Tweet 546

    Tweet 546
    December 12, 2023 • Tuesday
    Post Header

    ഇരുപത്.
    അംറ്ബിന് ഉമയ്യ(റ)യുടെ നീക്കങ്ങൾ.
    ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ അബൂസുഫിയാൻ ഖുറൈശികളിൽ ഒരു സംഘത്തോട് പറഞ്ഞു. ആരാണ് മുഹമ്മദ് നബിﷺയെ ചതിപ്രയോഗത്തിലൂടെ ഒന്ന് കൈകാര്യം ചെയ്യാൻ മുന്നോട്ടു വരിക. മുഹമ്മദ് നബിﷺ അങ്ങാടിയിലൂടെ സഞ്ചരിക്കുന്ന ആളാണല്ലോ. ഇത് കേട്ട ഗ്രാമീണനായ ഒരു അറബി അബൂസുഫിയാന്റെ വീട്ടിൽ വന്നു. എന്നിട്ടയാൾ അദ്ദേഹത്തോട് പറഞ്ഞു. ധീരനും ശക്തനും നേതാവുമായ നിങ്ങൾ എനിക്ക് പ്രചോദനം നൽകിയാൽ മേൽപ്പറയപ്പെട്ട ദൗത്യം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എന്റെ പക്കൽ നല്ല കുന്തവും കഠാരയും മറ്റും ഉണ്ട്. ഉടനെ അബൂസുഫിയാൻ പറഞ്ഞു നിങ്ങൾ തന്നെയാണ് എന്റെ ചങ്ങാതി. ശേഷം, ഒരൊട്ടകവും അതിനാവശ്യമായ ചെലവുകളും നൽകി. കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു വരാൻ ആശംസിച്ചു യാത്രയാക്കി. ഉടനെ അയാൾ പുറപ്പെടുകയും അഞ്ചു രാത്രി തുടർച്ചയായി സഞ്ചരിക്കുകയും ചെയ്തു.
    ആറാം ദിവസം പ്രഭാതമായപ്പോൾ മദീനയിൽ എത്തി. പ്രവാചകനെﷺ കുറിച്ച് അന്വേഷിച്ചു. കൃത്യമായ വിവരം ലഭിച്ചപ്പോൾ തന്റെ വാഹനം കിട്ടിയതിനുശേഷം അയാൾ നബിﷺയെ തേടിയിറങ്ങി. നബിﷺ അപ്പോൾ ബനൂഅബ്ദുൽ അശ്ഹൽ പള്ളിയിൽ ഇരിക്കുകയായിരുന്നു. അയാളെ കണ്ട മാത്രയിൽ തന്നെ തിരുനബിﷺ പറഞ്ഞു. ഇയാൾ ചതി പ്രയോഗം നടത്താൻ വേണ്ടി വരികയാണ്. പക്ഷേ അല്ലാഹു അവന്റെയും എന്റെയും ഇടയിൽ മറയിട്ടിരിക്കുന്നു. അയാൾ നബിﷺയുടെ അടുത്തേക്ക് വന്നതും ഉസൈദ് ബിൻ ഹുളൈർ(റ) അയാളെ പിടികൂടി. അയാളുടെ തുണിയിൽ കടന്നുപിടിക്കാനും കൈവശം കരുതിയിരുന്ന കഠാര നിലത്തുവീണു. അപ്പോൾ എന്റെ രക്തമേ എന്റെ രക്തമേ എന്ന് അയാൾ വിലപിച്ചു. ഉടനെ നബിﷺ ഇടപെട്ട് അയാളോട് പറഞ്ഞു. നിന്റെ ഉദ്ദേശ്യം എന്താണെന്ന് സത്യസന്ധമായി നീ പറയൂ. അപ്പോൾ അയാൾ തിരിച്ചു ചോദിച്ചു എങ്കിൽ എനിക്ക് സുരക്ഷിതത്വം ഉണ്ടോ. നബിﷺ പറഞ്ഞു, അതെ.
