Tweet 1130

    Tweet 1130
    July 18, 2025 • Friday
    Post Header

    തിരുനബിﷺ ലോകത്തിനു മുന്നിൽ ആവിഷ്കരിച്ചത് പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ സ്മരണയിൽ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുക എന്ന ശ്രേഷ്ഠമായ ഒരു സന്ദേശത്തെയാണ്. ഉറക്കും ഉണർവും പരിശ്രമവും വിശ്രമവും എല്ലാം അല്ലാഹു നിർദ്ദേശിച്ച ചിട്ടയിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയിലും ക്രമീകരിക്കുക. അല്ലാഹുവേ നിൻ്റെ നാമത്തിലാണ് ഞാൻ ജീവിക്കുന്നതും മരിക്കുന്നതും എന്നർഥം വരുന്ന “ബിസ്മികല്ലാഹുമ്മ അഹ്യാ വ അമൂതു” എന്ന പ്രാർഥന ചൊല്ലിയിട്ടായിരുന്നു തിരുനബിﷺ ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നത്.
    ബറാഉ ബിൻ ആസിബി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ കിടക്കയിലേക്ക് ചേരാൻ ഉദ്ദേശിച്ചാൽ അല്ലാഹുമ്മ അസ്‌ലംതു നഫ്സി ഇലയ്ക…. എന്നു തുടങ്ങുന്ന പ്രത്യേക പ്രാർഥന ചൊല്ലും. എന്നിട്ട് വലതുഭാഗത്തേക്ക് ചരിഞ്ഞ് ഉറങ്ങും. അല്ലാഹുവേ എന്നെ നിനക്ക് ഞാൻ കീഴ്പ്പെടുത്തുന്നു. നിന്നിലേക്ക് ഞാൻ ലക്ഷ്യം വെക്കുന്നു. എന്റെ കാര്യങ്ങൾ എല്ലാം നിന്നെ ഏൽപ്പിക്കുന്നു. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ നിയോഗിച്ച പ്രവാചകനിലും ഞാൻ വിശ്വസിക്കുന്നു. എന്നിങ്ങനെയാണ് ആ മന്ത്രത്തിന്റെ ആശയം. തിരുനബിﷺ തുടർന്ന് പറയുന്നു. ഈ മന്ത്രം ചൊല്ലി ഉറങ്ങുന്ന ഒരാൾ ആ ഉറക്കിൽ മരണപ്പെട്ടു പോയാൽ പവിത്രമായ മരണമായിരിക്കും അയാൾക്ക് ലഭിക്കുക.
    ഈ മന്ത്രങ്ങൾക്കും ചിട്ടകൾക്കും ആത്മീയമായും മനശാസ്ത്രപരമായും ഏറെ മേന്മകളുണ്ട്. ഓരോ രാത്രിയിലും ഒരാൾ ജീവിതത്തെ മുഴുവനും സമർപ്പിക്കുന്നു. ആത്മവിചാരണ നടത്തുന്നു. എല്ലാം ഏറ്റവും സുരക്ഷിതമായ അഭയ കേന്ദ്രത്തിൽ അവതരിപ്പിക്കുന്നു. അടുത്ത പ്രഭാതം ജീവിതത്തിലേക്കാണെങ്കിലും മരണത്തിലേക്കാണെങ്കിലും വിജയം പ്രതീക്ഷിക്കാവുന്ന ഒരു കർമത്തോടെ ഉറങ്ങാൻ കിടക്കുന്നു. എത്ര ശുഭകരമായ ഒരു ചിട്ടയാണ് തിരുനബിﷺ പകർന്നുതന്നിട്ട് പോയത്. അല്ലാഹുവേ നിൻ്റെ നാമത്തിലാണ് എൻ്റെ ജീവിതവും മരണവും എന്ന് വരുമ്പോൾ നിർമലമായ ഒരു ഹൃദയവും രക്ഷിതാവിലേക്ക് സമർപ്പിക്കപ്പെട്ട വിചാരങ്ങളും ഉണ്ടാവണമെന്ന്, ഏത് ആകുലതയും നൊമ്പരവും പറയാനും സമർപ്പിക്കാനും എനിക്ക് അഭയകേന്ദ്രം ഉണ്ടെന്ന്, തുടങ്ങി എത്ര അനുഗ്രഹീതമായ കാര്യങ്ങളാണ് തിരുനബിﷺയുടെ പ്രാർഥനാ വചനങ്ങൾ ഉൾക്കൊണ്ടിട്ടുള്ളത്.
    പ്രിയ പത്നി ആഇശ(റ) നിവേദനം ചെയ്യുന്നു. എല്ലാ രാത്രിയിലും തിരുനബിﷺ കിടക്കാൻ ഒരുങ്ങുമ്പോൾ വിശുദ്ധ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തു രണ്ട് കൈവെള്ളയും വിരിച്ച് ചേർത്തുപിടിച്ച് അതിലേക്ക് ഒന്ന് ഊതും. ശേഷം കൈകൊണ്ട് ശരീരം മുഴുവനും ഒന്ന് തലോടും. മൂന്നുപ്രാവശ്യം ഇപ്രകാരം നിർവഹിക്കും.
    തിരുനബിﷺ ഉറങ്ങാൻ ഒരുങ്ങുമ്പോൾ ചൊല്ലിയ വേറെയും പ്രാർഥനകളും മന്ത്രങ്ങളും വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്. എല്ലാ പ്രാർഥനകളുടെയും അടിസ്ഥാന ആശയം പ്രപഞ്ചനാഥനായ അല്ലാഹുവിലേക്കുള്ള വിലയമാണ്. ശേഷം വലതു കൈവെള്ളയിൽ വലതു കവിൾ ചേർത്തു വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കും. അത് ഖിബ്‌ലക്കഭിമുഖവുമായിരുന്നു.
    ഓരോ ഉറക്കവും മരണത്തിൻ്റെ ഒരു ലളിതഭാവമാണെന്ന വിചാരം തിരുനബിﷺ വേറെയും പങ്കുവെച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിൽ നിന്ന് താൽക്കാലികമായി ചില അടിസ്ഥാന ബന്ധങ്ങൾ പാലിച്ചുകൊണ്ട് അകന്നു നിൽക്കുന്നതാണ് ഉറക്കം. പൂർണ്ണമായ ഒരു വിട്ടുപോക്കാണ് മരണം. എത്രയോ ആളുകൾ ഉറങ്ങാൻ കിടന്നിട്ടു ഉണർന്നിട്ടില്ല. അന്തിയുറക്കത്തിലേക്ക് അവർ നീങ്ങുകയായിരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളെ ആലോചിച്ചും പങ്കുവെച്ചുമായിരുന്നു തിരുനബിﷺയുടെ ചിട്ടകളും ക്രമങ്ങളും പാരായണങ്ങളും. അതുകൊണ്ട് അല്ലാഹുവോട് രക്ഷതേടിയും അവൻ്റെ ശിക്ഷയിൽ നിന്ന് കാവൽ ചോദിച്ചും ശ്രേഷ്ഠകരമായ ഒരു ആത്മീയ പ്രവർത്തനം പോലെയായിരുന്നു തിരുനബിﷺ ഉറങ്ങാൻ കിടന്നത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...