
അംറ് ഇബ്നു ശുഐബ്(റ)വിൽ നിന്ന് നിവേദനം.
ബനൂ മുദ്ലജ് ഗോത്രക്കാരനായ ഖതാദ എന്ന് പേരുള്ള ഒരാൾ തൻ്റെ മകനെ വാളുകൊണ്ട് എറിഞ്ഞു അല്ലെങ്കിൽ വെട്ടി. അത് അവൻ്റെ കാൽമുട്ടിനോ കണങ്കാലിനോ കൊണ്ടു. ആ മുറിവിൽ നിന്ന് പഴുപ്പ് ബാധിച്ച് അവൻ മരിച്ചുപോയി. അപ്പോൾ സുറാഖത്ത് ഇബ്നു മാലിക് ജഅ്ശാം, ഉമറുബ്നുൽ ഖത്ത്വാബ്(റ)വിൻ്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം ഈ വിവരം ഉമറി(റ)നെ അറിയിച്ചു. ഉമർ(റ) അദ്ദേഹത്തോട് പറഞ്ഞു: “ഞാൻ നിൻ്റെ അടുത്തേക്ക് വരുന്നതുവരെ ‘ഖുദൈദി’ലെ വെള്ളത്തിന് അടുത്ത് വെച്ച് നൂറ്റിയിരുപത് ഒട്ടകങ്ങളെ എണ്ണുക.”
ഉമർ(റ) അദ്ദേഹത്തിൻ്റെ അടുത്തേക്ക് വന്നപ്പോൾ, ആ ഒട്ടകങ്ങളിൽ നിന്ന് മുപ്പത് ‘ഹിഖ്ഖഃ’ ഒട്ടകങ്ങളെയും, മുപ്പത് ‘ജദ്അഃ’ ഒട്ടകങ്ങളെയും, നാൽപ്പത് ‘ഖലഫഃ’ ഒട്ടകങ്ങളെയും എടുത്തു. എന്നിട്ട് അദ്ദേഹം ചോദിച്ചു: “കൊല്ലപ്പെട്ടവൻ്റെ സഹോദരൻ എവിടെ?”
അയാൾ പറഞ്ഞു: “ഇതാ ഞാനിവിടെ.”
അപ്പോൾ ഉമർ(റ) പറഞ്ഞു: ഇത് നീ എടുക്കുക. കാരണം, നബിﷺ പറയുകയുണ്ടായി: ”കൊലപാതകിക്ക് അവകാശമായി ഒന്നും ഇല്ല.”
പരിശുദ്ധമായ ശരീഅത്ത് അനന്തരാവകാശ കാര്യങ്ങൾ വ്യവസ്ഥാപിതമാക്കുകയും അനന്തരാവകാശം നേടുന്നതിനുള്ള കാരണങ്ങൾ, ഓരോ അവകാശിക്കും ലഭിക്കേണ്ട വിഹിതങ്ങൾ എന്നിവ വ്യക്തമാക്കുകയും ചെയ്തതുപോലെ, അതിൻ്റെ തടസ്സങ്ങളെയും വിശദീകരിച്ചിട്ടുണ്ട്.
അനന്തരാവകാശം ലഭിക്കുന്നതിൽ നിന്നുള്ള തടസ്സങ്ങളിൽ ഒന്നാണ്, അവകാശി, തനിക്ക് അനന്തരം നൽകേണ്ട വ്യക്തിയെ കൊല്ലുന്നത്.
കൊലപാതകത്തിൻ്റെ വിവിധ രൂപങ്ങൾ മുന്നിൽവെച്ച് ചില പണ്ഡിതന്മാർ ഈ ഹദീസിനെ പൊതുവായി തന്നെ പരിഗണിച്ചിട്ടുണ്ട്. അതിനാൽ, കൊലപാതകം കരുതിക്കൂട്ടിയുള്ളതായാലും അഥവാ അംദൻ അർദ്ധ-കരുതിക്കൂട്ടിയുള്ളതായാലും ഷിബ്ഹ് അംദ്, അബദ്ധവശാൽ സംഭവിച്ചതായാലും കൊലയാളി അനന്തരാവകാശിയാവുകയില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിൽ കൊലയാളിക്ക് അനന്തരാവകാശം ഇല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് അഥവാ ഏകാഭിപ്രായമുണ്ട്. അബദ്ധവശാലുള്ള കൊലപാതകത്തിൽ കൊലയാളിക്ക് അനന്തരാവകാശം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്.
നിയമം നടപ്പാക്കുന്നതിലെ യുക്തി
അനന്തരാവകാശം നിഷേധിക്കപ്പെടുന്നത് കൊലപാതകിക്കുള്ള ശിക്ഷയാണ്. ഇതിലൂടെ, ആളുകൾ അനന്തരാവകാശം പെട്ടെന്ന് ലഭിക്കാനായി അവരുടെ പൂർവ്വികരെ കൊല്ലുന്നതിൽ നിന്ന് പിന്തിരിയുന്നു.
ഇത്തരമൊരു കൊലപാതകം വഴി ഒരു വ്യക്തി എത്ര മാരകമായ കുറ്റങ്ങളിലേക്കാണ് ചെന്ന് പെടുന്നത്. സാധാരണ ഒരു വ്യക്തിയെ കൊല്ലുന്നതിനപ്പുറം നിഷിദ്ധമായ കൊലപാതക കുറ്റവും കുടുംബബന്ധ വിച്ഛേദവും ബന്ധങ്ങളിൽ പാലിക്കേണ്ട മൂല്യവും എല്ലാം ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്.
തിരുനബിﷺയുടെ വിധി ന്യായങ്ങളിൽ നിന്ന് ഏതാനും ചില ഉദാഹരണങ്ങളാണ് നാം വായിച്ചത്. ഇസ്‌ലാമിക ക്രിമിനോളജിയുടെയും കുറ്റവും ശിക്ഷയും അധ്യായത്തിലെ ഇസ്‌ലാമിക വീക്ഷണങ്ങളുടെയും ലളിതമായ ചില ആമുഖങ്ങൾ മാത്രമാണിത്. സമാനതകൾ ചേർത്ത് വായിച്ചും ഇത്തരം സംഭവങ്ങളുടെയും വിധികളുടെയും നിദാനങ്ങൾ വിലയിരുത്തിയും ഓരോ കാലത്തെയും പ്രശ്നങ്ങൾക്ക് പരിഹാരങ്ങളിലേക്ക് എത്താൻ കഴിയും. അത്തരം വികസിതമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടാണ് ലോകത്തെവിടെയുമുള്ള കോടതികളിൽ പ്രശ്നങ്ങളുടെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തെ വായിച്ചു കൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
