Tweet 845

    Tweet 845
    October 6, 2024 • Sunday
    Post Header

    തിരുനബിﷺയുടെ ഒരു സ്വപ്നം നമുക്ക് ഇങ്ങനെ വായിക്കാം. അബൂ ഉമാമ(റ)യിൽ നിന്ന് ത്വബ്റാനി(റ)യും ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ഒരിക്കൽ പ്രഭാത നിസ്കാരം കഴിഞ്ഞ് തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടുന്ന് പറഞ്ഞു തുടങ്ങി. ഞാൻ കണ്ട ഒരു സ്വപ്നം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. സത്യസന്ധമായ ഒരു സ്വപ്നം. നിങ്ങൾക്ക് പിന്നീട് അത് ബോധ്യമാകും.
    ജിബ്‌രീല്‍(അ) എന്റെ അടുക്കലേക്ക് വന്നു. എന്റെ കൈപിടിച്ച് എന്നെ കൂട്ടിക്കൊണ്ടുപോയി. ദുർഘടമായ ഉയർന്ന ഒരു പർവതത്തിന്റെ അടുത്തേക്ക് ആയിരുന്നു കൊണ്ടുപോയത്. ആ പർവ്വത ശിഖരത്തിലേക്ക് കയറാൻ എന്നോട് പറഞ്ഞു. പ്രയാസമാണെന്ന് പറഞ്ഞപ്പോൾ എളുപ്പമാക്കി തരാം എന്ന് എന്നോട് പ്രതികരിച്ചു. ഞാൻ ഓരോ ചുവടുകൾ വെക്കുമ്പോഴും ഓരോ പടവുകൾ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അങ്ങനെ ഞങ്ങൾ പർവ്വത നിരപ്പിലേക്ക് എത്തി. വായ കീറപ്പെട്ട അവസ്ഥയിൽ കുറെ പുരുഷന്മാരെയും സ്ത്രീകളെയും അവിടെ കാണാൻ കഴിഞ്ഞു. ഞാൻ ജിബ്‌രീലി(അ)നോട് ചോദിച്ചു. ഇവർ ആരാണ്? വിവരമില്ലാത്ത കാര്യങ്ങൾ പറയുന്നവരായിരുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
    വീണ്ടും ഞങ്ങൾ മുന്നോട്ട് നീങ്ങി. അതാ നിൽക്കുന്നു, നീണ്ട കണ്ണുകളും കാതുകളുമുള്ള കുറെ സ്ത്രീ പുരുഷന്മാർ. ഇവർ ആരാണെന്ന് ഞാൻ ചോദിച്ചു. കാണാൻ പാടില്ലാത്തത് കാണിച്ചു കൊടുക്കുന്നവരും കേൾക്കാൻ പാടില്ലാത്തത് കേൾപ്പിച്ചു കൊടുക്കുന്നവരുമായിരുന്നു അവർ എന്ന് ജിബ്‌രീല്‍(അ) വിശദീകരിച്ചു. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ അടുത്ത ഒരു രംഗം ദൃശ്യത്തിൽ വന്നു. കാലുകളിൽ തൂക്കി തലകീഴാക്കി ഇട്ടിരിക്കുന്ന കുറെ സ്ത്രീകൾ. അവരുടെ സ്തനങ്ങൾ പാമ്പുകൾ വന്നു കൊത്തുന്നുണ്ടായിരുന്നു. ഉടനെ ജിബ്‌രീല്‍(അ) വിശദീകരിച്ചു. മക്കൾക്ക് പാലൂട്ടാൻ കൂട്ടാക്കാത്തവരായിരുന്നു ഇവർ എന്ന്.
