Tweet 702

    Tweet 702
    May 16, 2024 • Thursday
    Post Header

    തിരുനബിﷺയെപ്പോഴും സമുദായത്തിന്റെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു. അവർക്ക് നന്മയുണ്ടാകുന്ന എന്തിനെയും അവിടുന്ന് പിന്തുണച്ചു. അവർക്ക് വിപത്തുണ്ടാകുന്നതൊന്നും സംഭവിക്കല്ലേ എന്നവിടുന്ന് ആഗ്രഹിച്ചു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ ഒരു പ്രാർത്ഥന കാണാം. അല്ലാഹുവേ എന്റെ സമുദായത്തിന്റെ കാര്യം ഏറ്റെടുക്കുകയും അതിൽ പ്രയാസം നൽകുകയും ചെയ്യുന്നവരെ നീ പ്രയാസപ്പെടുത്തേണമേ! എന്റെ സമുദായത്തിന്റെ കാര്യം ഏറ്റെടുക്കുകയും അവർക്ക് ക്ഷേമം നൽകുകയും ചെയ്യുന്നവർക്ക് നീ ക്ഷേമം നൽകേണമേ!
    ഇശാഅ് നിസ്കാരം രാത്രിയിൽ അധികം വൈകാതെ നിർവഹിക്കാൻ നിർദ്ദേശിക്കുമ്പോഴും ഉമ്മത്തിന്റെ ക്ഷേമവും സംതൃപ്തിയും ആയിരുന്നു മുന്നിൽ വച്ചത്. വിശുദ്ധ റമളാനിലെ രാത്രിയിൽ അവിടുന്ന് പ്രത്യേകം നിസ്കാരം നിർവഹിച്ചു. പല ദിവസങ്ങൾ ആയപ്പോൾ ആളുകൾ ആവേശത്തോടെ അധികം എത്തിച്ചേർന്നു. ഇങ്ങനെ തുടർന്നാൽ ഒരുപക്ഷേ നിർബന്ധമാക്കപ്പെടുമോ എന്ന് അവിടുന്ന് ആശങ്കപ്പെട്ടു. നിസ്കാരത്തിൽ പോലും സമുദായത്തിന് പ്രയാസകരമായത് ഉണ്ടാവരുതെന്ന് തിരുനബിﷺ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവിടുത്തെ നിസ്കാരം പരസ്യമായി നിർവഹിക്കുന്നതിന് പകരം സ്വകാര്യമായി വീട്ടിലേക്കു മാറ്റി. കാര്യമന്വേഷിച്ചപ്പോഴാണ് ഇത് നിർബന്ധമാക്കപ്പെട്ടാൽ നിങ്ങൾക്ക് ഭാരമാകും എന്ന് കരുതിയാണ് ഞാൻ ഈ നടപടി സ്വീകരിച്ചത് എന്ന് തിരുനബിﷺ വിശദീകരിച്ചു.
    തിരുനബിﷺയിൽ നിറഞ്ഞുനിന്ന കാരുണ്യത്തിന്റെ പ്രഭാവങ്ങളെ അടയാളപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. യമാമയിലെ സുമാമയുടെ സംഭവം അതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബദ്ധവൈരിയായിരിക്കെ അദ്ദേഹം മക്ക സന്ദർശിക്കാൻ പുറപ്പെട്ടു. അദ്ദേഹത്തെ മദീനയുടെ പരിസരത്തുവെച്ച് മുസ്‌ലിം സൈന്യം കണ്ടു മുട്ടി. മദീനയെ അക്രമിക്കാൻ വല്ല ശത്രുസൈന്യവും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അവർ. മുമ്പ് കണ്ടിട്ടില്ലാത്ത ഈ അപരിചിതനെ അവർ പിടികൂടി മസ്ജിദുന്നബവിയുടെ ഒരു തൂണിൽ ബന്ധിച്ചു.
    എന്നാൽ സുമാമയെ തിരുനബിﷺ തിരിച്ചറിഞ്ഞു. അനുചരന്മാരോട് അവിടുന്ന് പറഞ്ഞു: ‘’നിങ്ങൾ ബന്ധനസ്ഥനാക്കിയയാൾ ആരാണെന്നറിയാമോ? ഇതാണ് സുമാമത്തുബ്‌നു ഉസാൽ. ഇദ്ദേഹത്തോട്. മര്യാദകേടൊന്നും കാണിക്കരുത്. മാന്യമായി പെരുമാറുക.’’
    അനന്തരം തിരുദൂതർﷺ തന്റെ വീട്ടുകാരോട് സുമാമത്തിന് ഭക്ഷണം തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അവരദ്ധേഹത്തിന് ഭക്ഷണപാനീയങ്ങൾ നൽകി മാന്യമായി പരിചരിച്ചു. ശേഷം, തിരുദൂതർﷺ സുമാമയുടെ അടുത്ത് ചെന്ന് വിശേഷണങ്ങൾ ആരാഞ്ഞു.
    എന്തുണ്ട് വിശേഷം? സുമാമ പറഞ്ഞു: നല്ല വിശേഷം. എനിക്കൊരു കാര്യം പറയാനുണ്ട്.
    നബിﷺതങ്ങൾ അനുമതി നൽകിയപ്പോൾ അദ്ദേഹം മനസ്സ് തുറന്നു. അവിടുന്ന് എന്നെ വധിക്കുകയാണെങ്കിൽ അത് തികച്ചും നീതി മാത്രമായിരിക്കും. മറിച്ച്, എനിക്ക് മാപ്പ് നൽകുകയാണെങ്കിൽ ഞാൻ അതീവ നന്ദിയുള്ളവനായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിന് പ്രതിഫലമായി എന്തും നൽകാൻ ഞാൻ ഒരുക്കമാണ്. സുമാമയുടെ അഭ്യർത്ഥന തിരുനബിﷺ സ്വീകരിച്ചു. ഇദ്ദേഹത്തെ നിരുപാധികം വിട്ടയക്കുക എന്ന് തിരുദൂതർﷺ കൽപന നൽകി. ബന്ധനമുക്തനായ സുമാമ മസ്ജിദുന്നബവിയിൽ നിന്ന് പുറത്തിറങ്ങി. മദീനയുടെ പ്രാന്തത്തിലുള്ള ബഖീഇലെ ഒരു കാരക്കത്തോട്ടത്തിൽ ചെന്നു. ഒട്ടകപ്പുറത്തു നിന്നിറങ്ങി. അവിടെയുള്ള ചെറിയ ഒരു ജലാശയത്തിൽനിന്ന് ശരീരവും വസ്ത്രവും കഴുകി ശുദ്ധിയാക്കി. ശേഷം, തിരുദൂതരുﷺടെ സന്നിധിയിലേക്ക് തന്നെ മടങ്ങിച്ചെന്നു. നബിﷺ അപ്പോൾ ശിഷ്യഗണങ്ങൾക്ക് ജ്ഞാനം പകരുകയായിരുന്നു. സുമാമ സദസ്സ്യരെ സാക്ഷിനിർത്തി ഉറക്കെ മൊഴിഞ്ഞു. ‘അശ്ഹദു…’ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. സത്യസാക്ഷ്യവചനം ഉരുവിട്ടു അദ്ദേഹം മുസ്‌ലിമായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...