
റുകൂഇൽ നിന്ന് ഉയർന്നു നിൽക്കുന്നതിനാണ് നിസ്കാരത്തിലെ ‘ഇഅ്തിദാൽ’ എന്ന് പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന നിർത്തത്തിൽ നിന്ന് കുനിഞ്ഞതിനു ശേഷമുള്ള നിവർന്നുനിൽപ്പ്. നിസ്കാരത്തിലെ ഓരോ ചരണങ്ങൾക്കിടയിലും പറയുന്നത് അല്ലാഹു അക്ബർ എന്ന മന്ത്രമാണ്. എന്നാൽ റുകൂഇൽ നിന്ന് ഉയരുമ്പോൾ തക്ബീറിനു പകരം ‘സമിഅല്ലാഹു ലിമൻ ഹമിദഹു…’ എന്നാണ് പറയുക. അവനെ അല്ലാഹു കേട്ടിരിക്കുന്നു എന്നാണ് വാചകത്തിന്റെ ആശയം. തിരുനബിﷺയോടൊപ്പം നിസ്കാരത്തിൽ ചേരാൻ ആർത്തിയോടെ എത്തിച്ചേർന്ന അബൂബക്കർ സിദ്ദീഖ്(റ), തിരുനബിﷺയോടൊപ്പം നിസ്കാരത്തിൽ ചേർന്നു കിട്ടിയതിന്റെ സന്തോഷത്തിൽ ചൊല്ലിയ വാചകം പിന്നീട് തിരുനബിﷺ തന്നെ ഔദ്യോഗികമായി നിസ്കാരത്തിന്റെ ഭാഗമാക്കുകയായിരുന്നു.
സുജൂദ് എന്ന അടുത്ത കർമത്തിലേക്ക് നീങ്ങുന്നതിനു മുമ്പ്, നിവർന്ന് നിന്നുകൊണ്ടുള്ള അല്പസമയത്ത് സവിശേഷമായ പ്രാർഥന പഠിപ്പിച്ചിട്ടുണ്ട്. വാന ഭുവനങ്ങൾ നിറയെ പിന്നെയും അല്ലാഹുവിനു സർവസ്തുതിയും എന്നാണ് പ്രസ്തുത പ്രാർഥനയുടെ ആശയം. നമ്രശിരസ്കനായി നിന്നപ്പോൾ അല്ലാഹുവിന്റെ മഹത്വത്തെ കൂടുതൽ അറിയുകയും അവനിലേക്ക് കൂടുതൽ വിനയം പ്രാപിക്കുകയും ചെയ്ത വിശ്വാസി, പ്രപഞ്ചത്തോടു മുഴുവൻ ചേർത്തുവച്ചുകൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും കൂടുതൽ വിനീതമായി അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്ന കൗതുകകരമായ ഒരു കർമമാണിത്.
ഖുനൂത് എന്നപേരിൽ അറിയപ്പെടുന്ന പ്രത്യേക പ്രാർഥന ഇഅ്തിദാലിൽ നിൽക്കെയാണ് നിർവഹിക്കാറുള്ളത്. ശക്തമായ നിവേദന പരമ്പരയിലൂടെ ഇമാം അഹ്മദ്(റ), ദാറഖുത്ത്നി(റ) എന്നിവർ നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഈ ലോകത്ത് നിന്ന് വിട പറയുന്നത് വരെ സുബ്ഹി നിസ്കാരത്തിൽ തിരുനബിﷺ ഖുനൂത്ത് നിർവഹിക്കാറുണ്ടായിരുന്നു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. തിരുനബിﷺ, അബൂബക്കർ സിദ്ദീഖ്(റ), ഉമറുൽ ഫാറൂഖ്(റ), ഉസ്മാനുബ്നു അഫ്ഫാൻ(റ) തുടങ്ങിയവർ ഇഹലോകവാസം വെടിയുന്നതുവരെ സുബ്ഹിയിൽ ഖുനൂത്ത് നിർവഹിക്കാറുണ്ടായിരുന്നു. അലിയ്യ്(റ), അമ്മാർ(റ) എന്നിവരിൽ നിന്നും അബൂ തുഫൈൽ(റ) ഉദ്ധരിക്കുന്ന ഹദീസിലും വിയോഗസമയം വരെ തിരുനബിﷺ ഖുനൂത്ത് പതിവാക്കാറുണ്ടായിരുന്നു എന്ന് വിശദമായി പറയുന്നുണ്ട്.
വളരെയേറെ ആശയവ്യാപ്തിയും ഉള്ളടക്കവുമുള്ള സമഗ്രമായ ഒരു പ്രാർഥനയാണ് ഖുനൂത്. സുബ്ഹി നിസ്കാരത്തിന്റെ രണ്ടാമത്തെ റക്അത്തിൽ റുകൂഇൽ നിന്ന് ഉയർന്നതിനുശേഷം ഖുനൂത്ത് എന്ന പ്രത്യേക പ്രാർഥന എല്ലാദിവസവും നിർവഹിക്കുക എന്ന പതിവ് തിരുനബിﷺയുടെ ജീവിതത്തിലുണ്ടായിരുന്നു എന്നാണ് മേൽ ഹദീസുകൾ നമ്മെ ഉദ്ബോധിപ്പിച്ചത്.
റമളാനിൻ്റെ രണ്ടാം പകുതിയിലെ വിത്റ് നിസ്കാരത്തിലെ അവസാനത്തെ റക്അത്തിൽ റുകൂഇൽ നിന്ന് ഉയർന്നതിനു ശേഷവും തിരുനബിﷺ ഖുനൂത്ത് നിർവഹിച്ചിട്ടുണ്ട്. ഉബയ്യുബിൻ കഅ്ബി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിലും മറ്റും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ പ്രത്യേക പ്രാർഥന നിത്യേനയുള്ള സുബ്ഹി നിസ്കാരത്തിൽ അല്ലെന്നും വിത്റു നിസ്കാരത്തിലും മറ്റ് പ്രത്യേക സന്ദർഭങ്ങളിലും മാത്രമാണെന്നും ശാഫിഈ മദ്ഹബല്ലാത്ത മറ്റു മദ്ഹബുകൾ പറയുന്നു. ഇമാം അബൂഹനീഫ(റ)യും ഹനഫി മദ്ഹബും സുബ്ഹി നിസ്കാരത്തിൽ ഖുനൂത്ത് പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായത്തിലാണുള്ളത്. ഗവേഷകരായ പണ്ഡിതന്മാർ അത്തരം അഭിപ്രായങ്ങളിൽ എത്തിച്ചേരുന്നതിന് അവരുടെ പ്രമാണപക്ഷങ്ങൾ അനുവദിക്കുന്നതിനെക്കുറിച്ച് നാം വായിച്ചു പോയിട്ടുണ്ട്.
