
ഇബ്നു അദിയ്യ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നത്തിൽ എന്നെ ദർശിച്ചവൻ നരകത്തിൽ പ്രവേശിക്കുകയില്ല.
അബൂ മിജ്ലസിന്റെ(റ) ഒരു നിവേദനം ഇങ്ങനെയുണ്ട്. ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു. ഞാൻ എന്റെ തന്നെ ശിരസ്സ് മുറിക്കപ്പെട്ടതായി സ്വപ്നം കണ്ടു. എന്നിട്ട് ഞാൻ ആ ശിരസ്സിലേക്ക് നോക്കി നിൽക്കുന്നതും. നബിﷺ ചിരിച്ചുകൊണ്ട് ചോദിച്ചു. നിന്റെ ശിരസ്സ് മുറിക്കപ്പെട്ടു എങ്കിൽ പിന്നെ ഏത് കണ്ണു കൊണ്ടാണ് നിന്റെ ശിരസ്സിലേക്ക് നീ നോക്കിയത്? പിന്നീട് അധികകാലം കഴിഞ്ഞില്ല. തിരുനബിﷺ ലോകത്തോട് വിടപറഞ്ഞു. സ്വഹാബികൾ ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചത് തിരുനബിﷺയുടെ വിയോഗവും കണ്ടയാൾ തിരുചര്യകൾ പിൻപറ്റും എന്നുമാണ്.
അബൂബക്കർ(റ) പറയുന്നു. നല്ല സ്വപ്നങ്ങളും അതിനെക്കുറിച്ച് ചോദിക്കുന്നതും തിരുനബിﷺ തങ്ങൾക്ക് വലിയ താല്പര്യമായിരുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺയോട് ചോദിച്ചു. വാനലോകത്ത് നിന്ന് ഒരു തുലാസ്സ് താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അതിന്റെ ഒരു തട്ടിൽ തിരുനബിﷺയും മറുതട്ടിൽ അബൂബക്കർ സിദ്ദീഖും(റ) ഇരിക്കുന്നു. തിരുനബിﷺയുടെ ഭാഗം മികച്ചുനിൽക്കുന്നു. പിന്നീട് അബൂബക്കറി(റ)നെയും ഉമറി(റ)നെയും തൂക്കി. അബൂബക്കറി(റ)ന്റെ ഭാഗം മികച്ചു നിന്നു. പിന്നെ ഉമറി(റ)നെയും ഉസ്മാനെ(റ)യും തൂക്കി. അപ്പോൾ ഉമറി(റ)ന്റെ ഭാഗം ഭാരം തൂങ്ങി. ശേഷം തുലാസ് ആകാശത്തേക്ക് ഉയർത്തപ്പെട്ടു. അതു കേട്ടപ്പോൾ തിരുനബിﷺയുടെ മുഖത്ത് വിഷമം പ്രകടമായി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. പ്രവാചകരുﷺടെ പ്രതിനിധികളായ ഖലീഫമാരുടെ കാലം. പിന്നീട് നിശ്ചയിക്കപ്പെടുന്നവർ രാജാക്കന്മാരായി വരും.
തിരുനബിﷺയുടെയും നാല് ഖലീഫമാരുടെയും കാലം, പ്രവാചകത്വ കാലവും തുടർന്നുള്ള പ്രതിനിധികളുടെ ഭരണകാലവുമാണ്. അതോടെ അടിസ്ഥാനപരമായ ഖിലാഫത്ത് അവസാനിക്കും. പിന്നീട് രാജഭരണത്തിലേക്കായിരിക്കുമെത്തുക. ഈ സൂചനകൾ മുന്നിൽ വച്ചുകൊണ്ടാണ് തിരുനബിﷺയുടെ മുഖത്ത് ഭാവമാറ്റങ്ങളുണ്ടായത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നല്ല കാലമാണല്ലോ തിരുനബിﷺയുടേതും തുടർന്നുള്ള ഖലീഫമാരുടേതും.
കേവലം ചില കാഴ്ചകൾ എന്നതിനപ്പുറം ആശയങ്ങളും വിവരങ്ങളും പകർന്നു തരുന്നതായിരുന്നു സ്വപ്നങ്ങൾ എന്ന ഒരു വിശദീകരണം കൂടി ഇവിടെയുണ്ട്. മറ്റാരുടെയും സ്വപ്നവ്യാഖ്യാനം പോലെയല്ല പ്രവാചകന്മാരുടെ സ്വപ്ന വ്യാഖ്യാനം. കണ്ടത് സ്വഹാബിയാണെങ്കിലും തിരുനബിﷺ അതിന്റെ വിശദാംശങ്ങൾ നൽകുകയും പൊരുൾ വിശദീകരിക്കുകയും ചെയ്യുമ്പോൾ അതിന്റെ സ്വീകാര്യതയും പ്രാമാണികതയും വർദ്ധിക്കുന്നു. പ്രവാചകന്മാരുടെ വ്യാഖ്യാനങ്ങൾ കേവലമായ നിഗമനങ്ങളോ സങ്കല്പങ്ങളോ ആയിരിക്കില്ല. ഏറ്റവും ആധികാരികമായ സ്രോതത്തിൽ നിന്നുള്ള അവസാനവാക്കായിരിക്കും. തിരുനബിﷺകാണുകയും വിശദീകരണങ്ങൾ അറിയിക്കുകയും ചെയ്ത സ്വപ്നങ്ങൾ പോലെ, സ്വഹാബികൾ കണ്ട സ്വപ്നങ്ങൾക്ക് തിരുനബിﷺ വിശദീകരണം നൽകുമ്പോൾ പിന്നെ നമുക്ക് ആശങ്കയുടെയോ നിഗമനങ്ങളുടെയോ ആവശ്യമില്ല.
ചിലപ്പോൾ സ്വപ്നത്തിൽ കണ്ട അതേ ചിത്രം തന്നെ നേരെ മനസ്സിലാക്കേണ്ടതായിരിക്കും. മറ്റു ചിലപ്പോൾ കണ്ട ചിത്രത്തിൽ നിന്നും വ്യത്യസ്തമായ വിശദാംശങ്ങൾ ആയിരിക്കും വായിക്കേണ്ടി വരിക. സാധാരണക്കാർ സ്വപ്നത്തെ സമീപിക്കുമ്പോൾ, വ്യാഖ്യാനിക്കപ്പെടേണ്ടത്, നേരെ ചൊവ്വേ തന്നെ മനസ്സിലാക്കേണ്ടത് ഏത്? എന്നതിൽ കൃത്യത വന്നുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും പങ്കുവെക്കേണ്ടതാണ് സ്വപ്നങ്ങളും കാഴ്ചകളും. ഒരു നീണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും തിരുനബിﷺ നമ്മളോട് പങ്കുവെക്കുന്നു. അതാണ് നാം തുടർന്നു വായിക്കുന്നത്.