    അപ്പോഴയാൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. അബൂസുഫിയാൻ തന്നെ ഏൽപ്പിച്ച ദൗത്യത്തെ കുറിച്ച് വിശദീകരിച്ചു. നബിﷺ അയാളെ സുരക്ഷിതമായി വിട്ടയച്ചു. നബിﷺയുടെ ജീവിതവും പെരുമാറ്റങ്ങളും എല്ലാം നേരിട്ടു കണ്ട് അദ്ദേഹം ക്രമേണ ഇസ്ലാം സ്വീകരിച്ചു. എന്നിട്ടയാൾ അയാളുടെ അനുഭവം പറഞ്ഞു. ഞാൻ പ്രകൃതിപരമായി ഭയം ഉള്ള ആളല്ല. പക്ഷേ, ഇവിടേക്ക് വന്നപ്പോഴേക്കും എന്റെ ശക്തി ക്ഷയിക്കുകയും ബുദ്ധി ഭ്രമിക്കുകയും ചെയ്യുന്നതുപോലെ അനുഭവപ്പെട്ടു. ഞാൻ ലക്ഷ്യംവെച്ച് വന്ന കാര്യം സാധിക്കില്ലെന്ന് എനിക്ക് ബോധ്യമായി. ഒരാളും അറിയാതെ ഞാൻ സ്വകാര്യമായി വെച്ച ലക്ഷ്യം എനിക്ക് നടക്കില്ലെന്നായി. അവിടുന്ന് സുരക്ഷിതനും സത്യസന്ധമായ പാതയിൽ നിൽക്കുന്നവരും ആണെന്ന് എനിക്ക് വ്യക്തമായി. നിശ്ചയം അബൂസുഫിയാൻ പിശാചിന്റെ പക്ഷത്താണ്. ഇത്രയും കേട്ടപ്പോഴേക്കും തിരുനബിﷺ പുഞ്ചിരിച്ചു. തിരുനബിﷺയുടെ സമ്മതത്തോടെ കുറച്ചുനാൾ മദീനയിൽ ജീവിച്ചതിനുശേഷം അദ്ദേഹം യാത്രയായി.
    ഈയൊരു കാലയളവിലാണ് അംർ ബിൻ ഉമയ്യ(റ)യെയും അൻസ്വാരികളിൽ നിന്നുള്ള ഒരാളെയും നബിﷺ നിയോഗിക്കുന്നത്. അബൂ സൂഫിയാനിൽ നിന്ന് ചതി അനുഭവിക്കേണ്ടിവന്നാൽ കൈകാര്യം ചെയ്യണമെന്ന് ഇവരെ ഏൽപ്പിച്ചു വിട്ടു. ഇവർ രണ്ടുപേരും സുരക്ഷിതമായി മക്കയിലേക്ക് എത്തി. കഅ്ബാലയത്തെ പ്രദക്ഷിണം വച്ചു കഴിഞ്ഞതും ചിലയാളുകൾ ഇവരെ തിരിച്ചറിഞ്ഞു. പിന്നീട്, ഹുബൈബി(റ)നെ തൂക്കിലേറ്റുന്ന സന്ദർഭത്തിനാണ് ഇവർ സാക്ഷിയാകേണ്ടിവന്നത്. അതിവിദഗ്ധമായി ഹുബൈബി(റ)ന്റെ ശരീരം കൈവശപ്പെടുത്തുകയും രക്ഷപ്പെടുത്താൻ വേണ്ടി യാത്ര ചെയ്യുകയും ചെയ്തു. ഒടുവിൽ ശത്രുക്കളുടെ കണ്ണിൽപ്പെട്ടു എന്നറിഞ്ഞപ്പോൾ. ഹുബൈബി(റ)ന്റെ ശരീരം ഭൂമി ഏറ്റെടുക്കുകയും അംറുബിനു ഉമയ്യ(റ) മദീനയിലേക്ക് എത്തുകയും ചെയ്തു.
    എത്ര തിക്തമായ നാളുകളിലൂടെയാണ് തിരുനബിﷺയുടെ പ്രബോധന കാലം കടന്നുപോയത്. ഏതെല്ലാം പരീക്ഷണങ്ങളുടെ തീച്ചൂളയാണ് മറികടക്കേണ്ടി വന്നത്. എത്രമേൽ സമർപ്പിതരായിട്ടാണ് അനുയായികൾ തിരുനബിﷺയോടൊപ്പം നിലകൊണ്ടത്. ആത്മാർപ്പണത്തിന്റെയും ജീവാർപ്പണത്തിന്റെയും എത്ര ശോഭന ചിത്രങ്ങളാണ് മക്കയും മദീനയും വരച്ചുവച്ചത്. ഹൃദയത്തോട് ചേർത്ത പ്രണയത്തിന്റെയും നിലപാടുകളോട് ചേർത്തുവച്ച മുന്നേറ്റങ്ങളുടെയും, ജീവനും അപ്പുറം തിരുനബിﷺയെ സ്നേഹിച്ചതിന്റെ അനുഭവങ്ങളും എത്ര കൗതുകകരമായിട്ടാണ് ചരിത്രം ഏടുകളിൽ കാത്തു വച്ചിരിക്കുന്നത്. എത്ര ജനപദങ്ങളെയാണ് ഈ ഇര പകലുകൾ പ്രചോദിപ്പിച്ചത്. പ്രവാചകൻമാരുടെ സിരകളിൽ ചേർത്തുവച്ച ദൈവത്തിന്റെയും ഹൃദയാന്തരത്തിൽ ചേർത്തുവച്ച പ്രണയത്തിന്റെയും സമാനതകൾ ലോക ചരിത്രത്തിൽ മറ്റെവിടെയും വായിക്കാൻ ഉണ്ടാവില്ല. തീർച്ച..!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...