
തിരുനബിﷺ സാധാരണ യാത്രകളിൽ ‘ജംഅ്, ഖസ്ർ’ എന്നീ ആനുകൂല്യങ്ങൾ സ്വീകരിച്ചതിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുറമേ ഹജ്ജ് വേളയിൽ സവിശേഷമായി തന്നെ ഇത്തരം ആനുകൂല്യങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ച് സ്വതന്ത്ര അദ്ധ്യായങ്ങളും പഠനങ്ങളുമുണ്ട്. നാലു കർമശാസ്ത്ര വഴികളിൽ എല്ലാ മദ്ഹബുകളും സാധാരണ യാത്രകളിൽ ജംഅ് ആക്കി നിസ്കരിക്കുക എന്ന ആനുകൂല്യത്തെ പ്രബലമാക്കുന്നില്ല. ഓരോ നിസ്കാരവും അതാതിന്റെ സമയത്ത് തന്നെ നിസ്കരിച്ചു കൊള്ളണം എന്നാണ് അവരുടെ വീക്ഷണം. എന്നാൽ, നാല് റക്അതുകളുള്ള നിസ്കാരം രണ്ട് റക്അത് ആക്കി ചുരുക്കുന്നതിനെ എല്ലാ മദ്ഹബുകളും ഒരുപോലെ അംഗീകരിക്കുന്നു. പക്ഷേ, അറഫയിൽ വെച്ച് ളുഹറും അസറും ചേർത്ത് ജംആക്കുന്നതിന് എല്ലാ മദ്ഹബുകളും അംഗീകരിക്കുന്നു. രണ്ടു സമയങ്ങളിലെ നിസ്കാരങ്ങൾ ചേർത്ത് നിസ്കരിക്കുന്നത് ഹജ്ജിനു മാത്രമുള്ള ആനുകൂല്യമാണ് എന്നാണ് അവരുടെ വാദം.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മുസ്ദലിഫയിൽ വെച്ച് മഗ്‌രിബും ഇശാഉം ചേർത്തു നിസ്കരിച്ചു. രണ്ടു നിസ്കാരത്തിനും കൂടി ഒരു ബാങ്കും ഓരോ നിസ്കാരത്തിനും ഓരോ ഇഖാമതും നൽകിയിരുന്നു.
ളുഹറും അസറും അറഫയിൽ വെച്ചും മഗ്‌രിബും ഇശാഉും മുസ്ദലിഫയിൽ വെച്ചും തിരുനബിﷺ ജംആക്കി നിസ്കരിക്കുന്നത് ഞാൻ കണ്ടു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്ന ഒരു നിവേദനം ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
ചില ഹദീസുകളുടെ വാചക ഘടനകൾ പരിശോധിച്ചു ജംആക്കുക എന്നതിന് ആദ്യത്തെ നിസ്കാരത്തിന്റെ അവസാന സമയവും രണ്ടാമത്തെ നിസ്കാരത്തിന്റെ ആദ്യ സമയവും പരിഗണിച്ചുകൊണ്ട് ചേർത്തു നിസ്കരിക്കുക എന്ന് വിശദീകരിച്ചവരും അതാണ് പ്രാമാണികം എന്ന് സമർപ്പിച്ചവരുമുണ്ട്. ഉദാഹരണത്തിന് ളുഹർ അതിന്റെ അവസാന സമയത്തും അസർ അതിന്റെ ആദ്യ സമയത്തും നിർവഹിക്കുക.
മഗ്‌രിബും സുബ്ഹിയും ചുരുക്കി നിസ്കരിക്കുക എന്ന ഖസ്റോ സുബ്ഹി ഏതെങ്കിലും നിസ്കാരത്തോട് ചേർത്ത് നിർവഹിക്കുക എന്ന ജംഓ ഇല്ല. അസറിനെ മഗ്‌രിബിലേക്കോ ഇശാഇനെ സുബ്ഹിയിലേക്കോ ചേർത്തു നിസ്കരിക്കുന്ന രീതിയുമില്ല
യാത്രയ്ക്കിടയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായപ്പോൾ വാഹനത്തിൽ നിന്ന് തന്നെ തിരുനബിﷺ നിസ്കാരം നിർവഹിച്ചു. അനുയായികളോട് നിസ്കാരം നിർവഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിൽ വച്ച് സുന്നത്ത് നിസ്കരിക്കുമ്പോൾ വാഹനം പോകുന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞാൽ മതി എന്നും ഫർള് നിസ്കാരമാണെങ്കിൽ അത് മതിയാകില്ലെന്നും സാധ്യമാകുന്ന വിധം നിസ്കരിച്ചതിനുശേഷം പൂർണ്ണതയെത്താത്ത വിധമാണ് നിസ്കാരം നിർവഹിച്ചതെങ്കിൽ മടക്കി നിസ്കരിക്കണം എന്നുമാണ് കർമശാസ്ത്ര വീക്ഷണം.
യാത്രയിൽ സവിശേഷമായി തിരുനബിﷺ നിസ്കരിച്ചിരുന്ന രണ്ട് റക്അതുകളെ കുറിച്ച് പല നിവേദനങ്ങളിലും വന്നിട്ടുണ്ട്. എല്ലാ നിസ്കാരത്തിനു ശേഷവും രണ്ട് റക്അതായിരുന്നു തിരുനബിﷺ നിസ്കരിച്ചിരുന്നത് എന്നും മഹതി ആഇശ(റ)യിൽ നിന്നുള്ള നിവേദനത്തിൽ കാണാം.
നിസ്കാരത്തിലേക്ക് പ്രവേശിക്കുന്ന തക്ബീർ ഖിബ്’ലക്ക് അഭിമുഖമായി നിർവഹിക്കുകയും പിന്നീട് വാഹനം തിരിയുന്ന ദിക്കിലേക്ക് തന്നെ നിസ്കാരം തുടരുകയും പൂർത്തീകരിക്കുകയും ചെയ്ത അനുഭവം അനസുബ്നു മാലിക്(റ) പങ്കുവെക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
