
പതിനെട്ട്, ഖർളാഫ കിണർ.
അർളാഫ എന്ന് പ്രയോഗിച്ചവരുമുണ്ട്.
ജാബിർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) വന്ന് നബിﷺയോട് ആവലാതി പറഞ്ഞു. വാപ്പയുടെ കടബാധ്യതകൾ വീടാൻ വേണ്ടി ഇടപാടുകാർക്ക് ഈ കിണർ ഉൾക്കൊള്ളുന്ന തോട്ടം നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വീകരിക്കുന്നില്ല എന്നായിരുന്നു പരാതി. തോട്ടത്തിലെ പഴം പാകമാകുന്നത് വരെ കാത്തിരിക്കാനും ആ സമയമാകുമ്പോൾ എന്നോട് വന്ന് കാര്യം പറയാനും തിരുനബിﷺ നിർദേശിച്ചു. അതുപ്രകാരം പഴങ്ങൾ പാകമായപ്പോൾ നബിﷺയോട് വിവരമറിയിച്ചു. തിരുനബിﷺ അവിടേക്ക് വരികയും അവിടെയുണ്ടായിരുന്ന കിണറിൽ അവിടുത്തെ ഉമിനീര് പകരുകയും ചെയ്തു. ശേഷം, അബ്ദുല്ല(റ)യുടെ ബാധ്യതകൾ നിറവേറ്റപ്പെടാൻ പ്രാർഥിച്ചു.
ഈ നിവേദനത്തിന്റെ അനുബന്ധമായി ഇമാം സുംഹൂദി(റ) എഴുതുന്നു. ജാബിറി(റ)ന്റെ ഹദീസ് അടിസ്ഥാനപരമായി വ്യത്യസ്ത നിവേദന പരമ്പരകളിലൂടെ സ്വഹീഹിലും മറ്റും വന്നിട്ടുണ്ട്. റൂമാ വഴിയിലാണ് കിണറുള്ളത് എന്നാണ് ചില നിവേദനങ്ങളിലുള്ളത്. മേൽ പറയപ്പെട്ട കിണറും അതേ വഴിയിൽ തന്നെയാണുള്ളത്.
പത്തൊൻപത്, ഖുറൈസ കിണർ. പ്രസ്തുത കിണറിൽ നിന്ന് നബിﷺ അംഗ സ്നാനം നിർവഹിക്കുകയും അതിൽ നിന്ന് കുടിച്ചതിനുശേഷം അവിടുത്തെ ഉമിനീർ പകരുകയും ചെയ്തു എന്ന് ഹാരിസ് ബിൻ ഉബൈദും(റ) സഅദ് ബിൻ ഹറാമും(റ) നിവേദനം ചെയ്തത് ഇബ്നു സബാല ഉദ്ധരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ മോതിരം ഈ കിണറിൽ വീണു എന്നും അത് കണ്ടെടുത്തു എന്നും കൂടി ഒരു അനുബന്ധമുണ്ട്. എന്നാൽ അത് അരീസ് കിണറിലായിരുന്നു എന്നാണ് ഉഖ്ബ(റ)യുടെ നിവേദനം.
ഇരുപത്, യസീറാ കിണർ.
മർവാൻ ബിൻ അബീ സഈദ്(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ബനൂ ഉമയ്യക്കാരുടെ അസീറ കിണറിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചിരുന്നു. അതിന്റെ ഇടതുഭാഗത്തേക്ക് നിൽക്കുകയും അവിടുത്തെ ഉമിനീർ അതിലേക്ക് പകരുകയും അനുഗ്രഹത്തിനു വേണ്ടി സവിശേഷമായി പ്രാർഥിക്കുകയും ചെയ്തു. അസീറ എന്നീ രണ്ടുപേരുകളും വ്യത്യസ്തമായി ഇതിന് പ്രയോഗിച്ചു കാണാം.
