
പതിനേഴ്.
വാദിൽ ഖുറയിലേക്കുള്ള നീക്കം.
സൈദുബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഹിജ്റ ആറാം വർഷം റമളാനിൽ വാദി അൽഖുറ എന്ന പ്രദേശത്തേക്ക് ഒരു സൈനിക നീക്കം നടത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലം അലി(റ) വിശദീകരിക്കുന്നു. ഒരിക്കൽ സൈദ് ബിൻ ഹാരിസ(റ) ശാമിലേക്ക് ഒരു കച്ചവട സംഘത്തെ നയിച്ചു നീങ്ങി. വാദി അൽ ഖുറ എന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ ഫസാറ ഗോത്രത്തിലെ ഒരു സംഘം ആളുകൾ ചാടി വീണു. സൈദുബ്നു ഹാരിസ(റ)യുടെ സംഘത്തെ അവർ ആക്രമിക്കുകയും വസ്തുവകകൾ അവർ പിടിച്ചെടുക്കുകയും ചെയ്തു. സെയ്ദുബ്നു ഹാരിസ(റ)യും കൂടെയുള്ളവരും മരണപ്പെട്ടു എന്ന് വിചാരിച്ച് അവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു ശത്രുക്കൾ. എന്നാൽ, പരിക്കുകളോടെ രക്ഷപ്പെട്ട സൈദുബ്നു ഹാരിസ(റ) നേരെ മദീനയിലേക്ക് വന്നു. ബനൂ ഫസാറയോട് പകരം ചോദിക്കാതെ ഭാര്യയോടൊപ്പം ശയിക്കുകയില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. മുറിവുകളും പരിക്കുകളും ഉണങ്ങിയപ്പോൾ പ്രവാചകരുﷺടെ അനുമതി പ്രകാരം ബനൂ ഫസാറയിലേക്ക് ഒരു നീക്കം നടത്തി. പകൽ പതുങ്ങിയും രാത്രിയിൽ യാത്ര ചെയ്തും അവർ മുന്നോട്ട് നീങ്ങി.
ഒരു ദിവസത്തെ വഴി ദൂരം മാത്രം ബാക്കിയുള്ളപ്പോൾ വഴികാട്ടിയായ ആൾ സംഘത്തിന്റെ വഴി തെറ്റിച്ചു. എന്നാൽ, ഒരു ദിവസം കൊണ്ട് അത് മറികടക്കുകയും ശത്രുപാളയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന തക്ബീർ ധനികൾ മുഴക്കി. സംഘത്തെ പരാജയപ്പെടുത്തുകയും പ്രവാചകനെﷺ അധിക്ഷേപിക്കാൻ വേണ്ടി മാത്രം ജീവിതം ഒഴിഞ്ഞു വച്ച ഉമ്മു ഖിർഫ എന്ന സ്ത്രീയെ പിടികൂടുകയും ചെയ്തു. ഒടുവിൽ വിജയശ്രീലാളിതനായി മദീനയിലേക്ക് എത്തിയ സൈദ് ബിൻ ഹാരിസ(റ) നബിﷺയെ കണ്ടുമുട്ടി ആലിംഗനം ചെയ്തു.
മദീനയും മദീനയിലെ വ്യവസ്ഥിതിയും ആക്രമിക്കപ്പെടാൻ ആവാത്ത വിധം സുശക്തമാണെന്ന് ബോധ്യപ്പെടുത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ആയിരുന്നു അത്. പല പരിസരങ്ങളിൽ നിന്നും സഖ്യകക്ഷികൾ രൂപീകരിച്ചു മദീനയെയും പ്രവാചകനെﷺയും അക്രമിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇത്തരം നീക്കങ്ങൾ.
രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി മുന്നിൽ വച്ചുകൊണ്ട് സംഭവങ്ങൾ വായിക്കുമ്പോഴാണ് എന്തുകൊണ്ടായിരുന്നു ഇങ്ങനെ എന്ന് ബോധ്യപ്പെടുന്നത്. രാജ്യമാക്രമിക്കപ്പെടാതെയും പൗരന്മാരെ സുരക്ഷിതരായും മുന്നോട്ടു നയിക്കാനുള്ള സൈനിക സജ്ജീകരണം ഏതൊരു രാഷ്ട്രഘടനക്കും അനിവാര്യമാണെന്ന് ബോധ്യമായ കാര്യമാണല്ലോ! ഇത്തരം രാഷ്ട്രീയ യാഥാർഥ്യങ്ങളെ മുന്നിൽ വെച്ചുകൊണ്ടാണ് മേൽ ഉദ്ധരിച്ച സംഭവങ്ങളെ നാം വായിക്കേണ്ടത്.
എത്രമേൽ ധീരന്മാരായ നേതാക്കളെയാണ് മദീനയും പ്രവാചകനുംﷺ ലോകത്തിനു മുന്നിൽ കാഴ്ചവച്ചത് എന്നതുകൂടി ഇവിടെ നാം കാണുന്നുണ്ട്. കേവലം ഒന്നോ രണ്ടോ ആളുകളുടെ നായകത്വത്തിൽ അല്ല നബിﷺ ഉയർത്തിയ ആശയങ്ങളുടെ ആഗോള സഞ്ചാരങ്ങൾ സാധ്യമായത്. എല്ലാം മറന്നു ഒരു ആശയത്തിനു വേണ്ടി ജീവൻ സമർപ്പിക്കാൻ ഇത്രമേൽ സജ്ജരായ ഒരു സമൂഹത്തെയും ലോകചരിത്രത്തിൽ വായിക്കാൻ ഉണ്ടാവില്ല. പ്രവാചകൻﷺ മുന്നോട്ടുവച്ച ആശയത്തെ ഹൃദയാവരിക്കുകയും അതിനുവേണ്ടി എന്തും സമർപ്പിക്കാനുള്ള സന്നദ്ധത ശിരസ്സാവഹിക്കുകയും ചെയ്ത ഒരു സമൂഹത്തെ അതുല്യമായ ഒരു സംഘമായിട്ടല്ലാതെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ആവില്ല.
സ്വഹാബികൾ അഥവാ പ്രവാചക അനുയായികൾ എന്ന വിലാസം കേവലം ഒരു അഭിധേയത്തിനപ്പുറം സവിശേഷമായ ഒരുപാട് ഗുണങ്ങളുടെ ഒരു സമാഹാരം കൂടിയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
