
അബൂ സഈദ്(റ) നിവേദനം ചെയ്തതായി ഇമാം അഹ്മദ്(റ) അത്രപ്രബലമല്ലാത്ത പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. “കാലത്തിന്റെ അവസാന നാളുകളിൽ എന്റെ കുടുംബത്തിൽ നിന്ന് ഒരു മനുഷ്യൻ പുറപ്പെടും.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “എന്റെ അഹ്‌ലുബൈത്തിൽ നിന്ന് ‘അസ്-സഫ്ഫാഹ്’ എന്ന് വിളിക്കപ്പെടുന്ന ഒരു മനുഷ്യൻ പുറപ്പെടും. അയാൾ ധനം വാരിവാരി കൊടുക്കുന്നവനായിരിക്കും.”
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തതായി ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) തങ്ങളുടെ ‘ദലാഇൽ’ എന്ന ഗ്രന്ഥത്തിലും ഖത്വീബും(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “നമ്മിൽ നിന്നാണ് സഫ്ഫാഹും, നമ്മിൽ നിന്നാണ് മൻസൂറും, നമ്മിൽ നിന്നാണ് മഹ്ദിയും.”
ഇബ്നു അബ്ബാസ്(റ), അബൂ സഈദ്(റ) എന്നിവരിൽ നിന്ന് ഖത്വീബ്(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ ഉദ്ധരിക്കുന്നു: തിരുനബിﷺ പറയുന്നു. “നമ്മിൽ നിന്നാണ് ഖാഇമും, നമ്മിൽ നിന്നാണ് മൻസൂറും, നമ്മിൽ നിന്നാണ് സഫ്ഫാഹും, നമ്മിൽ നിന്നാണ് മഹ്ദിയും. ഖാഇമിനെ സംബന്ധിച്ചിടത്തോളം, ഒരു കുപ്പി ചോര പോലും ചിന്താതെയാണ് ഖിലാഫത്ത് അദ്ദേഹത്തിലേക്ക് വന്നെത്തുക. മൻസൂറിന്റെ ഒരു കൊടിയും പരാജയപ്പെടുത്തി തിരിച്ചയക്കപ്പെടുകയില്ല. സഫ്ഫാഹ് ആകട്ടെ, ധനവും രക്തവും ഒഴുക്കുന്നവനായിരിക്കും. എന്നാൽ മഹ്ദി, ഭൂമി അക്രമം കൊണ്ട് നിറഞ്ഞതുപോലെ അതിനെ നീതി കൊണ്ട് നിറയ്ക്കുന്നവനാണ്.”
ജാബിർ(റ) നിവേദനം ചെയ്തതായി ദാറഖുത്വ്നി ‘അൽ-ഇഫ്‌റാദ്’ എന്ന ഗ്രന്ഥത്തിലും ഇബ്നു അസാകിറും(റ) ഇബ്നു നജ്ജാറും(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അബ്ബാസിന്റെ മക്കളിൽ എന്റെ ഉമ്മത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഭരണാധികാരികൾ ഉണ്ടാകും. അവരിലൂടെ അല്ലാഹു ഈ ദീനിനെ പ്രതാപമുള്ളതാക്കും.”
ഉമ്മുൽ ഫദ്‌ലി(റ)നെ തൊട്ട് ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു; തിരുനബിﷺ അബ്ബാസ്(റ)നോട് പറഞ്ഞു. “ഹേ അബ്ബാസ്(റ), താങ്കൾ എന്റെ പിതൃവ്യനും എന്റെ പിതാവിന്റെ സ്ഥാനത്തുള്ളവനുമാണ്. എനിക്ക് ശേഷം എന്റെ കുടുംബത്തിൽ നിന്ന് അവശേഷിക്കുന്നവരിൽ ഏറ്റവും ഉത്തമനുമാണ്. ഹിജ്റ നൂറ്റി മുപ്പത്തിയഞ്ചാം വർഷമാകുമ്പോൾ ആ ഭരണം താങ്കൾക്കും താങ്കളുടെ മക്കൾക്കും ഉള്ളതായിരിക്കും. അവരിൽ പെട്ടവനാണ് സഫ്ഫാഹും അവരിൽ പെട്ടവനാണ് മൻസൂറും അവരിൽ പെട്ടവനാണ് മഹ്ദിയും.”
