Tweet 1285

    Tweet 1285
    December 20, 2025 • Saturday
    Post Header

    അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് വരികയും ഇപ്രകാരം പറയുകയും ചെയ്തു.
    “ശ്രദ്ധിക്കുക, നിങ്ങളാരും എന്റെ അനുചരന്മാരെ കുറിച്ച് യാതൊരു പരാതിയും എന്നെ അറിയിക്കരുത്. കാരണം, നിങ്ങളിലേക്ക് ഞാൻ കടന്നുവരുമ്പോൾ എല്ലാവരെയും കുറിച്ച് ശുദ്ധമായ മനസ്സോടു കൂടി വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
    തുടർന്ന് ഇബ്നു മസ്ഊദ്(റ) പറഞ്ഞു: ഒരിക്കൽ തിരുനബിﷺയുടെ അടുത്ത് കുറച്ച് ധനം വന്നു. അവിടുന്ന് അത് വിതരണം ചെയ്തു. അപ്പോൾ രണ്ടുപേർ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഇതൊരു നീതിപൂർവ്വമായ വിതരണമല്ല, ഇതിൽ അല്ലാഹുവിന്റെ പ്രീതിയോ പരലോകമോ ലക്ഷ്യം വെച്ചിട്ടില്ല!”

    ഞാൻ അവർ പറഞ്ഞത് ശ്രദ്ധിച്ചു. പിന്നീട് തിരുനബിﷺയുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അങ്ങ് പറഞ്ഞിരുന്നല്ലോ! നിങ്ങളാരും എന്റെ അനുചരന്മാരെ കുറിച്ച് ഒന്നും എന്നോട് പറയരുത്, നിങ്ങളിലേക്ക് ശുദ്ധമനസ്സോടെ വരാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്. എന്നാൽ ഇന്നയിന്ന ആളുകൾ ഇപ്രകാരം പറയുന്നത് ഞാൻ കേൾക്കാനിടയായി.”
    ഇതു കേട്ടപ്പോൾ തിരുനബിﷺയുടെ മുഖം ചുവന്നു. തുടർന്ന് പറഞ്ഞു: “നീ എന്നെ വിടുക അഥവാ ഇക്കാര്യം എന്നോട് പറയേണ്ടതില്ലായിരുന്നു. തീർച്ചയായും മൂസാ നബി(അ) ഇതിനേക്കാൾ കൂടുതൽ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്, എന്നിട്ടും അദ്ദേഹം ക്ഷമിച്ചു.”

    ഹിജ്‌റ എട്ടാം വർഷം നടന്ന ഹുനൈൻ യുദ്ധത്തിന് ശേഷം ലഭിച്ച യുദ്ധമുതലുകൾ വിതരണം ചെയ്യുന്ന സന്ദർഭത്തിലാണ് ഈ സംഭവമുണ്ടായത്.

    ഇസ്‌ലാമിലേക്ക് പുതുതായി വന്നവരുടെയും ഗോത്രത്തലവന്മാരുടെയും മനസ്സുകളെ ഇസ്‌ലാമിൽ ഉറപ്പിച്ചു നിർത്താനായി പ്രവാചകൻﷺ അവർക്ക് കൂടുതൽ വിഹിതം നൽകി. ഉദാഹരണത്തിന്, അഖ്‌റഅ് ബിൻ ഹാബിസ്(റ), ഉയൈന ബിൻ ഹിസ്‌ൻ(റ) എന്നിവർക്ക് നൂറുവീതം ഒട്ടകങ്ങളെ നൽകി.

    വിശ്വാസത്തിൽ മുന്നിലുണ്ടായിരുന്ന പലരെക്കാളും മുൻഗണന ഇവർക്ക് നൽകുന്നത് കണ്ടപ്പോൾ ഒരാൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഈ വിതരണത്തിൽ നീതി പുലർത്തപ്പെട്ടിട്ടില്ല, ഇതിൽ അല്ലാഹുവിന്റെ പ്രീതിയല്ല ലക്ഷ്യം വെച്ചിട്ടുള്ളത്”എന്ന്. പ്രവാചകന്റെﷺ അസാന്നിധ്യത്തിൽ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് കേട്ട അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) അത് തിരുനബിﷺയെ അറിയിക്കാൻ തീരുമാനിച്ചു. അതുപ്രകാരം അദ്ദേഹം നബി സന്നിധിയിൽ വിവരം പറഞ്ഞു. ഇതുകേട്ടപ്പോൾ തിരുനബിﷺയുടെ മുഖം ചുവന്നു. അവിടുന്ന് ചോദിച്ചു: “അല്ലാഹുവും അവന്റെ റസൂലുംﷺ നീതി കാണിച്ചില്ലെങ്കിൽ പിന്നെ ആരാണ് നീതി കാണിക്കുക?” അഥവാ അവിടുന്ന് ചെയ്യുന്നത് അല്ലാഹുവിന്റെ കൽപ്പന പ്രകാരമാണെന്ന് വ്യക്തമാക്കി പറഞ്ഞു. പിന്നീട് അവിടുന്ന് മൂസാ നബി(അ)യെ അനുസ്മരിച്ചു: “അല്ലാഹു മൂസാനബി(അ)യെ അനുഗ്രഹിക്കട്ടെ! അവിടുന്ന് ഇതിനേക്കാൾ വലിയ പ്രയാസങ്ങൾ നേരിട്ടിട്ടും ക്ഷമിച്ചു.” മുൻഗാമികളായ പ്രവാചകന്മാരുടെ ക്ഷമയെ മാതൃകയാക്കുകയായിരുന്നു പ്രവാചകൻﷺ.

    തിരുനബിﷺയുടെ സാമൂഹിക സഹവാസങ്ങളിൽ കാത്തുസൂക്ഷിച്ചിരുന്ന മനോഹരമായ മനോവിചാരത്തെ അടയാളപ്പെടുത്തുന്ന പരാമർശങ്ങളാണിത്. ഉറ്റവരെ കുറിച്ചും ഉടയവരെ കുറിച്ചും എപ്പോഴും നല്ലതു മാത്രം കേൾക്കാനും എപ്പോഴുമുള്ള സഹവാസങ്ങൾ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കാനും അവിടുന്ന് ആഗ്രഹിച്ചു. അതിന് ഭംഗം വരുന്ന എല്ലാ നിലപാടുകളെയും മാറ്റിവെച്ചു. നമ്മുടെ മനോവിചാരങ്ങളെ മാലിന്യങ്ങളില്ലാതെ കാത്തുസൂക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...