ലോകത്ത് മറ്റേതെങ്കിലും നേതാക്കളെ കുറിച്ച് പഠിക്കുമ്പോൾ ഇത്തരം ഒരു അധ്യായമുണ്ടാകുമോ എന്ന് തന്നെ സംശയമാണ്. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് ഉപയോഗിച്ച വിഭവങ്ങളും കുടിച്ചിരുന്ന പാനീയങ്ങളും കുടിക്കാൻ ഉപയോഗിച്ച പാനപാത്രങ്ങളുമൊക്കെ വിശദമായി പറഞ്ഞതിനുശേഷം അവിടുന്ന് വെള്ളം കുടിക്കാൻ ആശ്രയിച്ചിരുന്ന കിണറുകളെ കുറിച്ച് വിശാലമായ ഒരു അധ്യായം തന്നെ നാം വായിച്ചു കഴിഞ്ഞു.
നബിﷺ ഉപയോഗിച്ചിട്ടുള്ള കിണറുകൾ എന്നതിൽ ഒന്നാമതും വിശാലമായും പഠിക്കേണ്ടതാണ് സംസം. ഇസ്മായിൽ നബി(അ)യുടെ മടമ്പ് തട്ടിയിടത്തു നിന്ന് പ്രഭവമുണ്ടായതാണെങ്കിലും കാലാന്തരത്തിൽ അതിന്റെ മുഗൾഭാഗത്ത് വന്ന മറനീക്കി തീർത്ഥാടകർക്ക് വീണ്ടും വ്യാപകമായി ഉപയോഗിക്കാൻ സൗകര്യപ്പെടുത്തുമ്പോൾ പിതാമഹനോടൊപ്പം കുഞ്ഞുകാലത്ത് നബിﷺയുമുണ്ടായിരുന്നു. തിരുനബിﷺ പാനം ചെയ്യുകയും ബാല്യ ശൈശവ കൗമാര യൗവന കാലങ്ങളിൽ ഏറെ ഉപയോഗിക്കുകയും ചെയ്ത കിണറാണ് സംസം കിണർ. ആ കിണറിനോട് ചേർന്ന് തന്നെ ആയിരുന്നല്ലോ തിരുനബിﷺയുടെയും വീടുണ്ടായിരുന്നത്.
സംസമിന്റെയും നബിﷺയുടെ വീടിന്റെയും ഇടയിൽ മറ്റൊരു കിണർ പരിചയപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെയെങ്കിൽ തിരുനബിﷺയുടെ നിത്യോപയോഗത്തിന് ചെറുപ്പകാലത്ത് മുഴുവനായും ആശ്രയിച്ചിരുന്നത് സംസം കിണർ ആയിരിക്കണം. തീർത്ഥാടകർക്ക് സംസം വെള്ളം കൊടുക്കുന്ന ഉത്തരവാദിത്വവും തിരുനബിﷺയുടെ തറവാട്ടുകാർക്കായിരുന്നു. പാനീയത്തിന് പാനീയവും ഭക്ഷണത്തിന് ഭക്ഷണവുമാണ് എന്ന് സംസം വെള്ളത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. സംസം പാനം ചെയ്യുമ്പോൾ പ്രാർഥനക്കുത്തരം ലഭിക്കുമെന്നും സവിശേഷമായ മഹത്വങ്ങളുള്ള വെള്ളമാണ് സംസം എന്നും ആത്മീയ അധ്യാപനങ്ങളായി നമ്മൾ പഠിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇതുവരെ എണ്ണിപ്പറഞ്ഞതിൽ ഏറിയ കൂറും മദീനയിൽ തിരുനബിﷺ ഉപയോഗിച്ച കിണറുകളെ കുറിച്ചാണ്. എന്നാൽ മക്കയിലും പരിസരത്തും ചെറുപ്പകാലത്തും അല്ലാതെയും നബിﷺ ഉപയോഗിച്ച പല കിണറുകളും നമ്മുടെ ചർച്ചയിൽ വന്നിട്ടില്ല. ഈ അധ്യായത്തിൽ ഇനിയും വായിക്കാൻ ഏടുകളുണ്ട് എന്ന് സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
