Tweet 1241

    Tweet 1241
    November 6, 2025 • Thursday
    Post Header

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സഹ്‌ലും(റ) മുഹയ്യീസത്തും(റ) തങ്ങൾക്കുണ്ടായ പട്ടിണി കാരണം ഖൈബറിലേക്ക് പുറപ്പെട്ടു. അപ്പോൾ മുഹയ്യീസത്തി(റ)ന് വിവരം ലഭിച്ചു. അബ്ദുല്ലാഹ്(റ) കൊല്ലപ്പെടുകയും ഒരു കിണറ്റിലോ ജലാശയത്തിലോ എറിയപ്പെടുകയും ചെയ്തിരിക്കുന്നു.
    അദ്ദേഹം ജൂതന്മാരുടെ സമീപത്ത് ചെന്ന് പറഞ്ഞു: “അല്ലാഹു സത്യം! നിങ്ങൾ തന്നെയാണ് അവനെ കൊന്നത്.” അവർ പറഞ്ഞു: “അല്ലാഹു സത്യം, ഞങ്ങൾ അവനെ കൊന്നിട്ടില്ല.” തുടർന്ന് മുഹയ്യീസത്ത്(റ) തൻ്റെ ഗോത്രക്കാരുടെ അടുത്തേക്ക് മടങ്ങിയെത്തി. അവരോട് വിവരങ്ങൾ പറഞ്ഞു.
    ശേഷം അദ്ദേഹവും അദ്ദേഹത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ ഹുവയ്യീസത്തും(റ) അബ്ദുറഹ്മാൻ ബ്നു സഹ്‌ലും(റ) കൂടി തിരുനബിﷺയുടെ അടുത്തേക്ക് വന്നു.
    അപ്പോൾ, ഖൈബറിൽ ഉണ്ടായിരുന്നയാൾ എന്ന നിലയിൽ അബ്ദുറഹ്മാൻ ബ്നു സഹ്‌ൽ(റ) സംസാരിക്കാൻ തുടങ്ങി. അപ്പോൾ നബിﷺ മുഹയ്യീസത്തി(റ)നോട് പറഞ്ഞു: “പ്രായമുള്ളവർ സംസാരിക്കട്ടെ! പ്രായമുള്ളവർ സംസാരിക്കട്ടെ! അഥവാ മുതിർന്നവർ ആദ്യം സംസാരിക്കട്ടെ എന്ന്. അങ്ങനെ ഹുവയ്യീസത്ത്(റ) സംസാരിച്ചു, പിന്നീട് മുഹയ്യീസത്തും(റ) സംസാരിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ പറഞ്ഞു: “ഒന്നുകിൽ അവർ നിങ്ങളുടെ കൂട്ടുകാരൻ്റെ കൊലയ്ക്ക് ദിയത്ത് അഥവാ ബ്ലഡ് മണി നൽകണം. അല്ലെങ്കിൽ, യുദ്ധത്തിന് തയ്യാറെടുക്കാൻ സമ്മതം നൽകണം.”

    തുടർന്ന് അല്ലാഹുവിൻ്റെ റസൂൽﷺ ജൂതന്മാർക്ക് ഇക്കാര്യം എഴുതി അറിയിച്ചു. അതിന് മറുപടിയായി അവർ എഴുതി: “ഞങ്ങൾ അവനെ കൊന്നിട്ടില്ല.”
    അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ ഹുവയ്യീസത്തി(റ)നോടും മുഹയ്യീസത്തി(റ)നോടും അബ്ദുറഹ്മാനോ(റ)ടും ചോദിച്ചു: “നിങ്ങൾ സത്യം ചെയ്ത് നിങ്ങളുടെ കൂട്ടുകാരൻ്റെ രക്തത്തിന് അർഹരാവുകയാണോ?” അവർ പറഞ്ഞു: “ഇല്ല.”
    അവിടുന്ന് ചോദിച്ചു: “എങ്കിൽ ജൂതന്മാർ നിങ്ങൾക്കുവേണ്ടി സത്യം ചെയ്യട്ടെയോ?”
    അവർ പറഞ്ഞു: “അവർ മുസ്‌ലിംകളല്ലല്ലോ! അവരുടെ സത്യം ഞങ്ങൾ എങ്ങനെ സ്വീകരിക്കും.”
    അങ്ങനെ അല്ലാഹുവിൻ്റെ റസൂൽﷺ സ്വന്തം നിലയിൽ അദ്ദേഹത്തിന് നൂറ് ഒട്ടകങ്ങൾ ദിയത്തായി നൽകി. അത് അവരുടെ വീട്ടുമുറ്റത്ത് വരെ എത്തിച്ചു. സഹ്ൽ(റ) പറഞ്ഞു: “അതിൽപ്പെട്ട ഒരൊട്ടകം എന്നെ ചവിട്ടുകയുണ്ടായി.”

