
ദുറൈദിന്റെ സംഭാഷണം കേട്ട് മാലിക്ക് ബിൻ ഔഫ് പറഞ്ഞു. നിങ്ങളുടെ കൽപ്പനകൾ നമ്മൾ നിരാകരിക്കുകയില്ല. നിങ്ങളുടെ അറിവിനും നിങ്ങൾക്കും നല്ല പ്രായവും പരിചയവും ഒക്കെ ഉണ്ടല്ലോ. എങ്കിലും ദുറൈദ് സൂചിപ്പിച്ച വിഷയത്തിൽ മാലിക്കിന് ചിരി വന്നു. അത് മനസ്സിലാക്കിയ ദുറൈദ് പറഞ്ഞു. നിങ്ങൾ എന്നെ പരിഹസിക്കുകയൊന്നും വേണ്ട. മാലിക്ക് ഇപ്പോൾ എടുക്കുന്ന നടപടി നിങ്ങളുടെ ന്യൂനതകൾ വെളിപ്പെടുത്തും. ശത്രുക്കൾക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കും. അതുകൊണ്ട് നിങ്ങൾ ഇദ്ദേഹത്തെ വിട്ടു നിങ്ങളുടെ വഴി നോക്കിക്കോളൂ. ഹവാസിൻ ഗോത്രക്കാരെ പ്രത്യേകം വിളിച്ചും ദുറൈദ് ഇക്കാര്യം ബോധിപ്പിച്ചു.
ഈ സംഭാഷണത്തിൽ ചില കാര്യങ്ങളൊക്കെ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയെങ്കിലും കരുത്തനും യുവാവുമായ മാലികിനോട് മറുത്തൊന്നും പറയാൻ അവർക്ക് സാധിച്ചില്ല. അദ്ദേഹത്തോട് വിയോജിപ്പ് പറഞ്ഞാൽ അരുതാത്ത എന്തെങ്കിലും സംഭവിക്കുമോ എന്നും അവർ ഭയന്നു. മാലിക്കിനോടൊപ്പം പട നയിച്ചു മുന്നോട്ടു പോകാൻ തന്നെ ഹവാസിനും ഒപ്പമുള്ള ഗോത്രക്കാരും തീരുമാനിച്ചു. ആ രംഗത്തിന്റെ അശാസ്ത്രീയത പറഞ്ഞുകൊണ്ട് ദുറൈദ് ചില കവിതകൾ ചൊല്ലി. വരാനിരിക്കുന്ന പരാജയത്തെ അവതരിപ്പിക്കുന്നതായിരുന്നു അതിലെ ഉള്ളടക്കം.
ഹവാസിൻ ഗോത്രക്കാരും മറ്റും പടയൊരുക്കം നടത്തുന്നത് അറിഞ്ഞപ്പോൾ അവർ ഇങ്ങോട്ട് വന്ന് അക്രമിക്കുന്നതിന് മുമ്പ് അവരെ നേരിടാൻ പ്രവാചകൻﷺ തീരുമാനിച്ചു. പവിത്ര ഭൂമിയുടെ പരിശുദ്ധിയും, മുസ്ലിം സംഘത്തിന്റെ ആത്മവിശ്വാസവും മുന്നിൽവച്ച് കൊണ്ടായിരുന്നു ഈ നടപടി. മക്കയിൽ നിന്ന് അകലേക്ക് പോകുന്നതിനാൽ മക്കയിൽ നബിﷺയുടെ പ്രതിനിധിയായി കാര്യങ്ങൾ നിയന്ത്രിക്കാൻ അത്താദ് ബിൻ ഉസെയ്ദി(റ)നെ ഏൽപ്പിച്ചു. . മക്കയിലുള്ളവർക്ക് കർമശാസ്ത്രവും ചര്യകളും പഠിപ്പിച്ചു കൊടുക്കാൻ മുആദ് ബിൻ ജബലി(റ)നെ ചുമതലപ്പെടുത്തി. അന്ന് അദ്ദേഹത്തിന് 20 നോടടുത്ത് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
