാരമോ, നോമ്പോ, ഹജ്ജോ ആർക്കും അറിയാത്ത അവസ്ഥ വരും. ഒടുവിൽ പുരുഷന്മാരും സ്ത്രീകളും ഇങ്ങനെ പറയും: ‘ഞങ്ങൾക്ക് മുമ്പുള്ളവർ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ടായിരുന്നു.’ ഇത് കേട്ടപ്പോൾ സ്വിലത്ത് ബിൻ അശയം(റ) ഹുദൈഫ(റ) യോട് ചോദിച്ചു: നിസ്കാരവും നോമ്പും ഒന്നുമറിയാതെ ലാ ഇലാഹ ഇല്ലല്ലാഹ് മാത്രം അവർക്ക് എന്ത് പ്രയോജനമാണ് ചെയ്യുക?’ അദ്ദേഹം പറഞ്ഞു: ‘അതുകൊണ്ട് അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും നരകത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.'”

    ഇമാം ഹാക്കിം(റ) ഹുദൈഫ(റ)യില് നിന്ന് തന്നെ നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഇസ്ലാമിന്റെ ഓരോ പാശങ്ങളും ഒന്നൊന്നായി അഴിഞ്ഞുപോകും. വഴികേടിലാക്കുന്ന ഭരണാധികാരികൾ ഉണ്ടാകും, അതിനുശേഷം മൂന്ന് ദജ്ജാലുകൾ അഥവാ വ്യാജന്മാർ പുറപ്പെടുകയും ചെയ്യും.”

    ഇമാം അഹ്മദ്(റ), ബുഖാരി(റ), അബൂ യഅ്‌ലാ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവർ അബൂ ഉമാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഇസ്‌ലാമിന്റെ കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞുപോകും. ഒരു കണ്ണി അഴിയുമ്പോൾ ആളുകൾ അടുത്തതിനെ മുറുകെ പിടിക്കും. അതിൽ ആദ്യമായി അഴിയുന്നത് ഭരണാധികാരവും ഏറ്റവും അവസാനത്തേത് നിസ്കാരവുമായിരിക്കും.”

    ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), അഹ്മദ് ഇബ്നു മനീഅ്(റ) എന്നിവർ ഹസനായ സനദോടെ മൈമൂന(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ ചോദിച്ചു: “മതകാര്യങ്ങൾ അഴിഞ്ഞുലയുകയും, ദുരാഗ്രഹങ്ങൾ പരസ്യപ്പെടുകയും, സഹോദരങ്ങൾ ഭിന്നിക്കുകയും, വിശുദ്ധ കഅ്ബാലയം തീയിടപ്പെടുകയും ചെയ്യുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?”

    ഇമാം അഹ്മദ്(റ) പ്രവാചക അനുചരന്മാരിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്ക് ശാം പ്രദേശം ജയിച്ചടക്കപ്പെടും. അവിടെ വാസസ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ ‘ദമസ്കസ്’ എന്ന് വിളിക്കപ്പെടുന്ന നഗരം തിരഞ്ഞെടുക്കുക. കാരണം, മഹാ യുദ്ധങ്ങളിൽ മുസ്ലിംകളുടെ അഭയകേന്ദ്രമാണത്. അതിന്റെ പ്രധാന കേന്ദ്രം ‘ഗൂത്വ’ എന്ന് വിളിക്കപ്പെടുന്ന ഭാഗത്താണ്.”

    ഇമാം ഇബ്നു അസാകിർ(റ) ബഹ്സ് ഇബ്നു ഹകീമി(റ)ൽ നിന്ന്, അദ്ദേഹം പിതാവിൽ നിന്നും പിതാവ് വലിയുപ്പയിൽ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “വലിയ കുഴപ്പങ്ങൾ ഉണ്ടാകും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേﷺ, താങ്കൾ ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ശാമിനെ മുറുകെ പിടിക്കുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 4
    ❤️ 👍 🔥 👏 😍 💚

    👤 Fahim Muneer Aug 1, 2026
    اللهم صل و سلم عليه