അമ്മാർ ബിൻ യാസിർ(റ) നിവേദനം ചെയ്തതായി ദാറഖുത്വ്നി(റ) ‘അൽ-ഇഫ്‌റാദ്’ എന്ന ഗ്രന്ഥത്തിലും ഖത്വീബും(റ) ഇബ്നു അസാകിറും(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഹേ അബ്ബാസ്(റ), തീർച്ചയായും അല്ലാഹു ഇസ്‌ലാമിക ഭരണത്തിന് തുടക്കം കുറിച്ചത് എന്നിലൂടെയാണ്. താങ്കളുടെ മക്കളിൽ പെട്ട ഒരു യുവാവിലൂടെ അവനത് അവസാനിപ്പിക്കുകയും ചെയ്യും. ഭൂമി അക്രമം കൊണ്ട് നിറഞ്ഞതുപോലെ അവൻ അതിനെ നീതി കൊണ്ട് നിറയ്ക്കും. ഈസാ(അ) വന്ന് പിന്നിൽ നിന്ന് നിസ്കരിക്കുന്നത് അദ്ദേഹത്തിന്റെ കൂടെയായിരിക്കും.”
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ഉമ്മുൽ ഫദ്‌ൽ(റ) എന്നോട് പറയുകയുണ്ടായി: ഞാൻ തിരുനബിﷺയുടെ അരികിലൂടെ നടന്നപ്പോൾ അവിടുന്ന് പറഞ്ഞു: “തീർച്ചയായും താങ്കൾ ഒരു ആൺകുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നു. താങ്കൾ പ്രസവിച്ചാൽ അവനെ എന്റെ അടുക്കൽ കൊണ്ടുവരിക.” ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, സ്ത്രീകളുടെ അടുക്കൽ പോകില്ല എന്ന് ഖുറൈശികൾ പരസ്പരം കരാർ ചെയ്തിരിക്കെ അത് എങ്ങനെ ഉണ്ടാകും?” അവിടുന്ന് പറഞ്ഞു: “ഞാൻ താങ്കളോട് പറഞ്ഞതുപോലെ തന്നെ സംഭവിക്കും.” അങ്ങനെ ഞാൻ പ്രസവിച്ചപ്പോൾ കുട്ടിയെ അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. അവിടുന്ന് അവന്റെ വലത്തെ ചെവിയിൽ ബാങ്കും ഇടത്തെ ചെവിയിൽ ഇഖാമത്തും നിർവഹിച്ചു. ഉമിനീരിൽ നിന്ന് അല്പം അവന്റെ വായിൽ പുരട്ടിക്കൊടുക്കുകയും അവന് ‘അബ്ദുല്ലാഹി’ എന്ന് പേരിടുകയും ചെയ്തു.
ശേഷം പറഞ്ഞു: “ഭരണാധികാരികളുടെ പിതാവിനെയും കൊണ്ട് താങ്കൾ പൊയ്ക്കൊള്ളുക.” ഞാൻ ഈ വിവരം അബ്ബാസി(റ)നോട് പറഞ്ഞപ്പോൾ അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ വന്ന് ഇതിനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു: “ഞാൻ താങ്കളോട് പറഞ്ഞത് തന്നെയാണ് കാര്യം. ഇദ്ദേഹം ഖലീഫമാരുടെ പിതാവാണ്. അവരിൽ സഫ്ഫാഹ് ഉണ്ടാകും, അവരിൽ മഹ്ദി ഉണ്ടാകും, ഈസാ(അ) വന്ന് ആരുടെ പിന്നിലാണോ നിസ്കരിക്കുന്നത് അങ്ങനെയുള്ളവരും അവരിൽ ഉണ്ടാകും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
