Tweet 717

    Tweet 717
    May 31, 2024 • Friday
    Post Header

    താഴ്മയുടെ പര്യായമായ തിരുനബിﷺയെയാണ് നമ്മൾ ഇതുവരെ വായിച്ചത്. ഇനി ആ ശ്രേഷ്ഠ പ്രവാചകനിﷺലെ ധീരതയെ കുറിച്ചുകൂടി നമുക്ക് മനസ്സിലാക്കാനുണ്ട്. ഉത്തമനായ ഒരു നേതാവിന്റെ പ്രധാന ഗുണങ്ങളിൽ പെട്ടതാണല്ലോ സ്‌ഥൈര്യവും ധൈര്യവും. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ടവർ പ്രവാചകന്മാരാണല്ലോ. അവരിൽ തന്നെ അതിജീവനത്തിന്റെ ഏറ്റവും വലിയ അധ്യായങ്ങൾ രചിച്ചത് തിരുനബിﷺയാണ്.
    കാലുഷ്യങ്ങളുടെയും പോരുകളുടേയും സാമൂഹിക പരിസരത്ത് ആണല്ലോ തിരുനബിﷺ ജനിച്ചു വീണത്. പതിനഞ്ചാം വയസ്സിൽ തന്നെ യുദ്ധഭൂമിയിൽ എത്തിച്ചേരേണ്ട സാഹചര്യം ഉണ്ടായി. ഫിജാർ യുദ്ധത്തിൽ അമ്മാവന്മാരോടൊപ്പമായിരുന്നു അവിടെ എത്തിയത്. പോർക്കളത്തിന്റെ ചൂരും ചൂടും യുദ്ധക്കളത്തിലെ ആയുധപ്രയോഗങ്ങളും അതിജീവനത്തിന് ഉപയോഗിക്കുന്ന അടവുകളും നേരിട്ടു കാണാനുള്ള സാഹചര്യം ആയിരുന്നു അത്. ഫിജാർ യുദ്ധത്തിൽ പങ്കെടുത്ത അനുഭവം പിൽക്കാലത്ത് നബിﷺ അനുയായികളോട് പങ്കുവെച്ചിട്ടുണ്ട്.
    ഉയർന്ന മലയുടെ മുകളിൽ ഏകാന്തമായ ഗുഹാന്തരത്തിൽ നാളുകൾ നീളുന്ന ഏകാന്തവാസം തെരഞ്ഞെടുക്കണമെങ്കിൽ എത്രമേൽ ആത്മധൈര്യവും ആത്മവിശ്വാസവും വേണം. തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാസമായിരുന്നല്ലോ നൂർ പർവതത്തിനു മുകളിലുള്ള ഹിറാ ഗുഹയിലെ താമസം. സ്വന്തം ആത്മാവിനോടും പ്രപഞ്ചത്തിന്റെ അധിപനോടും സംഭാഷണം നടത്താനുള്ള അനുഗ്രഹീത ഇടം ആയിട്ടാണ് തിരുനബിﷺ അതിനെ കണ്ടത്. ഗുഹാന്തരത്തിൽ ഇരുന്ന് കഅ്ബാലയത്തെ നോക്കുന്നത് നബിﷺക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്ന അനുഷ്ഠാനമായിരുന്നു.
    നാടു മുഴുവനും നിലനിന്നിരുന്ന അനാശാസ്യതകൾക്കെതിരെ നാട്ടുപ്രമുഖന്മാരെ പോലും വകവെക്കാതെ ഉറച്ചു നിന്ന് നിലപാട് പ്രഖ്യാപിക്കണമെങ്കിൽ എത്രമേൽ ആത്മധൈര്യമാണ് ആവശ്യമുള്ളത്! മക്കയിലെ സമൂഹ ഘടനയിൽ കാലങ്ങളായി ആഴത്തിൽ പതിഞ്ഞുകിടക്കുന്ന അരുതായ്മകൾക്കെതിരെയായിരുന്നു നബിﷺക്ക് ശബ്ദിക്കേണ്ടിയിരുന്നത്. അത് അത്രമേൽ സുഖകരമായ ഒരു കാര്യമായിരുന്നില്ല.
    ഒരുപാട് അനാവശ്യങ്ങൾ അവർക്ക് ആരാധനയോ പുണ്യകർമ്മമോ ആയിരുന്നു. ഒരുപാട് ദുശക്തികൾ അവരുടെ ദൈവമോ പ്രതിഷ്ഠയോ ആയിരുന്നു. നിരവധി ദുർവിചാരങ്ങൾ അവർക്ക് വേദവാക്യങ്ങൾ ആയിരുന്നു. മദ്യം നിവേദ്യം പോലെയായിരുന്നു അവർ പാനം ചെയ്തിരുന്നത്. ലൈംഗിക വഴികേടുകൾ അവരുടെ സംസ്കാരത്തിന്റേതായിട്ടാണ് അവർ കണ്ടിരുന്നത്. പെൺ ജന്മങ്ങളെ കുഴിച്ചുമൂടുന്നതിൽ ഒരു കൊതുകിനെ കൊല്ലുന്ന ലാഘവം പോലും അവർക്ക് ഉണ്ടായിരുന്നില്ല. അടിമ സമ്പ്രദായം അവരുടെ സാമ്പത്തിക സ്രോതസ്സുകളിൽ സുപ്രധാനമായിരുന്നു. ഇങ്ങനെയുള്ള ഒരു ജനതയുടെ മുമ്പിൽ നിവർന്നു നിന്നുകൊണ്ട് അരുതെന്ന് ശബ്ദം ഉയർത്താൻ ലോകത്ത് തന്നെ ഏറ്റവും വലിയ ധൈര്യവാനേ സാധിക്കുമായിരുന്നുള്ളൂ.
    അന്നുവരെ ആറ്റുനോറ്റു പരിപാലിച്ചവരും സത്യസന്ധനും വിശ്വസ്തനുമായി കൊണ്ടുനടന്നവരും പ്രിയപ്പെട്ട പിതാവിന്റെ സഹോദരന്മാരും തിരുനബിﷺയുടെ ശിരസ്സെടുക്കാൻ തീരുമാനിക്കുന്നത് വരെയെത്തി എന്നത് പ്രവാചകൻﷺ ഉയർത്തിയ ധർമ്മസ്വരത്തിന്റെ ഊക്ക് എത്രമേൽ ശക്തമായിരുന്നു എന്നതിന്റെ തെളിവാണ്. ജീവനേക്കാൾ വലുതായി ഒരു ആദർശത്തെ എങ്ങനെ സ്നേഹിക്കാമെന്ന് ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാവാണ് മുഹമ്മദ് നബിﷺ. ഒരു ആദർശത്തെ സ്ഥാപിക്കണമെന്നതിലുപരി മറ്റൊരു താൽപര്യവും ഇല്ലാത്ത വിധം ആദർശത്തിനു വേണ്ടി നിലകൊണ്ടതിലും ഏറ്റവും മുന്നിൽ മുഹമ്മദ് നബിﷺ തന്നെയായിരിക്കും. അറിവും അനുഷ്ഠാനവും നീതിയും സത്യസന്ധതയും ധിഷണയും ആത്മശക്തിയും എല്ലാം ചേർത്തുവച്ചുകൊണ്ട് തിരുനബിﷺ ഉയർത്തിയ ധർമ്മസ്വരങ്ങളുടെ ഊർജ്ജമാണ് നബിﷺയിലെ ധൈര്യത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...