
വിവാഹ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ”ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.” എന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്. സാധാരണയിൽ ജീവിതത്തില്‍ ഒരു തവണ മാത്രം നടക്കുന്ന ഒരു കാര്യമാണല്ലോ വിവാഹം. അതിനാല്‍ അതിനുള്ള ക്ഷണം സ്വീകരിക്കല്‍ ആവശ്യമാണ്. അതേസമയം, വലീമയില്‍ ഇസ്‌ലാമികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നു എന്നറിയുകയും എന്നാൽ തിരുത്താൻ സാധിക്കില്ല എന്ന് മനസ്സിലാക്കുകയും ചെയ്താൽ അതിൽ പങ്കെടുക്കാതിരിക്കുകയാണ് വേണ്ടത്. അതല്ല, അവകളെ തിരുത്താൻ അവസരമുണ്ടെന്നുവന്നാൽ അതിൽ സംബന്ധിക്കുകയും തിരുത്തുകയുമാണ് ഉത്തമം. ഇതാണ് പണ്ഡിതന്മാരുടെ വീക്ഷണം.
സമ്പന്നൻമാരെ മാത്രം പരിഗണിക്കുകയും സാധുക്കളെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള വലീമകൾ ഏറ്റവും മോശപ്പെട്ടതാണെന്ന് തിരുനബിﷺ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ക്ഷണിക്കുന്നവന്റെ സാമ്പത്തിക ഉറവിടം പൂർണ്ണമായും ഹലാൽ അല്ലാത്ത മാർഗത്തിലാണെങ്കിൽ അവിടുത്തെ ഭക്ഷണം കഴിക്കേണ്ടതില്ല. എന്നാൽ സമ്മിശ്രമായ സ്രോതസ്സുകളിൽ സമ്പത്ത് ലഭിക്കുന്ന ആളാണെങ്കിൽ പോകാതിരിക്കലാണ് ഉത്തമം എങ്കിലും പോകുന്നതുകൊണ്ട് വിരോധവുമില്ല. ഭക്ഷണത്തിൻ്റെ വലിപ്പച്ചെറുപ്പം നോക്കിയിട്ടാവരുത് പോകുകയും പോകാതിരിക്കുകയും ചെയ്യുന്നത്. എത്ര ലളിതമായ ഭക്ഷണത്തിലേക്കാണ് ക്ഷണിക്കപ്പെട്ടതെങ്കിലും അതിനെ മാനിക്കുക എന്നതായിരുന്നു തിരുനബിﷺയുടെ രീതി. ”ഒരു കുളമ്പിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടതെങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു” എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹാനന്തരം ഇണകൾക്കിടയിൽ ഉണ്ടായിരിക്കേണ്ട യോജിപ്പും സ്നേഹവും വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ അവതരിപ്പിച്ചത്. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങളുടെ ഈ ഇഹലോകത്ത് എനിക്ക് പ്രിയപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. സ്ത്രീകൾ അഥവാ ഭാര്യമാർ, സുഗന്ധം, നിസ്കാരത്തിൽ ലഭിക്കുന്ന ഹൃദയാനന്ദം എന്നിവയാണത്.
സ്ത്രീജന്മം ശാപമായി കണ്ടിരുന്ന ഒരുകാലത്ത് നിന്നും, നൽകിയ പെൺകുഞ്ഞിനെ ജീവനോടുകൂടെ കുഴിച്ചുമൂടിയിരുന്ന ഒരു ജനതയുടെ നടുവിൽ ഈ പ്രസ്താവനക്ക് പല മാനങ്ങളുമുണ്ട്. തിരുനബിﷺ പത്നിമാരെ എത്രമേൽ സ്നേഹിച്ചു എന്നത് മുസ്‌ലിം കുടുംബങ്ങളിൽ ഉണ്ടായിരിക്കേണ്ട ദാമ്പത്യ സ്നേഹങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃക കൂടിയാണ്.
ഈ ലോകത്തെ വിഭവങ്ങളിൽ തിരുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തൊക്കെയാണെന്ന് പ്രിയ പത്നി ആഇശ(റ) വിശദീകരിക്കുമ്പോൾ ഏറെ കൗതുകത്തോടെയും വൈകാരികവുമായാണ് സ്ത്രീകളോട് തിരുനബിﷺക്ക് ഉണ്ടായിരുന്ന പരിഗണനയും സ്നേഹവും പങ്കുവെക്കുന്നത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അത് വിശദീകരിക്കുന്നുണ്ട്.
ഒന്നിലധികം ഭാര്യമാർ ഉള്ളവർ അവർക്കിടയിൽ നീതിപുലർത്തണമെന്ന് തിരുനബിﷺ കൃത്യമായി പഠിപ്പിക്കുകയും നീതിപുലർത്തി ജീവിതത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. സമയവും വിഭവങ്ങളും സാന്നിധ്യവും അവർക്കിടയിൽ നീതിപൂർവമായി പങ്കുവെച്ചിരുന്നു. എല്ലാവരും അതിൽ സംതൃപ്തരുമായിരുന്നു. ഭൗതികമായ മാനങ്ങൾക്കപ്പുറം മൂല്യങ്ങളെയും ആത്മീയതയും ചേർത്തുപിടിച്ച ബന്ധത്തെയും പാരസ്പര്യത്തെയുമാണ് എല്ലാ മേഖലയിലും തിരുനബിﷺ പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കേവലമായ ഭൗതിക താൽപര്യങ്ങൾ മാത്രം മുന്നിൽ വച്ചുകൊണ്ടുള്ള കുടുംബബന്ധ വിശകലനങ്ങൾക്ക് നബി ജീവിതത്തിൻ്റെ ആധ്യാത്മിക അടിയൊഴുക്കുകളെ ബോധ്യപ്പെടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
