Tweet 1168

    Tweet 1168
    August 25, 2025 • Monday
    Post Header

    കുടുംബ ബന്ധം ചേർക്കുക വഴി ഭൗതികമായ നേട്ടങ്ങളുമുണ്ടാകും എന്നറിയിക്കുന്ന ഹദീസുകളുമുണ്ട്. ഇമാം ബുഖാരി(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബി ﷺ പറഞ്ഞു. ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ!
    ഇതേ ആശയത്തിൽ തന്നെ ഇമാം അഹ്മദ്(റ) മുസ്നദിൽ ഉദ്ധരിച്ച ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. ആയുസ്സിൽ വർദ്ധനവ് ലഭിക്കാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആഗ്രഹിക്കുന്നവർ അവരുടെ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ! കുടുംബബന്ധം പുല൪ത്തുകയും ചെയ്തുകൊള്ളട്ടെ!
    ഇമാം ബുഖാരി(റ) അദബുല്‍ മുഫ്‌റദിൽ നിവേദനം ചെയ്യുന്നത് അല്പം വ്യത്യാസത്തോടെയാണ്. അബ്ദുല്ലാഹ് ബ്‌നു ഉമർ(റ) ഇപ്രകാരം പ്രസ്താവിച്ചിരുന്നു. ‘അല്ലാഹുവിനെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചുകൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും’.
    കുടുംബത്തിനുവേണ്ടി വ്യയം ചെയ്യുന്ന സമ്പാദ്യത്തെക്കുറിച്ച് തിരുനബിﷺയുടെ പ്രസ്താവന ഇപ്രകാരമാണ്. അല്ലയോ പ്രവാചകരെﷺ, അവര്‍ തങ്ങളോട് ചോദിക്കുന്നു. അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്‌. അവിടുന്ന് പറയുക. നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും വേണ്ടിയാണ് ചെയ്യേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും നിശ്ചയം അല്ലാഹു അതറിയുന്നവനാകുന്നു. പരിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 215 ആം സൂക്തത്തിൻ്റെ പ്രാഥമിക ആശയമാണ് പകർത്തിയത്.
    ഇമാം ബുഖാരി(റ) ഇബ്നു മസ്‌ഊദില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇത് ദാനധർമമാണെന്ന് തെളിച്ച് പറയുന്നു. തിരുനബിﷺ പ്രസ്താവിച്ചു. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്താല്‍ അതവന് ദാനധര്‍മമാണ്‌.
    നാളെ പരലോകത്ത് കടന്നുപോകുന്ന പ്രധാനപ്പെട്ട കടമ്പയാണ് സ്വിറാത്. ഈ കടമ്പയും കുടുംബബന്ധവും ചേർത്തുവച്ചുകൊണ്ട് വളരെ ശ്രദ്ധേയമായ ഒരു ഹദീസ് സന്ദേശമുണ്ട്. തിരുനബിﷺ പറഞ്ഞു. അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ് അല്ലെങ്കിൽ മുറിച്ചവനാണ് എന്നിങ്ങനെ ഓരോരുത്തരെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കും.
    പാരത്രിക മോക്ഷത്തിന്റെയും പരാജയത്തിന്റെയും കാരണങ്ങളായി കുടുംബബന്ധം ചേർക്കുന്നതിനെയും മുറിക്കുന്നതിനെയും വളരെ ഗൗരവതരമായും പ്രാധാന്യത്തോടെയും അറിയിക്കുന്ന സന്ദേശമാണല്ലോ ഇത്.
    കുടുംബ ബന്ധം വിച്ഛേദിക്കുന്നതിന്റെയും അത് പുലർത്താൻ താല്പര്യപ്പെടാത്തതിൻ്റെയും അപകടം സൂചിപ്പിച്ചുകൊണ്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അനസുബ്നു മാലിക്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങൾ പരസ്‌പരം പകയും അസൂയയും വെച്ച് പുലർത്തരുത്. കുടുംബബന്ധം വിഛേദിച്ച് പരസ്‌പരം തിരിഞ്ഞു കളയുകയും ചെയ്യരുത്. പരസ്പരം അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിക്കുക. ഒരു മുസ്‌ലിം തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കുവാൻ പാടില്ലാത്തതാകുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...