Tweet 1037

    Tweet 1037
    April 16, 2025 • Wednesday
    Post Header

    സജദയുടെ സൂക്തങ്ങൾ പാരായണം ചെയ്തപ്പോൾ തിരുനബിﷺ സുജൂദ് ചെയ്തത് നാം വായിച്ചു. മറ്റുള്ളവർ പാരായണം ചെയ്തത് കേട്ടപ്പോൾ സുജൂദ് ചെയ്ത നിവേദനങ്ങളും നമുക്ക് വായിക്കാനുണ്ട്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺയുടെ അടുക്കൽ വച്ച് ഒരാൾ സജദയുടെ സൂക്തം പാരായണം ചെയ്തു. അപ്പോൾ അദ്ദേഹം സുജൂദ് ചെയ്തില്ല. നബിﷺ പറഞ്ഞു. പാരായണം ചെയ്ത നിങ്ങൾ സുജൂദ് ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്കും സുജൂദ് ചെയ്യാമായിരുന്നു.

    ഇമാം ശാഫിഈ(റ) നിവേദനം ചെയ്യുന്നു. അതാഉ ബിൻ യസാർ(റ) പറഞ്ഞു. എനിക്ക് ലഭിച്ച ഒരു വിവരം ഇങ്ങനെയാണ്. ഒരാൾ നബിﷺയുടെ അടുക്കൽ വച്ച് സജദയുടെ സൂക്തം പാരായണം ചെയ്തു. പാരായണം ചെയ്തയാൾ സുജൂദ് ചെയ്യുകയും തിരുനബിﷺയും സുജൂദ് നിർവഹിക്കുകയും ചെയ്തു. മറ്റൊരാൾ സജദയുടെ സൂക്തം പാരായണം ചെയ്തു. നബിﷺ സുജൂദ് ചെയ്തിട്ട് സുജൂദ് ചെയ്യാം എന്ന് കരുതി അദ്ദേഹം കാത്തിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് സുജൂദ് ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്കും സുജൂദ് ചെയ്യാമായിരുന്നല്ലോ? അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങളല്ലേ ഞങ്ങളുടെ മുന്നിലുള്ള ആൾ സുജൂദ് ചെയ്താൽ ഞങ്ങളും സുജൂദ് ചെയ്യാം.

    ഇമാം അഹ്മദ്(റ) ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഖുർആൻ പാരായണത്തിന്റെ സുജൂദിൽ തിരുനബിﷺ ചൊല്ലിയിരുന്ന വാചകങ്ങളെ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. സജദ വജ്ഹിയ…. (സ്വന്തം അധികാരത്തിലും ശക്തിയിലും സൃഷ്ടിക്കുകയും കാഴ്ചയും കേൾവിയും നൽകുകയും ചെയ്തവന്റെ മുന്നിൽ എൻ്റെ മുഖം സാഷ്ടാഗം ചെയ്തിരിക്കുന്നു.)

    ശുഭകരമായ വാർത്തകൾ കേൾക്കുമ്പോൾ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സുജൂദിൽ വീഴുന്നതും നബിﷺയുടെ പതിവായിരുന്നു. ഈ ആശയം ഉൾക്കൊള്ളുന്ന ഹദീസ് ഇമാം അബുദാവൂദ്(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. അനസുബ്നു മാലികി(റ)ൽ നിന്നുള്ള ഹദീസ് ഇമാം ഇബ്നുമാജ(റ)യും ഉദ്ധരിച്ചു കാണാം.

    ഒരിക്കൽ തിരുനബിﷺ മഹതി ആഇശ(റ)യുടെ അടുക്കൽ ഇരുന്നപ്പോൾ ഒരു യുദ്ധവിജയത്തെ കുറിച്ചുള്ള സുവിശേഷം ഒരാൾ വന്നു പറഞ്ഞു. ഉടനെ തന്നെ എഴുന്നേറ്റു സുജൂദിൽ വീണു. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി. അബൂബക്കറി(റ)ൽ നിന്ന് ഇമാം അബൂ ദാവൂദ്(റ) ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

    സഅദ് ബിൻ അബീ വഖാസ്(റ) പറയുന്നു. ഒരിക്കൽ നബിﷺയോടൊപ്പം മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്നു. അസ്വറ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ വാഹനത്തിൽ നിന്ന് ഇറങ്ങി. ദീർഘനേരം അല്ലാഹുവിനോട് പ്രാർഥിച്ചു. ശേഷം സുജൂദ് നിർവഹിച്ചു. ഇപ്രകാരം മൂന്നുപ്രാവശ്യം ദീർഘനേരം പ്രാർഥിക്കുകയും ശേഷം സുജൂദിൽ വീഴുകയും ചെയ്തു. ശേഷം നബിﷺ ഇങ്ങനെ പറഞ്ഞു. ഓരോ പ്രാവശ്യവും എന്റെ സമുദായത്തിൽ മൂന്നിലൊന്ന് ഭാഗം ആളുകൾക്ക് വേണ്ടി ശിപാർശ ചെയ്യാൻ അല്ലാഹുവിനോട് ഞാൻ പ്രാർഥിച്ചു. ഓരോ പ്രാവശ്യവും അല്ലാഹു അത് സ്വീകരിച്ചപ്പോഴാണ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാൻ സുജൂദിൽ വീണത്.

    തിരുനബിﷺയുടെ സുപ്രധാനമായ രണ്ടു പ്രമേയങ്ങളാണ്. ഒന്ന് അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ടിരിക്കുകയും രണ്ട് സമുദായത്തിന്റെ രക്ഷയ്ക്കുവേണ്ടി ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്നത്. ഏതു പ്രധാന ഘട്ടത്തിലും അവിടുത്തെ അനുയായികൾക്കും സമുദായത്തിനും വേണ്ടി പ്രാർഥിക്കുകയും രക്ഷാകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. എല്ലാ അനുഗ്രഹങ്ങളും ഗുണങ്ങളും നൽകുന്നവൻ അല്ലാഹു മാത്രമാണെന്ന് ഏറ്റവും ഉറപ്പും വിശ്വാസവുമുള്ള തിരുനബിﷺ നിരന്തരമായി അല്ലാഹുവിനെ സ്തുതിച്ചും മഹത്വപ്പെടുത്തിയും മുന്നോട്ടുപോയി. ഏതൊരു അനുഗ്രഹത്തെയും വലുതായി കാണുകയും അപ്പപ്പോൾ അള്ളാഹുവിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...