
അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർവഹിക്കുന്ന ശുക്റിന്റെ സുജൂദിന് വ്യത്യസ്ത മാനങ്ങളുണ്ട്. ലഭിച്ച അനുഗ്രഹത്തിന് കടപ്പാട് രേഖപ്പെടുത്തുക എന്നതാണ് ഒന്നാമത്തെ ഭാഗം. ദുഃഖകരമായ സാഹചര്യങ്ങളോ പരിമിതരായ വ്യക്തികളെയോ കാണുമ്പോൾ എനിക്ക് ഇതിൽനിന്ന് കാവൽ ലഭിച്ചുവല്ലോ എന്ന അർഥത്തിൽ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക എന്നതാണ് അടുത്ത ഭാഗം. ഒന്നാം ഭാഗത്തെ പരാമർശിക്കുന്ന ഹദീസുകൾ നാം വായിച്ചു. രണ്ടാം ഭാഗത്തെ ഉൾക്കൊള്ളുന്ന ഹദീസുകൾ കൂടി നമുക്ക് വായിച്ചു നോക്കാം. ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. കുള്ളനായ ഒരു മനുഷ്യൻ നബിﷺയുടെ അടുത്തുകൂടി കടന്നു പോയി. തുടർന്ന് നബിﷺ സവിശേഷമായി ഒന്ന് സുജൂദ് ചെയ്തു. സുജൂദിൽ ഇപ്രകാരം പറഞ്ഞു. അല്ലാഹുവേ നീ എന്നെ ഇതുപോലെ ആക്കിയില്ലല്ലോ. നിനക്കാണ് സർവ്വസ്തുതിയും.
ഇത്തരം സന്ദർഭങ്ങളിൽ സൂചിപ്പിക്കപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തിലോ അറിവിലോ സുജൂദ് ചെയ്യരുത്. അത് അവർക്ക് മനപ്രയാസം ഉണ്ടാക്കിയേക്കും. എന്നാൽ, അനാവശ്യങ്ങളോ തെറ്റുകുറ്റങ്ങളോ ചെയ്യുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ എന്നെ അത്തരം പ്രവർത്തികളിൽ നിന്ന് കാത്തുരക്ഷിച്ച അല്ലാഹുവിനേ നിനക്ക് നന്ദി എന്ന ആലോചനയിൽ പ്രസ്തുത വ്യക്തികളുടെ അറിവിൽ തന്നെ സുജൂദ് ചെയ്യാം. അതൊരുപക്ഷേ അവർ മാറി ചിന്തിക്കാൻ കാരണമായേക്കും.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ശാരീരികമായി ന്യൂനതയുള്ള ഒരാളെ തിരുനബിﷺ കണ്ടു. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് തിരുനബിﷺ സുജൂദ് ചെയ്തു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാൻ ബിനു ഔഫ്(റ) പറഞ്ഞു. തിരുനബിﷺ ഞങ്ങളുടെ സദസ്സിൽ നിന്നിറങ്ങി ഒരു തോട്ടത്തിലേക്ക് പോയി. തോട്ടത്തിനുള്ളിലേക്ക് പ്രവേശിച്ച് ഖിബ്‌ലക്ക് അഭിമുഖമായി സുജൂദിൽ വീണു. സുജൂദ് വളരെയേറെ ദീർഘിച്ചു. സുജൂദിൽ കിടന്ന് തിരുനബിﷺ ലോകവാസം വെടിഞ്ഞോ എന്നു വരെ ഞങ്ങൾ ആലോചിച്ചു പോയി. ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അല്പം കഴിഞ്ഞപ്പോൾ സുജൂദിൽ നിന്ന് ഉയർന്നു. എന്നോട് ആരാണെന്ന് അന്വേഷിച്ചു. ഞാൻ പറഞ്ഞു. അബ്ദുറഹ്മാനാണ്. എന്താ കാര്യം എന്ന് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ദീർഘനേരമായി സുജൂദിൽ കിടക്കുകയാണല്ലോ? സുജൂദിൽ കിടന്നു അവിടുന്ന് ഈ ലോകവാസം വെടിഞ്ഞോ എന്ന് വരെ ഞങ്ങൾ ഭയന്നുപോയി. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. മലക്ക് ജിബ്‌രീൽ (അ) അടുക്കൽ വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. തങ്ങളുടെ മേൽ ആരെങ്കിലും ഒരാൾ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ സ്വലാത്ത് ചെയ്യും. ആരെങ്കിലും സലാം ചൊല്ലിയാൽ അവന് അല്ലാഹു സലാം ചെയ്യും. ഈ സന്ദേശത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാൻ സുജൂദിൽ വീഴുകയായിരുന്നു.
ആത്മീയമോ ഭൗതികമോ ആയ ഏത് അനുഗ്രഹം ലഭിച്ചാലും അത് അല്ലാഹുവിൽ നിന്നാണെന്ന് തിരിച്ചറിയുക. അത് നൽകിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. അതുവഴി വീണ്ടും അവൻ്റെ സാമീപ്യം കരസ്ഥമാക്കുക. ഇതായിരുന്നു തിരുനബിﷺ കാണിച്ചുതന്ന മാർഗ്ഗം. സുജൂദ് എന്ന ഒരു കർമത്തിന് അപ്പുറം ഒരു മനുഷ്യനിൽ ഉണ്ടായിരിക്കേണ്ട ശരിയായ ആത്മീയ ബോധം കൂടിയാണിത്. എല്ലാ ദാനങ്ങളുടെയും ഉറവിടം ആരാണെന്ന് കൃത്യമായി തിരിച്ചറിയുന്നതിനാണ് അടിമത്ത വിചാരം എന്ന് പറയുക. ശരിയായ വിധത്തിൽ അല്ലാഹുവിന്റെ ദാസനാവുക എന്നതാണ് ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം. അല്ലെങ്കിൽ യഥാർഥ ഉടമസ്ഥനെ തിരിച്ചറിയാനുള്ള മഹാ സൗഭാഗ്യം. ഇസ്ലാം ദർശനത്തിന്റെ അടിസ്ഥാനവും ആത്മാവും ഇതാണ്. ആരാധിക്കപ്പെടാൻ അർഹൻ സൃഷ്ടിക്കാൻ അധികാരമുള്ളവൻ മാത്രമാണ്. സൃഷ്ടിക്കാൻ അധികാരമുള്ള അല്ലാഹു മാത്രമേയുള്ളൂ. അവനെ മാത്രമേ ആരാധിക്കാനും പാടുള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
