
പത്തൊൻപത്.
കർസ് ബിൻ ജാബിർ(റ)ന്റെ നയനീക്കം.
ഹിജ്റയുടെ ആറാം വർഷം മദീനയുടെ സമീപത്തുള്ള ഹർറയിലേക്കായിരുന്നു ഈ സൈനിക നീക്കം. ഉക്കൽ, ഉറൈന ഗോത്രങ്ങളിൽ നിന്നുള്ള ഇടയന്മാരായ ഒരു സംഘം മദീനയിലേക്ക് വന്നു. അവരെ നബിﷺ നന്നായി പരിഗണിക്കുകയും വേണ്ട പരിചരണങ്ങളൊക്കെ നൽകുകയും ചെയ്തു. ജനങ്ങൾ ധർമ്മമായി ഏൽപ്പിച്ച ഒട്ടക കൂട്ടത്തിൽ നിന്ന് ഒരു ഒരു വിഹിതം അവർക്ക് അനുവദിച്ചുകൊടുത്തു. അവർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ തിരുനബിﷺയുടെ സ്വകാര്യ ഇടയനായ യസാറിനെയും ഒപ്പം അയച്ചുകൊടുത്തു. അവർ യാത്ര തിരിച്ച് ഹറാ എന്ന പ്രദേശത്തെത്തിയപ്പോൾ യസാറിനെ വധിക്കുകയും ഇസ്ലാമിക ആശയത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. യസാറിന്റെ മൃതശരീരം അവർ അലങ്കോലപ്പെടുത്തി.
നീതിനിഷ്ഠവും മാതൃകാപരവുമായ ഒരു ഇടപെടൽ അനിവാര്യമായ ഘട്ടമായിരുന്നു ഇത്. കർസ് ബിൻ ജാബിർ അൽ ഫിഹ്രി(റ) എന്ന സ്വഹാബിയെയും ഒരു സംഘത്തെയും തിരുനബിﷺ നിയോഗിച്ചു. അക്രമകാരികളായ സംഘത്തെ അവർ പിടിച്ചു കൊണ്ടു വന്നു. മാതൃകാപരമായി അവരെ ശിക്ഷിക്കുകയും യസാറിനോട് കാണിച്ച ക്രൂരതയ്ക്ക് തത്തുല്യമായ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായം അൽ മാഇദയിലെ 33 ആമത്തെ സൂക്തം ഈ സംഭവത്തെ പരാമർശിച്ചു കൊണ്ടാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു. മേൽ സൂക്തത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. “അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതിനേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക.”
ദുഷ്ടലാക്കുള്ള സമാനരായ ആളുകളുടെ ഇടപെടലുകൾ സമൂഹത്തിൽ ഇനി ഉണ്ടാവരുത് എന്ന് മദീനയിലെ ക്രിമിനോളജി ആവശ്യപ്പെട്ടു. അങ്ങനെ ഒരു ഭരണകൂടപരമായ ഇടപെടലായിരുന്നു തിരുനബിﷺയും മദീനയും നിർവഹിച്ചത്.
തിരുനബിﷺ പറഞ്ഞതായി ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. അവർ എന്റെ കൂട്ടുകാരനെ കൊന്നുകളയുകയും ഒട്ടകങ്ങളുമായി കടന്നു കളയുകയും ചെയ്തു. മുഹമ്മദ് ബിൻ ഉമർ(റ) നിവേദനം ചെയ്യുന്നു. ബനൂ അംറ് ഗോത്രത്തിലെ ഒരു സ്ത്രീ തന്റെ കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അതിനിടയിലാണ് മരച്ചുവട്ടിൽ യസാറിന്റെ ശരീരം കിടക്കുന്നത് കാണുന്നത്. യസാർ കൊല്ലപ്പെട്ട വിവരം അവരാണ് മദീനയിൽ വന്ന് മറ്റുള്ളവരോട് പങ്കുവെച്ചത്. ഉടനെ സ്വഹാബികളിൽ നിന്ന് ഒരു സംഘം അങ്ങോട്ട് പുറപ്പെട്ടു. കൊല്ലപ്പെട്ട കൂട്ടുകാരന്റെ മൃതശരീരം ഖുബയിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഒരു 20 അംഗ സംഘം അക്രമികളെ തേടി പുറപ്പെടുകയും അവരെ പിടിച്ചു മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു.
സത്യവിശ്വാസത്തിൽ നിന്ന് വഞ്ചനാപരമായി അവിശ്വാസത്തിലേക്ക് നീങ്ങുകയും, ഒരു നിരപരാധിയെ കൊന്നു കളയുകയും മൃതശരീരം വികൃതമാക്കുകയും അദ്ദേഹത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ അപഹരിക്കുകയും, തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ഒത്തുചേർന്ന ഒരു സംഘത്തെ ആണ് നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും ശിക്ഷിക്കുകയും ചെയ്തത്.
പരിസരങ്ങളും പിന്നാമ്പുറങ്ങളും വായിച്ചു കൊണ്ട് സംഭവങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് എത്താതെ വരുമ്പോഴാണ് മദീനയിലെ ഇത്തരം നീക്കങ്ങളെ പലരും തീവ്രമായി ആവിഷ്കരിച്ചത്. മുഴുവൻ മനുഷ്യനീതിയും യുദ്ധ നീതിയും കാറ്റിൽ പറത്തി ലോകത്ത് നിലവിലുള്ള മാനവിക വ്യവസ്ഥിതിയുടെ സംയുക്ത വേദിയിൽ കൊല്ലരുതേ എന്ന് വിളിച്ചു പറയുന്നവരുടെ മുമ്പിൽ പോലും വീറ്റോ ഉപയോഗിക്കുന്ന പരിഷ്കൃത രാഷ്ട്രങ്ങൾ ക്രൂരതയുടെ പര്യായമായി അടക്കിവാഴുന്ന ഒരു വർത്തമാനകാലത്തും ചിലരുടെ വിനോദം ഇസ്ലാമിന്റെ മേൽ ഭീകരതയെ ചാർത്തുവാനാണ്. യഥാർത്ഥ കുറ്റവാളികൾ ലോകത്ത് മേലാളന്മാരായി ചമയുമ്പോൾ, നിരപരാധികൾ ഇരകളാക്കപ്പെടുമ്പോൾ ഏറ്റവും ചുരുങ്ങിയത് ഇരകൾ ഇരകളാണെന്നെങ്കിലും പറയാനുള്ള നീതി ലോകത്ത് കുറെ ആളുകൾക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ. അങ്ങനെയെങ്കിലും ഒന്ന് സമാധാനിക്കാമായിരുന്നു. അർഹതയോ അംഗീകാരമോ അധികാരമോ ഒന്നും ലഭിച്ചില്ലെങ്കിലും അനുതാപമെങ്കിലും ലഭിക്കാൻ വേണ്ടി ഒരു തുരുത്തിലെ ജനങ്ങൾ ഇപ്പോഴും ചോരയൊലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു. ഈ വരികൾ അവർക്ക് പ്രണാമമായി സമർപ്പിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
