നിസ്കാരത്തിനു വേണ്ടി നിൽക്കുമ്പോൾ അണി ഒപ്പിച്ചു നിർത്തുന്നത് വളരെ പ്രാധാന്യത്തോടുകൂടി തിരുനബിﷺ കണ്ടിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ബറാഅ് ബിൻ ആസിബ്(റ) പറഞ്ഞു. നിസ്കാരത്തിനു വേണ്ടി ഞങ്ങൾ അണിയായി നിൽക്കുമ്പോൾ തിരുനബിﷺ അണിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ശ്രദ്ധിക്കുമായിരുന്നു. ഞങ്ങളുടെ ചുമലുകളും മാറുകളും ഒപ്പിച്ചു നിർത്താൻ വേണ്ടി ചിലപ്പോൾ ഇടയിലൂടെ കടന്നു പോവുകയും ചെയ്യും. എന്നിട്ട് ഇങ്ങനെ പറയും. “നിരയിൽ വ്യത്യസ്തമായി നിന്നാൽ ഹൃദയങ്ങൾ വ്യത്യസ്തമായി പോകും. ഒന്നാമത്തെ അണിയിൽ നിൽക്കുന്നവർക്ക് അല്ലാഹുവും അവന്റെ മലക്കുകളും പ്രത്യേകം അനുഗ്രഹങ്ങൾ ചൊരിയും.”
അണി ഒപ്പിച്ചു നിൽക്കുക വഴി ഹൃദയങ്ങൾ ഇഴചേർന്നു നിൽക്കാനാകുമെന്ന വലിയൊരു സന്ദേശം തിരുനബിﷺ നൽകാറുണ്ടായിരുന്നു. സംഘമായി നിസ്കരിക്കുമ്പോൾ ഒന്നാമത്തെ അണിയിൽ നിൽക്കുന്നവർക്ക് പ്രത്യേകം അനുഗ്രഹമുണ്ടെന്നും വലതുഭാഗത്ത് നിലയുറപ്പിക്കുന്നവർക്ക് പ്രത്യേകം അനുഗ്രഹമുണ്ടെന്നും നിരന്തരമായി തിരുനബിﷺ പഠിപ്പിച്ചുകൊണ്ടിരുന്നു. നല്ല കാര്യങ്ങളിൽ മുന്നിട്ടു വരുന്നവർക്ക് വിജയത്തിലേക്കും സ്വർഗ്ഗത്തിലേക്കും ആദ്യം എത്താൻ കഴിയും എന്ന വലിയൊരു ആശയം കൂടി ഇതിലുണ്ട്.
അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസിലും, അണി ഒപ്പിച്ചു നിൽക്കാൻ വേണ്ടി തിരുനബിﷺ വിളിച്ചു പറയുന്ന പരസ്യമായ നിർദ്ദേശത്തെ കുറിച്ച് പരാമർശങ്ങളുണ്ട്.
തിരുനബിﷺ മദീനയിൽ നിന്ന് എവിടെയെങ്കിലും പോയാൽ നിസ്കാരത്തിനും മറ്റും നേതൃത്വം നൽകാൻ പ്രതിനിധികളെ നിശ്ചയിച്ചിരുന്നു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. അബ്ദുല്ലാഹി ബിൻ ഉമ്മി മക്തൂമി(റ)നെ മദീനയിൽ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിനിധിയാക്കി.
ഇതേ ആശയമുള്ള ഹദീസ് അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നുണ്ട്. അബ്ദുല്ലാഹിബ്നു ബൂഹൈന(റ)യിൽ നിന്നുള്ള നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. അബ്ദുല്ലാഹിബിന് ഉമ്മു മക്തൂം(റ) തിരുനബിﷺ മദീനയിലെ പ്രതിനിധി ആക്കി. അദ്ദേഹം വാങ്ക് കൊടുക്കുകയും ഇഖാമത്ത് നിർവഹിക്കുകയും ഇമാമത്ത് നിൽക്കുകയും ചെയ്യുമായിരുന്നു.