    തിരുനബിﷺ നമുക്ക് മതനിയമങ്ങൾ പഠിപ്പിച്ചു തന്നതുപോലെതന്നെ മര്യാദകളും പഠിപ്പിച്ചു തന്നു. അവിടുന്ന് അത് തൻ്റെ അനുചരന്മാരുമായും അക്കാലത്ത് ജീവിച്ചിരുന്ന അമുസ്‌ലിംകളുമായും ജീവിത സാഹചര്യങ്ങളിൽ പ്രാവർത്തികമാക്കുകയും ചെയ്തു.
    ഈ ഹദീസിൽ, റാഫിഅ് ബ്നു ഖദീജ്(റ), സഹ്ൽ ബ്നു അബീ ഹഥ്മ(റ) എന്നിവർ നിവേദനം ചെയ്യുന്നതിങ്ങനെയാണ്.
    അബ്ദുല്ലാഹിബ്നു സഹ്‌ലും(റ) മുഹയ്യീസത്തുബ്നു മസ്ഊദും(റ) അവർക്കാവശ്യമായ ഒരു കാര്യത്തിനുവേണ്ടി ഖൈബറിലേക്ക് പോയി. ഖൈബർ എന്നത്, അന്ന് ജൂതന്മാർ താമസിച്ചിരുന്ന, കോട്ടകളും കൃഷിയിടങ്ങളുമുള്ള ഒരു വലിയ ഗ്രാമമായിരുന്നു. അത് മദീനയിൽ നിന്ന് ഏകദേശം 173 കിലോമീറ്റർ അകലെ ശാമിന്റെ ദിശയിലായിരുന്നു. അങ്ങനെ, അബ്ദുല്ലാഹിബ്നു സഹ്‌ലും(റ) മുഹയ്യീസത്തും(റ) ഈത്തപ്പഴത്തോട്ടത്തിൽവെച്ച് പരസ്പരം പിരിഞ്ഞുപോയി. അപ്പോൾ അബ്ദുല്ലാഹിബ്നു സഹ്‌ൽ(റ) കൊല്ലപ്പെട്ടു. മുഹയ്യീസത്ത്(റ) അദ്ദേഹത്തെ കഴുത്ത് ഒടിഞ്ഞ്, രക്തത്തിൽ പിടഞ്ഞു കിടക്കുന്ന നിലയിൽ ഒരു ജലാശയത്തിന് സമീപം കിടക്കുന്നതായാണ് കണ്ടത്. കൊല്ലപ്പെട്ട അബ്ദുല്ലാഹിബ്നു സഹ്‌ലി(റ)ൻ്റെ സഹോദരൻ അബ്ദുറഹ്മാൻ ബ്നു സഹ്‌ലും(റ) മസ്ഊദി(റ)ൻ്റെ മക്കളായ ഹുവയ്യീസത്തും(റ) അദ്ദേഹത്തിൻ്റെ സഹോദരൻ മുഹയ്യീസത്തും(റ) തിരുനബിﷺ യുടെ അടുത്തേക്ക് ചെന്നു. അവർ മൂന്നുപേരും തങ്ങളുടെ കൂട്ടുകാരൻ അഥവാ കൊല്ലപ്പെട്ട അബ്ദുല്ലാ(റ)യുടെ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...