Tweet 1017

    Tweet 1017
    March 27, 2025 • Thursday
    Post Header

    തിരുനബിﷺയുടെ സുജൂദിന്റെ ദൈർഘ്യത്തെക്കുറിച്ചും ഹദീസുകളിൽ വായിക്കാൻ കഴിയും. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. മഹാനായ അനസുബ്നു മാലിക്(റ) ഉമറുബ്നു അബ്ദുൽ അസീസി(റ)നെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. തിരുനബിﷺക്ക് ശേഷം അവിടുത്തെ നിസ്കാരത്തിനു സമാനമായ വിധത്തിൽ ഇതാ ഈ യുവാവിന്റെ നിസ്കാരത്തോളം വേറൊരാളുടെയും നിസ്കാരത്തെ ഞാൻ കണ്ടിട്ടില്ല. റുകൂഇന്റെയും സുജൂദിന്റെയും ദൈർഘ്യം 10 തസ്ബീഹുകളുടെതായി കണക്കാക്കാറുണ്ടായിരുന്നു.

    റുകൂഇലും സുജൂദിലുമെല്ലാം സ്വസ്ഥമായി കർമം ചെയ്തുതീർക്കുന്ന ശാന്തത തിരുനബിﷺയുടെ നിസ്കാരത്തിലുണ്ടായിരുന്നു.

    ഓരോ റക്അത്തിലും രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമായിരുന്നു. പൂർണ്ണമായും ഒരു ഇരുത്തം രൂപപ്പെട്ടതിനുശേഷമായിരുന്നു രണ്ടാമത്തെ സുജൂദിലേക്ക് പോയിരുന്നത്. കേവലം ഒന്ന് ഉയർന്നു താഴുക എന്നതായിരുന്നില്ല.

    രണ്ടാമത്തെ സുജൂദ് കഴിഞ്ഞാൽ നിർത്തത്തിലേക്ക് പോകാനുള്ള റക്അത്തിലേക്കാണ് കടക്കുന്നതെങ്കിൽ ഒരു ലളിതമായ ഇരുത്തം അവിടെയുമുണ്ടായിരുന്നു.

    രണ്ടാമത്തെ റക്അത്തിന്റെ പൂർത്തീകരണവും നിസ്കാരത്തിന്റെ പൂർണമായ വിരാമവും അത്തഹിയ്യാത്തുകളിലൂടെയായിരുന്നു ഉണ്ടായിരുന്നത്. നിസ്കാരം അതിന്റെ മൂർധന്യതയിലേക്ക് എത്തുകയും അല്ലാഹുവുമായുള്ള സംഭാഷണത്തിന്റെ; ഹൃദയം ചേർത്തുവെച്ചാൽ അത്ഭുതകരമായ പ്രയോഗങ്ങളാണ് അത്തഹിയ്യാത്തിലെ ഓരോ വാചകങ്ങളും.

    മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിച്ച അത്തഹിയ്യാത്തിന്റെ വാചകങ്ങളുടെ ആശയം ഇങ്ങനെയാണ്. എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാകുന്നു, പവിത്രമായ മുഴുവൻ സമർപ്പണങ്ങളും. അല്ലയോ നബിﷺയെ, സർവ്വശാന്തിയും അവിടുത്തെ മേൽ വർഷിക്കട്ടെ, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും. അതെ, നമ്മുടെ മേലും അല്ലാഹുവിന്റെ സജ്ജനങ്ങളായ മുഴുവൻ ദാസന്മാരുടെ മേലും വർഷിക്കട്ടെ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാൻ വിശ്വസിച്ചു പ്രഖ്യാപിക്കുന്നു.

    സമാനാർഥങ്ങളുള്ള വ്യത്യസ്ത വാചകങ്ങൾ അത്തഹിയ്യാത്തിലേതായി വിവിധ നിവേദനങ്ങൾ കാണാം.

    കർമങ്ങളുടെ ക്രമം അനുസരിച്ച് നിസ്കാരത്തിലെ അവസാനത്തെ ഇരുത്തത്തിനും അതിൽ ചൊല്ലുന്ന പ്രാർഥനകൾക്കും അത്തഹിയ്യാത്തിലിരിക്കുക, അത്തഹിയ്യാത്ത് ഓതുക എന്നാണ് പൊതുവേ പ്രയോഗിക്കുക. എന്നാൽ, അതിൽ തന്നെ പല ഭാഗങ്ങളുണ്ട്. ഒന്ന്, അഭിവാദ്യം ചെയ്യൽ അഥവാ തഹിയ്യത്ത്. രണ്ട്, സാക്ഷ്യപ്പെടുത്തൽ അഥവാ തശഹ്ഹുദ്. മൂന്ന്, പ്രാർഥന അഥവാ ദുആ. നാല്, തിരുനബിﷺയുടെ മേലുള്ള സ്വലാത്ത് സലാമുകൾ. ഇവ നാലും ഒത്തുചേരുമ്പോഴാണ് അത്തഹിയ്യാത്ത് എന്ന ഭാഗം പൂർത്തിയാവുക.

    അത്തഹിയ്യാത്തിലെ പ്രാർഥനയിൽ പ്രധാനമായും നാലു കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടും. അബ്ദു ബിൻ ഹുമൈദ്(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇബ്നു അബ്ബാസ്(റ) നാലും എണ്ണി തന്നെ പറയുന്നുണ്ട്. ഒന്ന്, ഖബറിലെ ശിക്ഷയിൽ നിന്ന്. രണ്ട്, നരക ശിക്ഷയിൽ നിന്ന്. മൂന്ന്, രഹസ്യവും പരസ്യവുമായ ഫിത്നകൾ അഥവാ നാശങ്ങളിൽ നിന്ന്. നാല്, ദജ്ജാലിൽ നിന്ന്.

    എല്ലാ നിസ്കാരത്തിന്റെ ഒടുവിലും അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന സവിശേഷമായ മന്ത്രങ്ങളും പ്രാർഥനകളും തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...