
ഇരുപത്തി ഒന്ന്.
ഗാലിബ് ബിൻ അബ്ദുല്ല അല്ലയ്സി(റ)യുടെ നീക്കം.
ഹിജ്റയുടെ ഏഴാം വർഷം റമളാനിലായിരുന്നു ഈ സൈനിക നീക്കം. ബനൂ ഉവാൽ, ബനൂ അബ്ദു ബിൻ സഅ്ലബ എന്നീ ഗോത്രങ്ങളിലേക്ക് തിരുനബിﷺ ഗാലിബി(റ)നെ അയച്ചു. തിരുനബിﷺയുടെ പരിചാരകൻ യസാർ(റ) ആയിരുന്നു വഴികാട്ടി വിജയകരമായി സൈനിക നീക്കം പൂർത്തീകരിക്കുകയും മദീനയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ഇതിനിടയിലാണ് വേറിട്ട ഒരു സംഭവം ഉണ്ടായത്. ഗാലിബി(റ)ന്റെ സംഘത്തിൽ ഉണ്ടായിരുന്ന ഉസാമത്തുബിനു സയ്യിദ്(റ) തന്റെ പ്രതിയോഗിയായി വന്ന നെഹിയക് ബിൻ മിർദാസ് അൽ അസ്ലമിയെ വധിച്ചു കളഞ്ഞു. ദീർഘനേരത്തെ പോരാട്ടത്തിന് ശേഷം കൊല്ലപ്പെടുന്നതിനു മുമ്പ് അയാൾ സത്യ വാചകം ചൊല്ലിയിരുന്നു. അത് കേവലം രക്ഷപ്പെടാൻ ആയിരിക്കും എന്ന് കരുതി ഉസാമ(റ) അത് പരിഗണിച്ചില്ല. എന്നാൽ, ഈ വിവരം പ്രവാചകൻﷺ അറിഞ്ഞപ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ മനസ്സ് തുറന്നു നോക്കിയിരുന്നോ എന്നായിരുന്നു ചോദിച്ചത്. ഉസാമ(റ)യുടെ ഈ നടപടിയുടെ അപകടം തിരുനബിﷺ സൂചിപ്പിക്കുകയും ചെയ്തു.
ഉസാമ(റ) തന്റെ നടപടിയുടെ ഗൗരവത്തെ അത്രമേൽ ആലോചിച്ചിരുന്നില്ല. തിരുനബിﷺ അത് പ്രാധാന്യത്തോടെ എടുക്കുകയും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് പരിഹാര ധനം നൽകുകയും ചെയ്തു.
കേവലമായ ഒരു കക്ഷിത്വമോ ഒരു പാർട്ടിവിചാരമോ അല്ല തിരുനബിﷺ ഇവിടെ ഉയർത്തി കാണിച്ചത്. മറിച്ച് സത്യവാചകത്തിന്റെ പ്രാധാന്യവും ഇരുലോകരക്ഷക്കാവശ്യമായ അടിസ്ഥാന വിശ്വാസവും എത്രമേൽ മഹത്വമുള്ളതാണ് എന്ന് പഠിപ്പിക്കുകയായിരുന്നു. ഒരു വ്യക്തിയുടെ വാചകത്തിനും പ്രസ്താവനയിലും മറ്റുള്ളവർ നൽകേണ്ട പരിഗണനയും ശുഭപ്രതീക്ഷയും കൂടി ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ധാരണ അപരന്റെ മേൽ അടിച്ചേൽപ്പിക്കരുതെന്നും അവന്റെ വിശ്വാസത്തെയും മനോഗതിയെയും അവന്റെ പ്രസ്താവനയിൽ വിശ്വസിച്ച് അംഗീകരിക്കണമെന്നും വളരെ വിശാലാർഥത്തോടെ നബിﷺ ലോകത്തോട് പറയുകയായിരുന്നു.
മുഹമ്മദ് ബിൻ സലമ(റ) പറയുന്നു. ബശീർ ബിനു സഅദി(റ)നും മറ്റും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് തിരുനബിﷺയുടെ അടുക്കൽ വിവരം എത്തി. അവിടുന്ന് സുബൈർ ബിൻ അവ്വാമി(റ)നെ വിളിച്ചു. ഒരു സംഘത്തെ തയ്യാർ ചെയ്തു. ബശീർ ബിൻ സഅദിനെ(റ)യും മറ്റും അക്രമിച്ചവരെ ലക്ഷ്യം വെച്ച് നീങ്ങാൻ പറഞ്ഞു. നിങ്ങൾ അവരെ കണ്ടെത്തിയാൽ അവരെ പൂർണമായും പരാജയപ്പെടുത്തുക. 200 അംഗങ്ങളെ ഒരു സംഘത്തോടൊപ്പം പതാക നൽകി നിയോഗിച്ചു. കദീദ് എന്ന പ്രവിശ്യയിൽ നിന്ന് ഗാലിബ് ബിൻ അബ്ദുല്ല(റ)യും മുന്നോട്ടുവന്നു. അല്ലാഹു അവരെ വിജയിപ്പിച്ചു.
നയതന്ത്ര മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിജയഗാഥ ആയിരുന്നു ഇത്. ശത്രുക്കളെ പൂർണമായി പരാജയപ്പെടുത്താനും ഇസ്ലാമിനെയും പ്രവാചകനെﷺയും നേരിടുന്നത് അത്ര എളുപ്പമല്ല എന്ന ബോധ്യം ഒരുപാട് ആളുകളിൽ എത്തിക്കാനും ഈ നയതന്ത്ര നീക്കത്തിന് സാധിച്ചു.
കൃത്യമായ ഒരു ആശയത്തെയും ഒരു ലക്ഷ്യത്തെയും സ്ഥാപിക്കാൻ വേണ്ടിയാണ് മദീനയിൽ നിന്നുള്ള സൈനിക നീക്കങ്ങൾ എന്നും കേവലമായ ഒരു രാജ്യത്തിന്റെയോ ഒരു സൈന്യത്തിന്റെയോ അധികാരം ലക്ഷ്യം വെച്ചുകൊണ്ട് അല്ല എന്നും ചരിത്രത്തോട് തന്നെ അടയാളപ്പെടുത്താൻ ഈ സംഭവങ്ങൾക്ക് സാധിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
