
ന്യായവിധിയുടെയും വിധികൽപ്പനകളുടെയും അദ്ധ്യായങ്ങൾ വായിച്ചു പോകുമ്പോൾ അലിയ്യ് ബിനു അബീത്വാലിബി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെ വായിക്കാം.
തിരുനബിﷺ എന്നെ യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ഒരു ഗോത്രത്തെ കണ്ടു. അവർ സിംഹത്തിനായി ഒരു കുഴി അഥവാ കെണി ഉണ്ടാക്കി അതിനെ പിടിച്ചിരുന്നു.
അവർ ആ കുഴിയുടെ അടുത്തേക്ക് തള്ളിക്കയറി നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ, ഒരാൾ അതിലേക്ക് വീണു. അയാൾ മറ്റൊരാളിൽ പിടിച്ചുതൂങ്ങി. അയാൾ വേറൊരാളിലും പിടിച്ചുതൂങ്ങി. അങ്ങനെ നാലുപേർ ആ കുഴിയിലായി. സിംഹം അവരെയെല്ലാം മുറിവേൽപ്പിച്ചു. അവർ നാലുപേരും മരിച്ചുപോയി. അപ്പോൾ ഒരാൾ ഒരു കുന്തവുമായി വന്ന് ആ സിംഹത്തെ കൊന്നു.
അവർ നാലുപേരും മുറിവേറ്റാണ് മരിച്ചത്.
മരിച്ചവരിൽ ആദ്യത്തെയാൾ ഒഴികെയുള്ള മൂന്ന് പേരുടെ രക്ഷകർത്താക്കൾ ആദ്യത്തെ ആളുടെ രക്ഷകർത്താക്കളുടെ അടുക്കൽ വന്നു, എന്നിട്ട് പറഞ്ഞു: ”ഞങ്ങളുടെ ആൾക്ക് നഷ്ടപരിഹാരം നൽകുക.” ഇതോടെ അവർ പരസ്പരം ആയുധമെടുത്തു പോരടിക്കാൻ തുടങ്ങി. ഈ സമയം അലിയ്യ്(റ) അവരുടെ അടുക്കൽ വന്നു പറഞ്ഞു: ”നിങ്ങൾ പരസ്പരം പോരടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അല്ലാഹുവിൻ്റെ റസൂൽﷺ ജീവിച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ അടുത്തുമുണ്ട്. നിങ്ങൾ പോരടിക്കുകയാണെങ്കിൽ, നിങ്ങൾ ഭിന്നിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെ കൊല്ലേണ്ടിവരും. ഞാൻ നിങ്ങൾക്കിടയിൽ വിധി കൽപ്പിക്കാം. നിങ്ങൾ തൃപ്തരാണെങ്കിൽ, അത് തന്നെയാകട്ടെ വിധി. അല്ലെങ്കിൽ, നിങ്ങൾ തിരുനബിﷺയുടെ അടുക്കൽ പോകുന്നതുവരെ പരസ്പരം പ്രശ്നങ്ങളുണ്ടാവരുത്. അവിടുന്ന് നിങ്ങൾക്കിടയിൽ വിധി കൽപ്പിക്കട്ടെ. അതിനുശേഷം നിങ്ങളിൽ ആരെങ്കിലും അതിക്രമം കാണിച്ചാൽ അവന് യാതൊരു അവകാശവുമില്ല.”
കുഴി കുഴിച്ച ഗോത്രങ്ങളിൽ നിന്ന് ദിയത്ത് അഥവാ നഷ്ടപരിഹാരം ശേഖരിക്കുക. കാൽ ദിയത്തും, മൂന്നിലൊന്ന് ദിയത്തും, പകുതി ദിയത്തും, മുഴുവൻ ദിയത്തും എന്നിങ്ങനെ ഒരു ക്രമത്തിലാണ് ശേഖരിക്കേണ്ടത്. ”ഒന്നാമത്തെയാൾക്ക് കാൽ ദിയത്താണ്, കാരണം അവൻ്റെ മുകളിൽ നിന്ന് മൂന്ന് പേർ മരിച്ചു. രണ്ടാമത്തെയാൾക്ക് മൂന്നിലൊന്ന് ദിയത്ത്, കാരണം അവൻ്റെ മുകളിൽ നിന്ന് രണ്ട് പേർ മരിച്ചു. മൂന്നാമത്തെയാൾക്ക് പകുതി ദിയത്ത്, കാരണം അവൻ്റെ മുകളിൽ നിന്ന് ഒരാൾ മരിച്ചു. നാലാമത്തെയാൾക്ക് മുഴുവൻ ദിയത്തും.”
അലി(റ)യുടെ ഈ വിധിപ്രസ്താവം അവർക്ക് തൃപ്തി വന്നില്ല. അവർ നബിﷺയുടെ അടുക്കൽ ചെന്നു. മഖാമു ഇബ്രാഹീമിൻ്റെ അടുത്ത് വെച്ച് അവിടുത്തെ കണ്ടുമുട്ടി. എന്നിട്ട് അവർ കഥ മുഴുവൻ വിവരിച്ചു.
അപ്പോൾ നബിﷺ പറഞ്ഞു: ”ഞാൻ നിങ്ങൾക്കിടയിൽ വിധി കൽപ്പിക്കാം.” അവിടുന്ന് തൻ്റെ പുടവ ചുറ്റിയിട്ട് ഇരുന്നു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു: ”അലിയ്യ്(റ) ഞങ്ങൾക്കിടയിൽ വിധി കൽപ്പിച്ചിട്ടുണ്ട്.” തുടർന്ന് അവർ അലിയ്യ്(റ)യുടെ വിധി തിരുനബിﷺയെ വിവരിച്ചു കേൾപ്പിച്ചപ്പോൾ, നബിﷺ അത് അംഗീകരിച്ചു.”
വേറിട്ട സന്ദർഭങ്ങളിൽ ആലോചിക്കാനും ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് വിധികല്പന നടത്താനും യോഗ്യരായ മുജ്തഹിദുകളായിരുന്നു സ്വഹാബികൾ. അത്തരമൊരു ഗവേഷണസ്വാതന്ത്ര്യത്തെ അതിവിദഗ്ധമായി പ്രയോഗിച്ച അലി(റ)യുടെ വിധിപ്രസ്താവത്തെ തിരുനബിﷺ അംഗീകരിക്കുകയായിരുന്നു. ഈ സംഭവം സമാനമായ സന്ദർഭങ്ങളിൽ ആലോചിക്കാനും ഇടപെടാനുമുള്ള വലിയൊരു കരുത്തായിരുന്നു വൈജ്ഞാനിക നിരീക്ഷണ ലോകത്തിന് തിരുനബിﷺ നൽകിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
