
അബൂ ഹുറൈറ(റ) പറയുന്നു. തിരുനബിﷺ പേരക്കുട്ടി ഹുസൈനെ(റ) കയ്യിൽ പിടിച്ചു ഉയർത്തും. കാൽപാദത്തിന്റെ പള്ള ഭാഗത്ത് ചവിട്ടി നിർത്തും. നീളം കുറഞ്ഞ വണ്ണമുള്ളവനെ, ഫാത്വിമ(റ)യുടെ കണ്ണിലുണ്ണീ എന്നിങ്ങനെ വിളിച്ചുകൊണ്ട് കളിപ്പിക്കും. അല്ലാഹുവേ ഞാൻ ഈ മോനെ ഇഷ്ടപ്പെടുന്നു. നീയും ഇഷ്ടപ്പെടേണമേ!
കളിയും കാര്യവും ചേർന്ന പ്രത്യേകമായ ഒരു വിനോദമാണ് നാം വായിച്ചത്. പേരക്കുട്ടിയെ കളിപ്പിക്കുന്നു. അവനെ ചിരിപ്പിക്കാൻ വേണ്ടി കൊച്ചു വർത്തമാനങ്ങൾ പറയുന്നു. ഒപ്പം മകളുടെ പൊന്നുമോനെ എന്ന് പറഞ്ഞ് സന്തോഷിപ്പിക്കുന്നു. പേരക്കുട്ടിയോടുള്ള ഇഷ്ടം പ്രകാശിപ്പിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സ്നേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്ര മനോഹരമായി കുഞ്ഞുങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്ത ഒരു വ്യക്തിയെ എവിടെ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. അനന്തമായ സന്തോഷങ്ങളുടെ സ്വപ്നം പേരക്കുട്ടിയിൽ ചേർത്തുവച്ചു ആലോചിക്കാനും കളിപ്പിക്കാനും വേറെ ആർക്കാണ് ഇത്രമേൽ സാധിക്കുക.
അബൂ ഹുറൈറ(റ) തന്നെ പറയുന്നു. തിരുനബിﷺ പേരക്കുട്ടിയായ ഹസനെ(റ) കളിപ്പിക്കാൻ അവിടുത്തെ നാവ് നീട്ടി കൊടുക്കും. ആവേശത്തോടുകൂടി മകൻ ഓടിവന്നു അതിൽ പങ്കുചേരും. ചിലപ്പോഴൊക്കെ അവർക്ക് വിശക്കുമ്പോഴും ദാഹിക്കുമ്പോഴും ആ തിരുനാവിൽ നിന്ന് തീർത്ഥവും ആശ്വാസവും അവർക്ക് ലഭിച്ചിട്ടുണ്ട്. അല്ലാഹുവിൽ നിന്ന് സന്ദേശങ്ങളെ സ്വീകരിക്കുമ്പോഴും സാധാരണ ജീവിതങ്ങളുടെ സന്തോഷങ്ങൾക്കും സവിശേഷമായ ആവിഷ്കാരം തീർക്കുകയായിരുന്നു പുണ്യ റസൂൽﷺ. തീക്ഷ്ണമായ പരീക്ഷണങ്ങളുടെയും നിറഞ്ഞ പോരാട്ടങ്ങളുടെയും കാലത്തും വീട്ടിലെ സന്തോഷങ്ങൾക്ക് നേരം കണ്ടെത്താൻ, ഇത്രമേൽ ഹൃദയം തുറന്നു ഉറ്റവരോട് സംവദിക്കാൻ എത്ര മനോഹരമായിട്ടാണ് ലോക നേതാവിﷺന് സാധിക്കുന്നത്!
ആ ജീവിതം മുഴുവനും അധ്യാപനമാണ്. ഒരു പൗരന്റെ വ്യവഹാരങ്ങൾ എങ്ങനെയാകണമെന്നും ആനന്ദവിചാരങ്ങൾ ഏതെല്ലാം തലങ്ങളിലേക്ക് പടർന്നെത്താമെന്നും ഫലിതവും വിനോദവും കൗതുകവും കുട്ടിക്കളികളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും അതെല്ലാം പരിഗണിക്കുന്നത് കൊണ്ട് ആത്മീയതക്ക് ഒരു കുറവും വരില്ലെന്നും ഇങ്ങനെ ആ ചരിത്ര വായനയുടെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഏതെല്ലാം ഹൃദയഹാരിയായ സന്ദേശങ്ങളാണ് വായനക്കാരന് വാരിക്കോരി തന്നു കൊണ്ടിരിക്കുന്നത്.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഞാൻ തിരുനബിﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന സഞ്ചാരികൾക്ക് ഭാരമായി തോന്നിയ ചരക്കുകളൊക്കെ എന്റെ മേൽ വെക്കാൻ തുടങ്ങി. അത് കണ്ടുകൊണ്ട് തിരുനബിﷺ എന്റെ സമീപത്തു കൂടി നടന്നു പോയി. അപ്പോൾ നബിﷺ ചോദിച്ചു. ഇതെന്തേ നിങ്ങൾ ചുമട്ടു മൃഗമാണോ?
സാധാരണ നമ്മുടെയും യാത്രകളിലും സഞ്ചാരങ്ങളിലും അനുഭവപ്പെടുന്ന ഒരു രംഗം. കൂട്ടുകാരന്റെ ലഗേജിലേക്ക് ഭാരം നിറയ്ക്കുന്ന ചിത്രം നേതാവായ തിരുനബിﷺയുടെ കണ്ണിൽപ്പെടുന്നു. അത്തരം ഒരു കൗതുക ക്രിയയിൽ കമന്റ് കൊണ്ട് നബിﷺയും ഭാഗമാകുന്നു.
കടുപ്പം നിറഞ്ഞ സിദ്ധാന്തങ്ങളുടെ കഠിന വാചകങ്ങൾ കൊണ്ടല്ല നബിﷺ ലോകത്തോട് സംവദിച്ചത്. ഹൃദയത്തോട് ചേർത്തുവച്ച സ്നേഹവും കരുതലും പച്ചയായ ജീവിതങ്ങളോട് ചേർന്നു നിന്നുകൊണ്ടുള്ള തൊട്ടുരുമ്മലുകളുമാണ് അവിടുന്ന് കാഴ്ചവച്ചത്. ഒരേസമയത്ത് ആശ്വാസത്തിന്റെ തലോടലായും കരുതലിന്റെ കൈകളായും ﷺ നിറഞ്ഞ പുഞ്ചിരിയായും ഫലിതത്തിൽ കൂട്ടുകൂടുന്ന കൂട്ടുകാരനായും ജീവിതത്തിന്റെ വിവിധ തലങ്ങളിൽ തിരുനബിﷺ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അനുയായികൾക്കെല്ലായിടത്തും എല്ലാവരെക്കാളും പ്രിയപ്പെട്ടവരായി അവിടുന്ന് ഉയർന്നുവന്നു. കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇന്നും അത് തണുപ്പും തലോടലുമായി നിറഞ്ഞുനിൽക്കുന്നു. ഇന്നേവരെ ലോകത്ത് ഒരാൾക്കും ലഭിക്കാത്ത അത്രയും സ്വീകാര്യതയോടെ. അതാണ് പുണ്യ റസൂൽﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