    വീണ്ടും മുന്നോട്ടു പോയപ്പോൾ മറ്റൊരു കാഴ്ചയാണ് തെളിഞ്ഞത്. തലകീഴായി കാലിൽ തൂക്കിയിട്ടിരിക്കുന്ന കുറെ സ്ത്രീ പുരുഷന്മാർ. ചളിയും മണ്ണും നിറഞ്ഞ സ്ഥലത്തുള്ള കുറഞ്ഞ വെള്ളത്തിൽ നിന്ന് അവർ നക്കി കുടിക്കുന്നു. നോമ്പ് നോൽക്കുകയും സമയമാകുന്നതിന് മുമ്പ് മുറിക്കുകയും ചെയ്യുന്നവരായിരുന്നു ഇവർ എന്നായിരുന്നു ജിബ്‌രീല്‍(അ) ഇവരെക്കുറിച്ച് വിശദീകരിച്ചത്. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ വളരെ വികൃത മുഖമുള്ള മോശമായ വസ്ത്രം ധരിച്ച ഒരു സംഘം സ്ത്രീപുരുഷന്മാരെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ ഭാഗത്തുനിന്ന് ടോയ്‌ലറ്റിൽ നിന്നും മറ്റും ഉണ്ടാകുന്നതുപോലെയുള്ള ദുർഗന്ധം വമിക്കുന്നുണ്ട്. ഇക്കൂട്ടർ വ്യഭിചാരികളായിരുന്നു എന്നാണ് ജിബ്‌രീല്‍(അ) ഇവരെക്കുറിച്ച് വിശദീകരണം നൽകിയത്.
    വീണ്ടും ഞങ്ങൾ മുന്നോട്ടു നീങ്ങി. തടിച്ചുവീർത്ത് ദുർഗന്ധം വമിക്കുന്ന കുറേ മൃതശരീരങ്ങൾ. സത്യനിഷേധികളായി മരണപ്പെട്ടുപോയവരാണിവർ എന്ന് ജിബ്‌രീല്‍(അ) വിശദീകരണം നൽകി. പിന്നീട് ഞങ്ങൾ കുറെ നിലവിളികൾ കേൾക്കുകയും പുക കാണുകയും ചെയ്തു. ഇതാണ് ജഹന്നം അഥവാ നരകം എന്ന് ജിബ്‌രീൽ(അ) വിശദീകരിച്ചു. അങ്ങോട്ട് പോകേണ്ടതില്ല എന്ന് പറഞ്ഞ് ഒഴിവാക്കി വീണ്ടും മുന്നോട്ടു നീങ്ങി. അപ്പോഴതാ മരത്തണലിൽ ഉറങ്ങുന്ന കുറേ മനുഷ്യന്മാർ. വിശ്വാസികളായി മരണപ്പെട്ടുപോയ നല്ല മനുഷ്യന്മാരാണിത് എന്ന് ജിബ്‌രീല്‍(അ) പരിചയപ്പെടുത്തി. പ്രസന്നമുഖരായ കുറെ കുട്ടികളെയും അയൽവാസികളെയുമാണ് പിന്നീട് കണ്ടത്, നല്ല സുഗന്ധവും ലാവണ്യവുമുള്ള മുഖഭാവങ്ങളും. സിദ്ദീഖുകൾ ശുഹദാക്കൾ സജ്ജനങ്ങൾ എന്നിങ്ങനെ ഉള്ളവരാണ് ഇവർ എന്ന് അവരെയും പരിചയപ്പെടുത്തി.
    കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ മൂന്നാളുകളെ കണ്ടുമുട്ടി. സ്വർഗ്ഗീയ മദ്യം പാനം ചെയ്യുകയും കളിക്കുകയും ആനന്ദിക്കുകയും ഒക്കെ ചെയ്യുന്നു. സൈദ്(റ), അബ്ദുള്ളാഹിബ്നു റവാഹ(റ), ജഅ്ഫർ ബിൻ അബീ ത്വാലിബ്‌(റ) എന്നിവരാണ്. ഞാൻ അവർക്ക് അഭിമുഖമായി നിന്നു. “ഖുദ് നാ ലക്” ഞങ്ങൾ അവിടുത്തേക്ക് വേണ്ടി നയിച്ചു എന്നർഥമുള്ള പ്രയോഗം അവർ നടത്തി. തിരുനബിﷺ തുടരുന്നു. ഞാൻ പിന്നീട് ശിരസ്സൊന്ന് ഉയർത്തി. അപ്പോഴതാ അർശിന്റെ താഴെ മൂന്നാളുകൾ നിൽക്കുന്നു. ഞാൻ ചോദിച്ചു. ഇതെന്താണ്? ഇബ്രാഹീം(അ), മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാരാണ് അവർ. അവർ തങ്ങളെ കാത്തു നിൽക്കുകയാണ്. ജിബ്‌രീല്‍(അ) പ്രതികരിച്ചു. അവരുടെ എല്ലാവരുടെയും പേരിൽ അല്ലാഹുവിന്റെ രക്ഷാ കടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ!

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...