Tweet 763

    Tweet 763
    July 16, 2024 • Tuesday
    Post Header

    മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം. ജനങ്ങളോട് അവർക്ക് സാധ്യമാകുന്ന വിധത്തിലുള്ള കാര്യങ്ങൾ നബിﷺ കൽപ്പിക്കും. ഒരിക്കൽ അവരിൽ ചിലർ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ഞങ്ങളെ പോലെ അല്ലല്ലോ! അല്ലാഹു അവിടുത്തേക്ക് കഴിഞ്ഞകാലത്തെയും ശിഷ്ടകാലത്തെയും പാപങ്ങൾ പൊറുത്തു തന്നിരിക്കുകയാണല്ലോ. അഥവാ അവിടുന്ന് പാപ സുരക്ഷിതരല്ലേ. ഇതു കേട്ടപ്പോൾ അവിടുത്തേക്ക് ദേഷ്യമായി. അത് മുഖത്ത് പ്രകടമാവുകയും ചെയ്തു. ശേഷം, ഇങ്ങനെ പറഞ്ഞു. നിങ്ങളിൽ വച്ച് ഏറ്റവും അല്ലാഹുവിനെ അറിയുന്നതും അവനെ സൂക്ഷിച്ചു ജീവിക്കുന്നതും ഞാനാണ്.
    സ്വഹാബികളുടെ ഈ പ്രതികരണത്തിന് ഒരു സാഹചര്യമുണ്ട്. അവിടുന്ന് നിർദ്ദേശിച്ചതിനപ്പുറമുള്ള കർമ്മങ്ങൾ ഞങ്ങൾ ചെയ്താലല്ലേ ഞങ്ങൾക്ക് ഉന്നതങ്ങളിൽ എത്താൻ കഴിയൂ. പാപസുരക്ഷിതത്വമുള്ള അവിടുന്ന് നിർവഹിക്കുന്ന അത്രയും അനുഷ്ഠാനങ്ങൾ കൊണ്ട് മാത്രം ഞങ്ങൾക്ക് രക്ഷപ്പെടാനാകുമോ? ഇതായിരുന്നു അവർ ആലോചിച്ചത്. ഇങ്ങനെ ചിന്തിക്കുന്ന പക്ഷം ഭാരമേറിയ കർമ്മങ്ങൾ ചെയ്യാൻ അവർ ശ്രമിക്കും. അതവർക്ക് പിന്നീട് പാലിക്കാൻ കഴിയില്ല. ഇതായിരുന്നു നബിﷺയെ ദേഷ്യം പിടിപ്പിച്ചത്. എന്നിട്ടും ശാന്തമായി അവരോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നിങ്ങൾക്ക് മാർഗ്ഗദർശിയായി വന്ന ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും തഖ്‌വയും അറിവുമുള്ള ആളാണ്. നിങ്ങൾ അനുഷ്ഠിക്കേണ്ട ആരാധനാകർമങ്ങളാണ് ഞാൻ കാണിച്ചുതരുന്നത്.
    തിരുനബിﷺയുടെ മുഖഭാവവും ശരീരഭാഷയുമാണ് ഈ സന്ദർഭത്തിൽ നിന്ന് നമ്മൾ വായിച്ചത്.
    ഇമാം തുർമുദി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനം കൂടി വായിക്കാം. ബനൂ അബ്ദുൽ അശ്ഹൽ ഗോത്രത്തിലെ ആളുകളുടെ സക്കാത്ത് സമാഹരിക്കാൻ നബിﷺ ഒരാളെ ചുമതലപ്പെടുത്തി. സ്വത്തുമായി വന്ന അദ്ദേഹം അതിൽ നിന്ന് ഒരൊട്ടകത്തെ ആവശ്യപ്പെട്ടു. അവിടുത്തെ മുഖഭാവം മാറി. ഈ ചോദിച്ച കാര്യത്തിൽ അവിടുത്തേക്ക് കോപമുണ്ടെന്ന് മനസ്സിലായി. ചുവന്ന കണ്ണുകളോടെ അവിടുന്ന് ചോദിച്ചു. എന്നോട് ഒരാൾ ആവശ്യപ്പെട്ടത് എനിക്കോ അയാൾക്കോ ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ്. അയാളോട് തരില്ലെന്ന് പറഞ്ഞാൽ ഇല്ലെന്നു പറയാനുള്ള പ്രയാസം ഞാൻ അനുഭവിക്കേണ്ടിവരും. അയാൾക്കു ഞാൻ നൽകിയാൽ എനിക്ക് അയാൾക്ക് വിഹിതം ഇല്ലാത്തത് ഞാൻ കൊടുക്കുകയും അയാൾ സ്വീകരിക്കുകയും വേണ്ടിവരും. ഇതു കേട്ടതും അനുവാചകന്റെ മനസ്സു മാറി. അയാൾ പറഞ്ഞു. അതിൽ നിന്ന് ഒന്നും ഞാൻ ആവശ്യപ്പെടുന്നില്ല.
    അതോടെ തിരുനബിﷺക്ക് സമാധാനമായി. ലോകത്തിനു മുഴുവനും നൽകാനുള്ള സന്ദേശവും കൈമാറിക്കഴിഞ്ഞു.
    സ്വന്തം കാര്യത്തിൽ നബിﷺ ഒരിക്കലും ആരോടും ദേഷ്യപ്പെട്ടിട്ടില്ല. മഹതി ആഇശ(റ)യുടെ സാക്ഷ്യമാണത്. അല്ലാഹുവിന്റെ മഹത്വം പരിഗണിക്കാതെ സംസാരിക്കുകയോ ഇടപെടുകയോ ചെയ്താൽ അല്ലെങ്കിൽ അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമെന്ന് കണ്ടാൽ അവിടെയായിരുന്നു തിരുനബിﷺയുടെ ദേഷ്യവും കോപവുമെല്ലാം. അതീവ ഗൗരവത്തോടെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ സൗമ്യമായി പറഞ്ഞു പോയിട്ട് കാര്യമില്ലല്ലോ. ഒരു കമാൻഡർ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരുന്നാൽ സൈന്യം ശരിയായ രൂപത്തിലാവില്ല. ഒരു അധ്യാപകൻ ശ്രദ്ധയോടെ അഭ്യസിപ്പിക്കേണ്ട കാര്യങ്ങൾ പറയുമ്പോൾ ഫലിതം പറഞ്ഞിരുന്നാൽ വിജയിക്കില്ല. ഇതുപോലെ സീരിയസായി പറയേണ്ട രംഗങ്ങൾ ഒരു സമൂഹത്തെ നയിക്കുമ്പോഴും അനുവാചകർക്ക് അഭ്യാസം നൽകുമ്പോഴുമൊക്കെ സ്വീകരിക്കേണ്ടിവരും. അപ്പപ്പോൾ മികച്ച നിലപാടും ഭാഷയും സ്വീകരിക്കുന്നവരാണ് ആ മേഖലയിൽ എല്ലാം വിജയിച്ചവരായി ഗണിക്കപ്പെടുക. നബി ജീവിതത്തിന്റെ മനോഹരമായ ഒരു അധ്യായമായി അവിടുത്തെ മുഖഭാവവും ശരീരഭാഷയും നമുക്ക് വായിച്ചെടുക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...