
അനസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) ഉദ്ദരിക്കുന്നു. ദൗമത്തുൽ ജന്തലിലെ ഭരണാധികാരി തിരുനബിﷺക്ക് ഒരു ഭരണി നിറയെ ‘മന്ന’ കൊടുത്തുവിട്ടു. തിരുനബിﷺ അതിൽ നിന്ന് കഷ്ണം കഷ്ണങ്ങളായി സ്വഹാബികൾക്ക് നൽകി. മടങ്ങി വന്നപ്പോൾ ജാബിറി(റ)ന് വീണ്ടും ഒരു കഷ്ണം നൽകി. അപ്പോൾ ജാബിർ(റ) പറഞ്ഞു. എനിക്ക് അവിടുന്ന് തന്നിരുന്നുവല്ലോ! അപ്പോൾ നബിﷺ പറഞ്ഞു. ഇത് അബ്ദുല്ലയുടെ പെൺകുട്ടികൾക്കുള്ളതാണ്.
ആകാശത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന സവിശേഷമായ ഒരു വിഭവമാണ് മന്ന. വിശുദ്ധ ഖുർആനിലും ബൈബിളിലും ഈ വിഭവത്തെ പരാമർശിച്ചിട്ടുണ്ട്.
ഗോതമ്പും എണ്ണയും തേനും ഉപയോഗിച്ച് ഉസ്മാൻ(റ) ഖബീസ് എന്ന പലഹാരമുണ്ടാക്കി. പരമ്പരാഗതമായി അറബ് ലോകത്ത് ഉപയോഗിക്കുന്ന ഒരു മധുര പലഹാരമാണ് ഖബീസ്. ഒരു പാത്രത്തിൽ ഈ പലഹാരം ഉസ്മാൻ(റ) തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തു. നബിﷺ ചോദിച്ചു. എന്താണിത്? സാധാരണയിൽ അനറബികൾ ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. അഥവാ ഖബീസ്. തിരുനബിﷺ അത് കഴിച്ചു.
അബ്ദുല്ലാഹിബ്നു സല്ലാമി(റ)ൽ നിന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മിർബദിലേക്ക് പുറപ്പെട്ടു. അപ്പോഴതാ ഉസ്മാൻ(റ) ചോളത്തിന്റെ പൊടിയും വെണ്ണയും തേനും വഹിച്ചു കൊണ്ടുപോകുന്നു. തിരുനബിﷺ അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞു. അദ്ദേഹം വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. തിരുനബിﷺ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊടുത്തു. ശേഷം തീ കൂട്ടി ഒരു പാത്രം വെച്ചു. പിന്നീട് അതിലേക്ക് വിഭവങ്ങളെല്ലാം ഇട്ട് തിളപ്പിച്ചു. ശേഷം, കഴിക്കാൻ ആവശ്യപ്പെടുകയും തിരുനബിﷺയും ഒപ്പം ഇരുന്ന് കഴിക്കുകയും ചെയ്തു. പേർഷ്യക്കാർ ഇതിനെയാണ് ഖബീസ് എന്ന് വിളിക്കുക എന്നും പറഞ്ഞു.
ഒരിക്കൽ തിരുനബിﷺ തണ്ണിമത്തങ്ങയും പഞ്ചസാരയും കൂട്ടി തിന്നത് ഇമാം ബർകാനി മൂസാ ബിൻ ജഅ്ഫറി(റ)ൽ നിന്ന് ഉദ്ദരിച്ചിട്ടുണ്ട്.
സുർക്ക നല്ല കറിയാണെന്നും അതുണ്ടെങ്കിൽ പിന്നെ കറിയില്ലെന്ന് പറയാൻ പറ്റില്ലെന്നും തിരുനബിﷺയിൽ നിന്ന് മഹതി ആഇശ(റ)യും മറ്റും ഉദ്ദരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ തളികയിൽ സുർക്ക കണ്ടത് മുതൽ ഞാൻ അതിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ജാബിർ(റ) പറയുന്നു. മക്കാ വിജയ ദിവസം ഉമ്മുഹാനി(റ)യുടെ വീട്ടിലേക്ക് തിരുനബിﷺ വന്നു. ചില റൊട്ടിക്കഷണങ്ങളും അല്പം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സുർക്കയുണ്ടെങ്കിൽ പിന്നെ കറിയില്ലാത്ത വീടാണെന്ന് പറയാൻ പറ്റില്ല എന്ന് തിരുനബിﷺ പറഞ്ഞത് ഇമാം തിർമിദി(റ) ഉദ്ദരിച്ചിട്ടുണ്ട്.
മറ്റു കറികളൊന്നും ലഭിക്കാതിരുന്നപ്പോൾ റൊട്ടിയും കാരയ്ക്കയും ചേർത്തുവച്ച് ഇതാണ് ഇതിന്റെ കറി എന്ന് പറഞ്ഞു കഴിച്ച അനുഭവം തിരുനബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയിട്ടുണ്ട്. ഇമാം അഹ്മദും(റ) അബൂ യഅ്ല(റ)യും ആണ് അത് ഉദ്ദരിച്ചത്.
സുവൈദ് ബിൻ നുഅ്മാൻ അൽ അൻസ്വാരി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഉദ്ദരിക്കുന്നു. ഞങ്ങൾ നബിﷺയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അല്പം അകലെയുള്ള സഹബാഹ് എന്ന സ്ഥലത്ത് എത്തി. നബിﷺ ഭക്ഷണമുണ്ടോ എന്ന് ചോദിച്ചു. ഗോതമ്പിന്റെയോ ബാർലിയുടെയോ പൊടി കൊണ്ടുണ്ടാക്കിയ സവീഖ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളും തിരുനബിﷺയും അത് കഴിച്ചു. ശേഷം, ഞങ്ങൾ നബിﷺയോടൊപ്പം നിസ്കരിച്ചു. ആ ഭക്ഷണം കഴിച്ചതിന്റെ പേരിൽ വുളൂഅ് ചെയ്തിരുന്നില്ല.
നബി ജീവിതത്തിന്റെ ഓരോ അടരുകളിലും അറിവും അനുഭവവും നിയമവും നിലപാടുകളുമുണ്ടാകും. ചില ഭക്ഷണം കഴിച്ചാൽ പിന്നെ നിസ്കരിക്കാൻ വുളൂഅ് പുതുക്കണമെന്ന ധാരണയുണ്ടായിരുന്നു. അത് തിരുത്താൻ ആവശ്യമായ ജീവിത സമീപനങ്ങൾ തിരുനബിﷺയിൽ നിന്ന് കാണാനിടയായി. അത് അനുയായികൾ രേഖപ്പെടുത്തുകയും കാലത്തിന്റെ നാളെകൾക്കുവേണ്ടി അത് അടയാളപ്പെടുത്തുകയും ചെയ്തു. ഗവേഷണ പണ്ഡിതന്മാർ ആ നിവേദനങ്ങൾ പരിശോധിച്ചു മത നിയമങ്ങൾ ചിട്ടപ്പെടുത്തി. ഒരു ജീവിതം എങ്ങനെയെല്ലാം വായിക്കപ്പെടുകയും എങ്ങനെയെല്ലാം പുനർനിർവചിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തീർത്തും അതുല്യമായ ഉദാഹരണമാണ് നബിജീവിതം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
