
അബൂ ഉമാമ(റ)യെ ബാഹിലയിലേക്ക് നിയോഗിച്ചത്….
അബൂ ഉമാമ സുദൈയ്യ് ബിന് അജ്‌ലാൻ(റ) പറയുന്നു. എന്റെ ജനതയിലേക്ക് തന്നെ തിരുനബിﷺ എന്നെ നിയോഗിച്ചു. അല്ലാഹുവിലേക്കും ഇസ്ലാമിക വിധിവിലക്കുകളിലേക്കും ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. അതുപ്രകാരം ഞാൻ നാട്ടിലെത്തി. ആദരപൂർവ്വം നാട്ടുകാർ എന്നെ സ്വാഗതം ചെയ്തു. സുദയ്യ് ബിൻ അജ്ലാനി(റ)നു മംഗളം എന്നവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് അവർ ചോദിച്ചു. അല്ല നിങ്ങൾ സാബി മതക്കാരനായോ? പുതിയ ആദർശവുമായി രംഗത്തുവന്ന ആ വ്യക്തിയെ നിങ്ങൾ അനുകരിച്ചു എന്നാണല്ലോ കേൾക്കുന്നത്. ഞാൻ പറഞ്ഞു, അങ്ങനെയല്ല. ഞാൻ അല്ലാഹുവിൽ നിന്നുള്ള മതം, ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഞാൻ അല്ലാഹുവിലും അവന്റെ ദൂതനിലുംﷺ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ദൂതനാﷺണ് എന്നെ നിങ്ങളിലേക്ക് പ്രബോധകനായി അയച്ചത്.
സംഭാഷണത്തിനിടയിൽ അവർ ഭക്ഷണത്തളിക കൊണ്ടുവന്നു വച്ചു. തളികക്ക് ചുറ്റും അവരെല്ലാവരും ഇരുന്ന് എന്നെയും ക്ഷണിച്ചു. അല്ലാഹുവിന്റെ നാമത്തിൽ അറുക്കപ്പെട്ടതല്ലാത്തതൊന്നും മാംസത്തിൽ നിന്ന് ഭക്ഷിച്ചു കൂടാ എന്ന് പഠിപ്പിച്ച പ്രവാചകന്റെﷺ അടുക്കൽ നിന്നാണ് ഞാൻ വരുന്നത്. അല്ലാഹു തന്നെ ആ നിയമം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. തുടർന്നു ഞാൻ വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായത്തിലെ മൂന്നാം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്……… ” വീണ്ടും ഞാൻ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവരെന്നെ നിരാകരിക്കുകയും വിമർശിക്കുകയും ചെയ്തു.
അപ്പോഴേക്കും ഞാൻ ദാഹിച്ചു വിശന്ന് വിഷണ്ണനായി. വിശപ്പിന്റെ കാഠിന്യം കൊണ്ട് ഞാൻ അവരോട് പറഞ്ഞു. നിങ്ങളുടെ അവസ്ഥ എത്രമാത്രം കഷ്ടം. എനിക്ക് എന്തെങ്കിലും ഭക്ഷണപാനീയങ്ങൾ തരൂ. എനിക്ക് വല്ലാതെ ദാഹിക്കുന്നു. അല്പം കുടിവെള്ളമെങ്കിലും തരൂ… അവർ പറഞ്ഞു. നിങ്ങൾക്കൊന്നും തരില്ല. നിങ്ങൾ ദാഹിച്ചു വിശന്നു മരിച്ചോളൂ. ഞാനെന്റെ തലപ്പാവ് എടുത്ത് തലയ്ക്ക് വെച്ച് പൊള്ളുന്ന ചൂടിൽ കിടന്നപ്പോഴേക്കും ഉറങ്ങിപ്പോയി. എന്റെ കണ്ണടഞ്ഞതും കിനാവിൽ പാൽപ്പാത്രവുമായി ഒരാൾ എന്റെ അടുക്കൽ വന്നു. നിറയെ പാലുള്ള പാത്രം എനിക്ക് വച്ചു നീട്ടി. അതിലൊന്ന് നന്നായി പാനം ചെയ്ത് പള്ള നിറഞ്ഞു. ഇത്രമേൽ രുചിയുള്ള പാൽ ഒരിക്കലും ആർക്കും ലഭിച്ചിട്ടുണ്ടാവില്ല. എന്റെ വയറു നിറഞ്ഞു ഞാൻ ആരോഗ്യവാനായി.
അപ്പോഴേക്കും ജനങ്ങൾ പറഞ്ഞു തുടങ്ങി. മാന്യനായ ഒരാൾ നമ്മുടെ ഇടയിലേക്ക് വന്നിട്ട് നമ്മൾ അയാളെ അവഗണിച്ചു. അയാളെ പട്ടിണിക്കിട്ടു. അതുകൊണ്ട് ആരെങ്കിലും എത്രയും വേഗം പോയി അദ്ദേഹത്തിന് ഭക്ഷണപാനീയങ്ങൾ നൽകൂ. ആളുകൾ എന്റെ അടുക്കലേക്ക് ഭക്ഷണപാനീയങ്ങളുമായി വന്നു. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നിങ്ങളുടെ ഭക്ഷണവും പാനീയവും ഒന്നും ആവശ്യമില്ല. അല്ലാഹു എന്റെ വിശപ്പടക്കുകയും ദാഹം മാറ്റുകയും ചെയ്തിരിക്കുന്നു. നോക്കൂ ഞാൻ എത്ര ആരോഗ്യവാനാണ്. എനിക്ക് യാതൊരു ക്ഷീണവും ഇല്ലല്ലോ. അവർ നോക്കിയപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. ആ പ്രദേശത്തെ അവസാനത്തെ ആൾ വരെയും ഇസ്ലാം സ്വീകരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
