Tweet 703

    Tweet 703
    May 17, 2024 • Friday
    Post Header

    സുമാമ(റ) തുടർന്നു. പ്രവാചകരേﷺ, ഞാനിന്നു വരെ ഏറ്റവും വെറുത്തിരുന്ന മുഖം അവിടുത്തേതായിരുന്നു. പക്ഷേ, ഇന്നുമുതൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന വദനം അവിടുത്തേതാണ്. ഞാനേറ്റവും വെറുത്തിരുന്ന നാട് മദീനയും മതം ഇസ്‌ലാമുമാണ്. ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട മതം ഇസ്‌ലാമും നാട് മദീനയുമാകുന്നു. ഇപ്പോൾ ഈ മതവും പട്ടണവും മനസ്സിന് കുളിർമ്മയേകുന്നതാണ്.
    അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ അനുയായികളോട് ഞാൻ ശത്രുതയോടെ പെരുമാറുകയും അക്രമിക്കുകയും ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്. അർഹമായ ശിക്ഷ അവിടുന്ന് നൽകിയാലും. താൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ചോർത്തപ്പോൾ അദ്ദേഹത്തിന് മനഃസ്താപം ഉണ്ടാവുകയും നബിﷺയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
    സുമാമാ, അത് സാരമാക്കേണ്ട. ഇസ്‌ലാം പുൽകിയതോടെ അതിന് മുമ്പുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥ മുസ്‌ലിമിന് അല്ലാഹു നൽകുന്ന പ്രതിഫലം അനുപമവും അനശ്വരവുമാണ്. തിരുദൂതർﷺ സാന്ത്വനിപ്പിച്ചു. സുമാമ(റ)യുടെ മുഖം പ്രസന്നമായി. പശ്ചാത്താപ നിർഭരമായ ഹൃത്തടം കണ്ണുകളെ നനച്ചു.
    അദ്ദേഹം തുടർന്നു: അല്ലയോ പ്രവാചകരെﷺ, അവിടുത്തെ അനുയായികളോട് ഞാൻ ചെയ്ത ദ്രോഹത്തിനും മർദ്ദനമുറകൾക്കും പ്രായശ്ചിത്തമെന്നോണം ഇസ്ലാമിനു വേണ്ടിയുള്ള പടക്കളത്തിൽ ഞാൻ സജീവമായി ഉണ്ടാകും. എന്റെയും സഹചരരുടെയും ശരീരവും വാളും ഇസ്‌ലാമിന്റെ പുരോഗതിക്കും വിജയത്തിനും വേണ്ടി ഞാൻ ഉപയോഗിക്കും. റസൂലേﷺ, ഉംറ നിർവ്വഹിക്കാൻ മക്കയിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഇവരെന്നെ പിടികൂടി ഇവിടെയെത്തിച്ചത്. അതിനാൽ ഞാനിനി എന്തുവേണം? ഇസ്‌ലാമിക നിയമപ്രകാരം നിങ്ങൾ മക്കയിൽ പോയി ഉംറ നിർവഹിക്കണം. നബിﷺ പറഞ്ഞു. ഇസ്‌ലാമിക ശരീഅത്തനുസരിച്ചുള്ള ഉംറയുടെ അനുഷ്ഠാന രീതികൾ അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. സുമാമ(റ) ഉംറ നിർവഹിക്കാൻ മക്കയിലേക്ക് യാത്രയായി. ഉറക്കെ തൽബിയ്യത്ത് (ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്) ചൊല്ലി. നാഥാ, നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് കൂട്ടുകാരില്ല. സർവ സ്തുതിയും അനുഗ്രഹങ്ങളും എല്ലാ ഉടമാവകാശങ്ങളും നിനക്കാകുന്നു. നിനക്ക് പങ്കുകാരില്ല. ഈ തൽബിയത്ത് മക്കയെ ആവേശം കൊള്ളിച്ചു. മക്കയിൽ വച്ച് ‘ലബ്ബൈക്കല്ലാഹുമ്മ’ എന്ന സ്‌തോത്രം ആദ്യമായി ഉരുവിട്ട മുസ്‌ലിം സുമാമത്തുബ്‌നു ഉസാൽ(റ) ആയിത്തീർന്നു.
    സുമാമ(റ)ന്റെ ഉച്ചത്തിലുള്ള ലബ്ബൈക്കിന്റെ ശബ്ദം ഖുറൈശികളുടെ കർണപുടങ്ങളിൽ മുഴങ്ങി. തങ്ങളുടെ പൂർവ്വപിതാക്കൾ പ്രതിഷ്ഠിച്ച ലാത്ത, ഉസ്സമാരുടെ അടിവേരറുത്തുകളായൻ മാത്രം ശക്തമായ ശബ്ദമായി അതനുഭവപ്പെട്ടു. അവർക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ഊരിപ്പിടിച്ച വാളുമായി ശബ്ദം കേട്ട ദിക്കിലേക്ക് അവർ ഓടിയടുത്തു. യമാമയിലെ ഭരണാധികാരിയായ സുമാമ ബിൻ ആദിലാ(റ)ണ് അതെന്ന് തിരിച്ചറിഞ്ഞ അവർ സ്തംഭിച്ചു നിന്നു. സുമാമ(റ)യെ കയ്യേറ്റം ചെയ്താൽ മക്കക്കാരുടെ കച്ചവടമാർഗം അടയുമെന്ന് ബോധ്യമായപ്പോൾ വാൾ ഉറയിലിട്ട് ശാന്തരായി സുമാമ(റ)യെ സമീപിച്ചു. അവർ വിവരങ്ങൾ അന്വേഷിച്ചു. ഇത് മഹാകഷ്ടമായി പോയല്ലോ നിങ്ങൾക്ക് എന്തുപറ്റി? ചിലർ അദ്ദേഹത്തോട് ചോദിച്ചു. ഉടനടി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
    ഇല്ല. എനിക്ക് പിഴച്ചിട്ടില്ല. ഞാൻ ഉത്തമമായ ഒരു മാർഗം അഥവാ മുഹമ്മദുർറസൂലിന്റെﷺ മാർഗമാണ് അവലംബിക്കുന്നത്. ഞാനൊരു കാര്യം നിങ്ങളെ പ്രത്യേകം ഉണർത്തുന്നു. നിങ്ങളിൽ അവസാനത്തെ ആളും ഇസ്‌ലാം സ്വീകരിക്കാതെ ഞാൻ യമാമയിൽ മടങ്ങിയെത്തിയാൽ ഒരുമണി ധാന്യം പോലും ഇനി മക്കയിലേക്ക് അയക്കാൻ അനുവദിക്കുകയില്ല.
    സുമാമ(റ) ഉംറയും ബലികർമങ്ങളും നിർവ്വഹിച്ചു നാട്ടിലേക്ക് മടങ്ങി. സ്വദേശത്ത് എത്തിയ ഉടനെ ഖുറൈശികൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തന്റെ ജനതയോട് കൽപിച്ചു. ഉപരോധം മക്കാ നിവാസികളെ ബാധിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. പട്ടിണിയും കഷ്ട്പാടുകളും തിരിച്ചുവന്നു. കൂട്ടമരണത്തിലേക്ക് ഇത് തങ്ങളെ തള്ളിവിടുമോ എന്നുവരെ അവർ ആശങ്കപ്പെട്ടു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...