Tweet 806

    Tweet 806
    August 28, 2024 • Wednesday
    Post Header

    മഹാനായ ഇബ്നു അബ്ബാസ്(റ) പറയുന്നു. അറഫാ ദിവസം തിരുനബിﷺക്ക് ഉറുമാൻ പഴം ലഭിച്ചു. അവിടുന്ന് ഭക്ഷിക്കുകയും ചെയ്തു.
    തിരുനബിﷺ ഒരു പാത്രത്തിൽ ബറി കഴിക്കുന്നത് കണ്ടു എന്ന് ബറാഅ് ബിന്‍ ആസിബ്(റ) പറയുന്നു. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിക്കുന്നു. മർറുള്ളഹ്‌റാനിൽ വെച്ച് അറാക്കു മരത്തിലെ പഴം അഥവാ പിലൂ ഫ്രൂട്ട് ഞങ്ങൾ പറിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു. അതിൽ നിന്ന് കറുത്ത കായകൾ പറിക്കൂ അതാണ് നല്ലത്.
    ഞാൻ ആടിനെ മേയ്ക്കുന്ന കാലത്ത് ഈ പഴം കഴിക്കാറുണ്ടായിരുന്നു എന്നുകൂടി പറഞ്ഞത് ഇബിനു ഹിബ്ബാൻ(റ) നിവേദനം ചെയ്തിട്ടുണ്ട്. അവിടുന്ന് ആടിനെ മേയ്ച്ചിട്ടുണ്ടോ എന്ന് ജാബിർ(റ) അപ്പോൾ നബിﷺയോട് ചോദിച്ചു. ഏതെങ്കിലും ഒരു പ്രവാചകനുണ്ടോ ആടിനെ മേയ്ക്കാത്തത് എന്നായിരുന്നു തിരുനബിﷺയുടെ മറുചോദ്യം.
    അബൂ സഈദ് അൽ ഖുദ്രി(റ) പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരു രാജാവ് തിരുനബിﷺക്ക് നൽകിയ ഭരണിയിൽ ഉണങ്ങിയ ഇഞ്ചിയുമുണ്ടായിരുന്നു. തിരുനബിﷺ അതിൽ നിന്ന് സദസ്സിലുള്ളവർക്കൊക്കെ നൽകി. എനിക്കും അതിൽ നിന്ന് ഒരു കഷ്ണം കഴിക്കാൻ തന്നു.
    കേരളത്തിൽ നിന്ന് തിരുനബിﷺയുടെ സന്നിധിയിലേക്ക് പോയ ചേരമാൻ പെരുമാൾ രാജാവിനെ കുറിച്ച് പരാമർശിക്കുന്ന കേരള ചരിത്രഗ്രന്ഥങ്ങളിൽ ഇഞ്ചിക്കൂട്ടിനെ കുറിച്ചുള്ള സംസാരമുണ്ട്. ഈ ഉപഹാരം നൽകിയത് ചേരമാൻ പെരുമാൾ രാജാവാണെന്നും നബി സന്നിധിയിൽ വച്ച് ഇസ്ലാം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ സലാലയിൽ അദ്ദേഹം മരണപ്പെട്ടു കിടക്കുന്നുവെന്നും പരമ്പരയായി നമ്മൾ കേട്ടുവരുന്ന കേരളീയ ചരിത്രത്തിന്റെ ആമുഖമാണ്.
    ഇബ്നു അസാക്കിർ(റ) ദഹ്യയിൽ നിന്നും ഉദ്ദരിക്കുന്നു. ഞാൻ ശാമിൽ നിന്ന് വന്നപ്പോൾ അല്പം ഡ്രൈ ഫ്രൂട്ട്സുകൾ കൊണ്ടുവന്നു. കൂട്ടത്തിൽ ബദാമും പിസ്തയും കേക്കുമുണ്ടായിരുന്നു. നബിﷺക്ക് സമ്മാനിച്ചപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. എന്റെ കുടുംബത്തിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ആളെ എനിക്കൊപ്പം കഴിക്കാൻ എത്തിച്ചു തരേണമേ. അധികം വൈകിയില്ല. തിരുനബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ്(റ) അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് അടുത്തിരിക്കാൻ നബിﷺ ആവശ്യപ്പെടുകയും ഒപ്പം ഈ ഫലങ്ങൾ കഴിക്കുകയും ചെയ്തു.
    ഇമാം ബർഖാനി(റ)യും അബുൽ ഖാസിം അൽ ബഗവി(റ)യും ഒക്കെ ഉദ്ദരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടുന്ന് ഈത്തപ്പനയുടെ കാമ്പ് കഴിക്കുന്നത് കണ്ടു. വിശ്വാസിയെപ്പോലെ എപ്പോഴും ഫലം തരുന്ന ഒരു മരത്തെ എനിക്കറിയാം. ഞാൻ തിരുനബിﷺ അനുബന്ധമായി പറയുകയും ചെയ്തു. തിരുനബിﷺ ഈത്തപ്പനയുടെ കാമ്പ് കഴിക്കുന്നത് കണ്ടു എന്ന അനുഭവം അബ്ദുല്ലാഹിബ്നു ഉമറും(റ) പറഞ്ഞിട്ടുണ്ട്. ഇമാം ബൈഹഖി(റ)യുടെയും മറ്റും നിവേദനത്തിൽ അത് വായിക്കാം.
    തിരുനബിﷺ ഉപയോഗിച്ചിരുന്ന വിഭവങ്ങളും കഴിച്ചിരുന്ന ഭക്ഷണങ്ങളും അവിടുത്തെ ഭക്ഷണരീതിയുമെല്ലാം എത്രമേൽ വിശദമായും വ്യക്തമായിട്ടുമാണ് സ്വഹാബികൾ ഓർത്തുവയ്ക്കുകയും പകർന്നു തരികയും ചെയ്യുന്നത്. ഒരു സാധാരണ വ്യക്തിയാണ് പ്രവാചകനെന്ന് സ്വഹാബികൾ നിനച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ഓർമ്മയും ഒരു പകർത്തലും ഉണ്ടാകുമായിരുന്നില്ല. ഈ ജീവിതത്തെ ഞങ്ങൾക്കു മാത്രം കണ്ടനുഭവിക്കാനുള്ളതല്ലെന്നും ഒരുപാട് യുഗങ്ങളിലേക്ക് കൈമാറി പോകേണ്ട ജീവിത മാതൃകയാണെന്നും സ്വഹാബികൾക്ക് വ്യക്തമായി അറിയാമായിരുന്നു. സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി അനുഗമിക്കപ്പെടാനും സ്നേഹത്തോടെ ഓർത്തുവെക്കപ്പെടാനുമുള്ള ജീവിതമാണ് തിരുപ്രവാചകരുﷺടേത് എന്ന് വ്യക്തമായ ബോധ്യവും സ്വഹാബികൾ ഉൾക്കൊള്ളുകയും അനുസൃതമായി സമീപിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്രമേൽ വിശദമായ ജീവിതാഖ്യാനങ്ങൾ നബി ജീവിതത്തിൽ നിന്ന് ഉദ്ദരിക്കപ്പെടുകയും പകർന്നു ലഭിക്കുകയും ചെയ്തത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...