Tweet 1348

    Tweet 1348
    February 21, 2026 • Saturday
    Post Header

    ഹസൻ ബിൻ സുഫ്യാൻ(റ), നസാഈ(റ), ത്വബ്റാനി(റ), ബൈഹഖി(റ) എന്നിവർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ സലാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അദ്ദേഹത്തിന് ഒരു ആടിനെ അറുത്തു നൽകി. ഖാലിദി(റ)ന് ധാരാളം കുടുംബാംഗങ്ങളുണ്ടായിരുന്നു. സാധാരണഗതിയിൽ അദ്ദേഹം ഒരു ആടിനെ അറുത്താൽ തന്റെ വീട്ടുകാർക്ക് ഓരോ എല്ല് വീതം നൽകാൻ പോലും അത് തികയുമായിരുന്നില്ല. തിരുനബിﷺ ആ മാംസത്തിൽ നിന്ന് അല്പം ഭക്ഷിച്ചു. ശേഷം പറഞ്ഞു: “അബൂ ഹുബാശ്(റ), നിന്റെ പാത്രം ഇങ്ങോട്ട് തരൂ.” തിരുനബിﷺ ആ ആട്ടിൻ മാംസത്തിന്റെ ബാക്കി ഭാഗം ആ പാത്രത്തിൽ വെച്ചു. എന്നിട്ട് പ്രാർഥിച്ചു: “അല്ലാഹുവേ, അബൂ ഹുബാശി(റ)ന് നീ അനുഗ്രഹം നൽകേണമേ.” ഖാലിദ്(റ) ആ പാത്രവുമായി തന്റെ വീട്ടിലേക്ക് മടങ്ങി ചെന്ന് അത് കുടുംബത്തിന് മുന്നിൽ വെച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഇതിൽ നിന്ന് പങ്കിട്ടു കഴിച്ചുകൊള്ളുക.” അങ്ങനെ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ ആ മാംസം കഴിച്ചു. എല്ലാവരും വയറു നിറയെ കഴിച്ചിട്ടും ആ പാത്രത്തിൽ മാംസം ബാക്കിയുണ്ടായിരുന്നു!

    ത്വബ്റാനി(റ) മസ്ഊദ് ബിൻ ഖാലിദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ തിരുനബിﷺക്ക് ഒരു ആടിനെ കൊടുത്തുവിട്ടു. ശേഷം ഞാൻ എന്റെ ചില ആവശ്യങ്ങൾക്കായി പുറത്തുപോയി. തിരുനബിﷺ ആ ആടിന്റെ പകുതി ഭാഗം തിരികെ നൽകി. ഞാൻ തിരിച്ചുവന്നപ്പോൾ അവിടെ മാംസം ഇരിക്കുന്നത് കണ്ട് ചോദിച്ചു: ‘ഉമ്മു ഖനാസ്, എന്താണ് ഈ മാംസം?’
    അവർ പറഞ്ഞു: ‘നിങ്ങൾ തിരുനബിﷺക്ക് കൊടുത്തുവിട്ട ആടിന്റെ പകുതി തിരികെ നൽകിയതാണിത്.’ ഞാൻ ചോദിച്ചു: ‘എന്താണ് നീ ഇത് നിന്റെ വീട്ടുകാർക്ക് നൽകാത്തത്?’ അവർ പറഞ്ഞു: ‘ഇത് അവർ കഴിച്ചു ബാക്കിവെച്ചതാണ്, എല്ലാവർക്കും ഞാൻ ഇതിൽ നിന്ന് ഭക്ഷണം നൽകിക്കഴിഞ്ഞു.’ അവർ അത്ഭുതത്തോടെ പറഞ്ഞു: സാധാരണ ഞങ്ങൾ രണ്ടോ മൂന്നോ ആടിനെ അറുത്താലും അവർക്ക് തികയാറുണ്ടായിരുന്നില്ല. എന്നാൽ, തിരുനബിﷺ നൽകിയ ഈ പകുതി ആട് എല്ലാവർക്കും തികഞ്ഞു.”
    ജാബിർ(റ) നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം.

    ഇമാം ഹാകിം(റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “എന്റെ പിതാവ് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം കുറെ കടം ബാക്കിവെച്ചിരുന്നു…” ആ ഹദീസിന്റെ ബാക്കി ഭാഗത്ത് ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു: തിരുനബിﷺ ഉച്ചസമയത്ത് ഉറങ്ങാൻ ഇഷ്ടപ്പെടുന്നുണ്ട്. അങ്ങനെ അവിടുന്ന് എന്റെ വീട്ടിൽ വരികയും ഞാൻ കിടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് ഉറങ്ങിയപ്പോൾ ഞാൻ ഒരു ആട്ടിൻകുട്ടിയെ അറുത്തു ഭക്ഷണമൊരുക്കി. തിരുനബിﷺ ഉണർന്നപ്പോൾ ഞാൻ അത് മുന്നിൽ വെച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അബൂബക്കറി(റ)നെ വിളിക്കൂ.’ ശേഷം കൂടെയുള്ളവരെയെല്ലാം വിളിച്ചു. അവർ വരികയും വയറുനിറയെ ആഹാരം കഴിക്കുകയും ചെയ്തു. എന്നിട്ടും ഞങ്ങളുടെ പക്കൽ ധാരാളം മാംസം ബാക്കിയുണ്ടായിരുന്നു.”

    ഇമാം അഹ്‌മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ) തുടങ്ങി പ്രമുഖർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ ത്വൽഹ(റ) തന്റെ ഭാര്യ ഉമ്മു സുലൈമി(റ)നോട് പറഞ്ഞു: തിരുനബിﷺയുടെ ശബ്ദം വളരെ ക്ഷീണിച്ചതായി എനിക്ക് തോന്നി, അതിൽ വിശപ്പിന്റെ ലക്ഷണങ്ങൾ ഞാൻ കാണുന്നു. നിന്റെ അടുക്കൽ കഴിക്കാൻ വല്ലതുമുണ്ടോ?” അവർ പറഞ്ഞു: “എന്റെ അടുക്കൽ അല്പം ബാർലി /യവം മാത്രമേയുള്ളൂ.” അദ്ദേഹം പറഞ്ഞു: “എങ്കിൽ അത് കുഴച്ച് പാകം ചെയ്യുക, നമുക്ക് തിരുനബിﷺയെ ഭക്ഷണത്തിന് ക്ഷണിക്കാം.”

    അവർ അത് കുഴച്ച് റൊട്ടിയുണ്ടാക്കി. ശേഷം അബൂ ത്വൽഹ(റ) അനസി(റ)നോട് പറഞ്ഞു: “നീ പോയി തിരുനബിﷺയെ വിളിച്ചു വരിക.” അനസ്(റ) പറയുന്നു: ഞാൻ പള്ളിയിൽ ചെന്നപ്പോൾ തിരുനബിﷺ അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. എൺപതിലധികം ആളുകൾ അവിടെയുണ്ടായിരുന്നു. തിരുനബിﷺ ചോദിച്ചു: “അബൂ ത്വൽഹ(റ) നിന്നെ അയച്ചതാണോ?” ഞാൻ പറഞ്ഞു: “അതെ.” അപ്പോൾ അവിടുന്ന് കൂടെയുള്ളവരോട് പറഞ്ഞു: “എല്ലാവരും എഴുന്നേൽക്കൂ നമുക്ക് പോകാം…………”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...