Tweet 1160

    Tweet 1160
    August 17, 2025 • Sunday
    Post Header

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഞങ്ങൾ ഭാര്യമാർക്കൊപ്പം താമസിക്കുന്നതിൽ തിരുനബിﷺ ഒരാളിൽ നിന്ന് മറ്റൊരാളെ പ്രത്യേകം പരിഗണിച്ചിരുന്നില്ല. ഒറ്റപ്പെട്ട ദിവസങ്ങളിൽ ഒരേ ദിവസം തന്നെ തിരുനബിﷺ എല്ലാവരെയും സന്ദർശിച്ചെന്നിരിക്കും. എന്നാൽ അന്നത്തെ വീതം നൽകപ്പെട്ടവരുടെ അടുക്കൽ അല്ലാതെ താമസിക്കുകയില്ല. സൗദ(റ)ക്ക് പ്രായം ഏറെയായപ്പോൾ സൗദ(റ)യുടെ ദിവസം കൂടി എനിക്ക് തന്നു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, എൻ്റെ ദിവസം കൂടി ആഇശ(റ)യോടൊപ്പം അവിടുന്ന് താമസിച്ചോളൂ. തിരുനബിﷺ അത് അംഗീകരിച്ചു.
    ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ ഭാര്യമാർക്കിടയിൽ നറുക്കിടും ആരുടെ നറുക്കാണോ വീഴുന്നത് അവരെ യാത്രയിൽ ഒപ്പം കൂട്ടും. അനുബന്ധമായി ബുഖാരി(റ) എഴുതുന്നു. ഓരോ ഭാര്യമാർക്കും അവരുടെ രാവും പകലും തിരുനബിﷺ പകുത്തു വെച്ചിരുന്നു. എന്നാൽ സൗദ(റ) അവരുടെ രാവും പകലും ആഇശ(റ)ക്ക് നൽകി. തിരുനബിﷺയുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
    ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ രോഗത്തിൽ കിടക്കുമ്പോൾ അവിടുന്ന് ചോദിച്ചു. നാളെ ഞാൻ ആരുടെ കൂടെയാണ്? ആഇശ(റ)യോടൊപ്പമുള്ള ദിവസം ആയോ എന്ന അർഥത്തിൽ രണ്ടാമതും ചോദിച്ചു. തിരുനബിﷺയുടെ താല്പര്യം പോലെ ആകാം എന്ന് എല്ലാ ഭാര്യമാരും ഒത്തു സമ്മതിച്ചു. ശേഷം തിരുനബിﷺ വിയോഗം തേടുന്നതുവരെ മഹതിയുടെ വീട്ടിലായിരുന്നു. എന്നാൽ ആഇശ(റ) തുടർന്ന് പറയുന്നു. തിരുനബിﷺ വഫാത്തായത് എൻ്റെ ഊഴത്തിലുള്ള ദിവസത്തിൽ എൻ്റെ അടുത്തു വച്ചായിരുന്നു.
    തിരുനബിﷺ ഒൻപത് പത്നിമാരോടൊപ്പം ഒരുമിച്ച് ജീവിച്ചു. എല്ലാവരും നബിﷺ നിശ്ചയിച്ചു കൊടുത്ത ഊഴത്തിലും അവകാശങ്ങളിലും സംതൃപ്തരായിരുന്നു. ഒരിക്കൽ ആഇശ(റ)യുടെ വീട്ടിൽ ഉള്ളപ്പോൾ സൈനബ്(റ) അവിടേക്ക് വന്നു. തിരുനബിﷺ അവരുടെ സമീപത്തേക്ക് കൈനീട്ടിയപ്പോൾ അത് സൈനബ്(റ) ആണെന്ന് ആഇശ(റ) പറഞ്ഞു. തിരുനബിﷺ കൈ പിന്നോട്ടുവലിച്ചു.
    തിരുനബിﷺയുടെ ഓരോ വിവാഹത്തിന്റെയും പരിസരങ്ങളും കാരണങ്ങളും നേരത്തെ നമ്മൾ വായിച്ചു പോയിട്ടുണ്ട്. 9 പത്നിമാരോടൊപ്പം താമസിക്കുകയും എല്ലാവരും തിരുനബിﷺയോടൊപ്പം തന്നെ ജീവിതം തിരഞ്ഞെടുക്കുകയും എല്ലാവരും സംതൃപ്തിയോടുകൂടി നബിﷺയെ ഹൃദയത്തിൽ ഏറ്റുകയും ചെയ്തു എന്നത് ചരിത്രാവതരണത്തിന്റെ പൂർണ്ണതയിൽ വായിച്ചെടുക്കേണ്ട ആശ്ചര്യകരമായ യാഥാർത്ഥ്യമാണ്. നിങ്ങൾ ഓരോരുത്തർക്കും ഭൗതികമായ ഏതു വിഭവങ്ങളും സ്വീകരിച്ചു നിങ്ങളുടെ സ്വതന്ത്ര ലോകത്തേക്ക് പോകാം എന്ന തിരുനബിﷺ അവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ അവരിൽ ആരും അത് തെരഞ്ഞെടുത്തില്ല. തിരുനബിﷺയുടെ പത്നിപഥത്തിൽ തന്നെ തുടരാനായിരുന്നു അവരെല്ലാവരും തീരുമാനിച്ചത്.
    തിരുനബിﷺയുടെ പത്നിമാരിൽ ഒരാളെയും ബലാൽക്കാരമായ വിവാഹം ചെയ്തതോ കൂട്ടിക്കൊണ്ടു വന്നതോ അല്ല. എല്ലാവരും പൂർണസംതൃപ്തിയോടെ സ്വീകരിക്കപ്പെട്ടവരും, സഹഭാര്യമാർ അറിഞ്ഞും സഹകരിച്ചും ജീവിച്ചവരുമായിരുന്നു. മറ്റുള്ളവർ അറിയാതെ പുതിയ പത്നിയുമായി രഹസ്യ വാസം നയിച്ചതും തിരുനബിﷺയുടെ ജീവിതത്തിലുണ്ടായില്ല.
    ഒന്നിലേറെ പത്നിമാരെ വരിച്ചവരും അവരോടൊപ്പം വസിച്ചവരുമായി ചരിത്രത്തിൽ വേറെയും ആളുകളെ വായിക്കാനുണ്ടാവും. കൃത്യമായ നീതിബോധത്തോടെയും അവകാശങ്ങൾ വകവച്ചുകൊടുത്തും മാതൃകാപരമായി ജീവിച്ച മറ്റേതെങ്കിലും ഒരു ഉദാഹരണത്തെ ലോക ചരിത്രത്തിൽ നിന്ന് എടുത്തു ഉദ്ധരിക്കാനുണ്ടോ എന്ന് ചോദിച്ചാൽ ചരിത്രത്തിന് ഉത്തരം തരാനുണ്ടാവില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...