
ബദ്റിൽ പങ്കെടുത്ത പ്രമുഖ സ്വഹാബിയായ അബൂ ഉസൈദ്(റ) പറയുന്നു. മലക്കുകൾ ബദ്റിൽ അവതരിച്ചത് മഞ്ഞ തലപ്പാവ് അണിഞ്ഞു കൊണ്ടായിരുന്നു. അതിന്റെ ഒരു അഗ്രം വാലാക്കി ഇടുകയും ചെയ്തിരുന്നു. ആഇശ(റ) പറയുന്നു. ഒരാൾ ബിർദൗൻ അഥവാ ആൺ കുതിരക്ക് പെൺകഴുതയിൽ ഉണ്ടായ സന്തതിയുടെ പുറത്ത് കയറി തിരുനബിﷺയുടെ അടുത്തേക്ക് വന്നു. അദ്ദേഹം ചുവന്ന തലപ്പാവ് ധരിച്ചിരുന്നു. തലപ്പാവിന്റെ അറ്റം രണ്ടു ചുമലുകൾക്കിടയിലൂടെ വാലാക്കി ഇറക്കിയിരുന്നു. വന്നയാളെക്കുറിച്ച് ആഇശ(റ) നബിﷺയോട് ചോദിച്ചു. അപ്പോൾ തിരുനബിﷺ അന്വേഷിച്ചു. അല്ല, ആ വന്നയാളെ നിങ്ങൾ കണ്ടിരുന്നുവോ? അതെ, എന്നു പറഞ്ഞപ്പോൾ തിരുനബിﷺ പറഞ്ഞു. ആ വന്നത് ജിബ്‌രീല്‍(റ) ആയിരുന്നു. ബനൂ ഖുറൈളയിലേക്ക് പോകാൻ എന്നോട് കൽപ്പിക്കാൻ വന്നതായിരുന്നു.
അഹ്സാബ് യുദ്ധത്തിൽ മുസ്ലിംകളെ ചതിച്ച ബനൂ ഖുറൈള ഗോത്രത്തിലേക്ക് നയതന്ത്ര നീക്കം നടത്താനുള്ള അല്ലാഹുവിന്റെ കല്പനയുമായിട്ടായിരുന്നു ജിബ്‌രീല്‍(അ) വന്നത്.
ആഇശ(റ) പറയുന്നു. ഖൻദഖ് യുദ്ധവേളയിൽ ദിഹ്യതുൽ കൽബി(റ) എന്ന സ്വഹാബിയുടെ രൂപത്തിൽ ഒരാൾ വന്നു. വാഹനത്തിന്റെ പുറത്തായിരുന്നു വന്നത്. തലപ്പാവും ധരിച്ചു നബിﷺയോട് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തലപ്പാവിന്റെ വാൽ പിറകിലേക്ക് തൂക്കിയിട്ടിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ജിബ്‌രീൽ(അ) ആണെന്നും ബനൂ ഖുറൈളയിലേക്ക് പോകാനുള്ള സന്ദേശവുമായി വന്നതാണെന്നും തിരുനബിﷺ വിശദീകരിച്ചു.
ഗദീർ ഖുമ്മ് വേളയിൽ അഥവാ പ്രസ്തുത ജലധാരയുടെ അടുത്തുവച്ച് തിരുനബിﷺ നടത്തിയ പ്രസംഗത്തെ തുടർന്ന് അലിയ്യി(റ)ന് തിരുനബിﷺ തലപ്പാവണിയിച്ചു കൊടുത്തു. പിറകിലേക്ക് വാൽ തൂക്കിയിട്ടു കൊണ്ടായിരുന്നു തലപ്പാവ് കെട്ടിക്കൊടുത്തത്.
അബൂ യഅ്ല(റ)യും ബസ്സാറും(റ) മറ്റും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. അബ്ദുറഹ്മാനെ(റ) ഒരു സൈനിക നീക്കത്തിൽ നിയോഗിക്കാൻ ഒരുങ്ങിയപ്പോൾ, അദ്ദേഹം ധരിച്ചുകൊണ്ടുവന്ന കറുത്ത തലപ്പാവ് അഴിച്ചതിനുശേഷം വേറെ ഒരു തലപ്പാവ് അണിയിച്ചു കൊടുത്തു. നാലു വിരലിന്റെ നീളത്തിൽ അല്ലെങ്കിൽ ഒരു ചാണിനോളം അതിനു വാലിട്ട് കൊടുക്കുകയും ചെയ്തു. ഇതുപോലെയാണ് തലപ്പാവ് ധരിക്കേണ്ടത് എന്ന് ഇബ്നു മസ്ഊദി(റ)നോട് പറയുകയും ചെയ്തു. ഇതാണ് അറബികളുടെ രീതിയോട് ഏറ്റവും യോജിച്ചതും ഭംഗിയുള്ളതും.
ബീവി ആഇശ(റ) പറയുന്നു. തിരുനബിﷺ ഇബ്നു ഔഫി(റ)നു തലപ്പാവ് അണിയിച്ചു കൊടുത്തു. നാലു വിരലുകളുടെ നീളത്തിൽ അതിന് വാലിട്ടു കൊടുക്കുകയും ചെയ്തു. ഞാൻ വാനലോകത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഏറെ മലക്കുകളും തലപ്പാവ് അണിഞ്ഞവരായിരുന്നു എന്നൊരു അനുബന്ധം കൂടി തിരുനബിﷺ ഇവിടെ പറയുന്നുണ്ട്.
ചില പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് തലപ്പാവിന്റെ രീതികളും ഭാവങ്ങളും വ്യത്യാസപ്പെട്ടിരുന്നു എന്ന് പണ്ഡിതന്മാരുടെ വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാകും. തണുപ്പും മറ്റും ഏറിയ സ്ഥലങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ കൂടി പറ്റുന്ന രൂപത്തിൽ കഴുത്തിന്റെ ഭാഗം കൂടി ചുറ്റി തലപ്പാവിന്റെ അഗ്രം അണിഞ്ഞ രീതികളുണ്ട്. കുതിര സവാരിയും മറ്റും ചെയ്യുന്ന ആളുകൾക്ക് സുരക്ഷിതമായ രൂപത്തിൽ തലപ്പാവ് ക്രമീകരിക്കുന്ന രീതിയും തലപ്പാവ് സംബന്ധിയായ ചർച്ചയിൽ നാം വായിക്കുന്നു. നിന്നുകൊണ്ട് തലപ്പാവ് അണിയണം എന്നാണ് പ്രവാചകരുﷺടെ നിർദ്ദേശം.
