
തിരുനബിﷺയുടെ രാത്രി നിസ്കാരങ്ങൾ ആത്മീയമായ ആലോചനകളുടേത് കൂടിയായിരുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ആലോചിക്കുകയും പ്രപഞ്ചാധിപനായ അല്ലാഹുവിലേക്ക് മനസ്സ് നമിക്കുകയും ചെയ്യുന്ന ഭാവങ്ങളും മന്ത്രങ്ങളുമായിരുന്നു നിശാ നിസ്കാരങ്ങളിലും പ്രാർഥനകളിലും നിറഞ്ഞു നിന്നിരുന്നത്. ഇമാം അഹ്മദ്(റ), ഇമാം മാലിക്(റ), ഇമാം ബുഖാരി(റ) തുടങ്ങി പ്രമുഖരായ ഇമാമുകൾ എല്ലാം ഉദ്ധരിക്കുന്നു. ഉമ്മുസലമ(റ) പറഞ്ഞു. ഒരു രാത്രിയിൽ തിരുനബിﷺ ഭയവിഹ്വലതയോടെ ഉണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സുബ്ഹാനല്ലാഹ്..! ലാഇലാഹ ഇല്ലല്ലാഹ്..! എന്തെല്ലാം നാശങ്ങളാണ് അവതരിക്കുന്നത്! ഏതെല്ലാം നിധികളാണ് തുറക്കപ്പെടുന്നത്! ആരാണ് ഭവനങ്ങളിൽ കഴിയുന്ന സ്ത്രീജനങ്ങളെ ഉണർത്തുക? തിരുനബിﷺയുടെ വീടുകളിൽ ഉറങ്ങുന്ന ഭാര്യമാരെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു അങ്ങനെ പറഞ്ഞത്. അവരും എഴുന്നേറ്റു നിസ്കരിക്കട്ടെ. ഈ ലോകത്ത് വസ്ത്രമണിഞ്ഞ പലരും പരലോകത്ത് നഗ്നരായിരിക്കും.
ഭൗതിക ജീവിതത്തിന്റെ താൽക്കാലികതയും പാരത്രിക ലോകത്തിന്റെ യാഥാർഥ്യവുമാണ് ഈ വിചാരങ്ങളിലൂടെയും ഈ സമീപനങ്ങളിലൂടെയും തിരുനബിﷺ അടയാളപ്പെടുത്തിയത്. അല്ലാഹുവിനെ ആലോചിക്കുകയും അവൻ്റെ സാമീപ്യം ലഭിക്കാനുള്ള ആരാധനാകർമങ്ങൾ നിർവഹിക്കുകയും ചെയ്യാൻ സഹധർമ്മിണികളെ കൂടി സമയോചിതമായി ഉണർത്തുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ജാബിറി(റ)ൽ നിന്ന് അബൂബക്കർ അൽ മദീനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ രാത്രിയിൽ രണ്ടോ മൂന്നോ പ്രാവശ്യം മിസ്‌വാക് ചെയ്യുമായിരുന്നു. രാത്രിയിൽ ഉണർന്നാൽ ഉടനെ മിസ്‌വാക് ചെയ്യുകയും അംഗസ്നാനം നിർവഹിച്ചു നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
തിരുനബിﷺയുടെ ആരാധനകളുടെ ശൈലിയും ദൈർഘ്യവും പല അധ്യായങ്ങളിലായി നാം വായിച്ചു പോയിട്ടുണ്ട്. ഉടമസ്ഥനായ അല്ലാഹുവിനോട് ഏകാന്തമായി പ്രാർഥിക്കുക തിരുനബിﷺയുടെ ജീവിതത്തിലെ ഏറ്റവും ഹരമുള്ള കാര്യമായിരുന്നു. അതിനേറ്റവും അനുസൃതമായ സമയം നിശയുടെ നിശബ്ദതയിലാണ് തിരുനബിﷺ കണ്ടെത്തിയിരുന്നത്.
ഉറങ്ങി എഴുന്നേറ്റതിനുശേഷം നിർവഹിച്ചിരുന്ന നിസ്കാരത്തിന് പ്രത്യേകം തഹജ്ജുദ് എന്ന് പരിചയപ്പെടുത്തി. തഹജ്ജുദ് നിസ്കാരത്തിലും ശേഷവും സവിശേഷമായ മന്ത്രങ്ങൾ ചൊല്ലി. പ്രാർഥനകൾ നിർവഹിച്ചു. അവയിൽ ഏറിയതും അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ മഹത്വങ്ങളെ കുറിച്ചായിരുന്നു. അവൻ്റെ ദൃഷ്ടാന്തങ്ങളെ മുൻനിർത്തിയുള്ള പ്രാർഥനകളായിരുന്നു. അധികാരവും അധികാര ലോകങ്ങളുടെ അധിപനുമായ അല്ലാഹുവേ! വേറെ ആരാരും മറികടക്കാനാവാത്ത പരമാധികാരത്തിന്റെ ഉടമസ്ഥനേ! എല്ലാ മഹത്വങ്ങളുടെയും ഉടമയായ അല്ലാഹുവേ! തുടങ്ങിയ ആശയമുള്ള വാചകങ്ങളാണ് ഏറെയും ഉപയോഗിച്ചിരുന്നത്.
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദൃഢതയും സാക്ഷ്യവും ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രാർഥനകളുമുണ്ടായിരുന്നു. അല്ലാഹുവേ നിന്റെ അസ്ഥിത്വം യാഥാർഥ്യമാണ്. നിന്റെ വാഗ്ദാനങ്ങൾ സത്യസന്ധമാണ്. നീ നിയോഗിച്ച പ്രവാചകൻമാർ യാഥാർഥ്യവും സത്യസന്ധരുമാണ്. സ്വർഗ്ഗവും നരകവും പരലോകവും വിചാരണയും അന്ത്യനാളും എല്ലാം വസ്തുതകളാണ്. എല്ലാം ഞാൻ അംഗീകരിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും നിന്നെ ഞാൻ ഭരമേൽപ്പിക്കുന്നു. തുടക്കവും ഒടുക്കവും നിന്നിലേക്കാണ്. എല്ലാത്തിലും തീരുമാനം നിന്റെ നിയമത്തെ അനുസരിച്ച് മാത്രമാണ്. നീയല്ലാതെ ആരാധനക്ക് അർഹനില്ല. എല്ലാ നിർണയവും ശക്തിയും നിന്നിൽ നിന്ന് ലഭിക്കേണ്ടതാണ്. എല്ലാ രഹസ്യവും പരസ്യവും നിന്റെ പക്കലാണ്. ഇത്തരം ആശയങ്ങളുള്ള പ്രാർഥനകളായിരുന്നു തഹജ്ജുദിന്റെ സമയത്ത് ഏറെയും നിർവഹിച്ചിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