പിന്നിൽ നിസ്കരിക്കുന്നവരുടെ അവസ്ഥയും സാഹചര്യവും മനസ്സിലാക്കി ഇമാമത്തിൽ ക്രമീകരണങ്ങൾ വരുത്തുക എന്നതും നബിﷺയുടെ നിസ്കാരത്തിൽ നിന്ന് വായിക്കേണ്ട ഒരു അധ്യായമാണ്. സ്ത്രീകളും കൊച്ചുകുട്ടികളും പിന്നിൽ ഉണ്ടായിരിക്കുന്ന സമയത്ത് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ തിരുനബിﷺ നിസ്കാരം ലഘൂകരിക്കുമായിരുന്നു. സ്ത്രീകളുടെ രംഗപ്രവേശനത്തെക്കുറിച്ച് കണിശമായ നിബന്ധനകളുള്ള സൂക്തങ്ങൾ അവതരിക്കുന്നതിന് മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം നിസ്കാരത്തിന്റെ സംഘത്തിലുണ്ടായിരുന്നു.
ജുമുഅയോ പള്ളിയിലെ ജമാഅത്തുകളോ നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സ്ത്രീകൾക്കില്ല. അതും തിരുനബിﷺ അവർക്ക് നൽകിയ പരിഗണനയുടെയും ആനുകൂല്യത്തിന്റെയും ഭാഗമാണ്. ഒരു കർട്ടന്റെയോ മതിലിന്റെയോ മാത്രം വ്യത്യാസത്തിൽ പള്ളിയോട് ചേർന്ന് ജീവിച്ചിരുന്ന പ്രിയ പത്നി ആഇശ(റ), ജുമുഅ, ജമാഅത്തുകൾക്ക് നബിﷺയുടെ പള്ളിയിൽ പങ്കെടുക്കുമായിരുന്നില്ല. സ്ത്രീകൾക്ക് ഏറ്റവും ഉത്തമമായ പള്ളി അവരുടെ വീടിന്റെ അകത്തളമാണെന്ന് നബിﷺ പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു. നബിﷺയോടൊപ്പം ജുമാ ജമാഅത്തുകളിൽ പങ്കെടുക്കാൻ പ്രത്യേകം അനുമതി തേടിയ സ്വഹാബി വനിത ഉമ്മു ഹുമൈദി(റ)നോടും നബിﷺ നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു.
നിങ്ങളുടെ വീട്ടിലെ പുറത്തെ മുറിയിൽ നിസ്കരിക്കുന്നതിനേക്കാളും, വീടിനടുത്തുള്ള പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാളും, എൻ്റെ പള്ളിയിൽ വന്നു എന്നോടൊപ്പം നിസ്കരിക്കുന്നതിനേക്കാളും എല്ലാം ഉത്തമം നിങ്ങൾ നിങ്ങളുടെ സ്വകാര്യ മുറിയിൽ നിസ്കാരം നിർവഹിക്കുന്നതാണ്. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി പുരുഷൻ പള്ളിയിൽ നിസ്കരിക്കുന്ന നിസ്കാരത്തിന്റെ പ്രതിഫലം സ്ത്രീക്ക് അവരുടെ വീടിന്റെ ഉള്ളറയിൽ നിസ്കരിച്ചാൽ അല്ലാഹു നൽകുമെന്നാണ് പ്രവാചകൻﷺ പറഞ്ഞതിൻ്റെ സാരം. അഥവാ അല്ലാഹു സ്ത്രീജനങ്ങൾക്ക് നൽകിയ ആനുകൂല്യവും ഔദാര്യവുമാണ്. അവരുടെ പ്രകൃതിയോടും ശാലീനതയോടും ശാരീരികാവസ്ഥയോടും ഏറ്റവും യോജിക്കുന്ന നിലപാടുമാണത്.