നബിﷺ ഹവാസിനിലേക്ക് പുറപ്പെടാനുള്ള പടയൊരുക്കങ്ങൾ നടത്തി. സഫുവാനുബ്നു ഉമയ്യയുടെ പക്കൽ നല്ല ആയുധങ്ങൾ ഉണ്ടെന്ന് ആ സമയത്ത് ആരോ നബിﷺയോട് പറഞ്ഞു. അദ്ദേഹം അന്ന് ഇസ്ലാം സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിൽനിന്ന് അവ വായ്പ വാങ്ങാൻ തീരുമാനിച്ചു. ആ സമയത്ത് അദ്ദേഹം ചോദിച്ചു. ഇത് ബലാൽക്കാരമായി ഈടാക്കുകയാണോ അല്ല മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ? അപ്പോൾ നബിﷺ പറഞ്ഞു. അല്ല പൂർണ്ണ ഉത്തരവാദിത്തത്തോടെ കൂടി വായ്പയായിട്ടാണ് ഞാൻ ചോദിക്കുന്നത്. അപ്പോൾ അദ്ദേഹം അത് നൽകാൻ സമ്മതിച്ചു. ആവശ്യമായ ആയുധങ്ങളോടൊപ്പം 100 പടയങ്കികൾ അദ്ദേഹം വായ്പയായി നൽകി. 400 എണ്ണം ആയിരുന്നു എന്ന് ഒരു അഭിപ്രായവും ചരിത്രത്തിലുണ്ട്. നൗഫൽ ബിൻ ഹാരിസിൽ നിന്ന് 3000 കുന്തങ്ങളും നബിﷺ വായ്പയായി വാങ്ങി. നിങ്ങളുടെ കുന്തങ്ങൾ ശത്രുവിന്റെ മുതുകിൽ വിളിക്കുന്നത് ഞാൻ കാണുന്നതുപോലെ എന്ന് നബിﷺ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് പറഞ്ഞു.
പടനയിക്കുന്നതിന്റെ മുന്നോടിയായി അബ്ദുല്ലാഹിബ്നു അബൂ ഹദ്റദി(റ)നെ നബിﷺ ആദ്യം ഹവാസിനിലേക്ക് അയച്ചു. ശത്രുക്കളുടെ ഇടയിൽ താമസിച്ചു വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു അത്. അദ്ദേഹം അവർക്കിടയിൽ ചെന്ന് ഒരു രാത്രിയും രണ്ടു പകലും താമസിച്ചു. അവരുടെ ലക്ഷ്യവും പടനീക്കവും കൃത്യമായി വിലയിരുത്തി. ഈ യുദ്ധത്തെക്കുറിച്ച് അവരെത്തിയ ധാരണകൾ വ്യക്തമായി മനസ്സിലാക്കി. മാലിക് ബിൻ ഔഫിന്റെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു. അവരുടെ നീക്കങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി. ഇതിന് ഹദ്റദ്(റ) മാലിക് ബിൻ ഔഫിന്റെ താവളത്തിന്റെ അടുത്തേക്ക് ചെന്നു. അതാ അവിടെ ഹവാസിനിലെ മുഴുവൻ നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. അവരോട് മാലിക്ക് സംസാരിക്കുകയാണ്. “മുഹമ്മദ് നബിﷺ മക്കയിലേക്ക് വരുന്നതിനു മുമ്പ് ശക്തിയുള്ള മറ്റൊരു സംഘത്തോടും യുദ്ധം ചെയ്തിട്ടില്ല. മക്കയിലുള്ളവർക്കാണെങ്കിലും യുദ്ധത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ അവിടെ ജയിച്ചടക്കിയതാണ്. പ്രഭാതമാകുമ്പോഴേക്കും നിങ്ങൾ എല്ലാവരും അണിനിരക്കണം. സ്ത്രീകളെയും നാൽക്കാലികളെയും എല്ലാം നിങ്ങളുടെ പിന്നിൽ തന്നെവരിവരിയായി നിർത്തണം. എല്ലാവരും ഒത്തുചേർന്ന് ഒരൊറ്റ ആക്രമണത്തിന്റെ ശക്തിയിൽ മുന്നേറണം. ആദ്യം സൈനിക നീക്കം നടത്തുന്നവർക്കാണ് വിജയം അതുകൊണ്ട് നാം തന്നെ ആക്രമണം ആരംഭിക്കണം.”
ഇതെല്ലാം കേട്ട് മനസ്സിലാക്കി ഇബ്നു അബീ ഹദ്റദ്(റ) നബിﷺയുടെ അടുത്തേക്ക് മടങ്ങി വന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
