
സഫ്‌വാൻ ബിൻ ഉമയ്യ:
ഇസ്ലാമിനെതിരെ പല നീക്കങ്ങൾക്കും നേതൃത്വം നൽകിയ ആളായിരുന്നു സഫുവാൻ ബിൻ ഉമയ്യ. മക്കാവിജയ ദിവസം അദ്ദേഹം ജിദ്ദയിലേക്ക് പുറപ്പെട്ടു. കപ്പൽ കയറി യമനിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. ആ സമയം ഉമറുബ്നു വഹബ് നബിﷺയോട് പറഞ്ഞു. ഞങ്ങളുടെ സമൂഹത്തിന്റെ നേതാവ് സഫുവാനുബ്നു ഉമയ്യ തങ്ങളെ പേടിച്ച് നാടുവിടാൻ പോവുകയാണ്. അദ്ദേഹം കടലിലേക്ക് ചാടിയാലോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ നബിﷺ അദ്ദേഹത്തിന് സംരക്ഷണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു എന്ന് പ്രസ്താവന ഇറക്കി. ഇതറിഞ്ഞതും ഉമറുബ്നു വഹബ് ഉറ്റ മിത്രം സഫുവാനെ അന്വേഷിച്ചു ഇറങ്ങി. കടപ്പുറത്ത് കപ്പൽ കാത്തു നിൽക്കുന്ന സഫുവാനെ കണ്ടെത്തി. ഉമറിന്റെ ആഗമനം കണ്ടതും സഫുവാൻ ഏകസഹയാത്രികനായ തന്റെ പരിചാരകൻ യസാറിനോട് പറഞ്ഞു. അതാ ആരാണ് വരുന്നത് എന്ന് കണ്ടില്ലേ? ഉമറാണ്. ഒരുപക്ഷേ, എന്നെ വധിക്കാൻ വരികയായിരിക്കും. എന്നെ കണ്ടെത്താൻ മുഹമ്മദ് നബിﷺ പ്രഖ്യാപിച്ച പ്രകാരം അന്വേഷിച്ചു വന്നതായിരിക്കും. അപ്പോഴേക്കും സഫുവാനിന്റെ അടുത്തെത്തി. അല്ലയോ സഫ്വാനേ ജനങ്ങളിൽ വച്ച് ഏറ്റവും നന്മകൾ നിറഞ്ഞ ഒരു നേതാവിന്റെ അടുക്കൽ നിന്നാണ് ഞാൻ വരുന്നത്. ബന്ധങ്ങൾ ചേർക്കുന്നതിൽ ഏറ്റവും താല്പര്യമുള്ള ഒരു വ്യക്തിത്വത്തിന്റെ പക്കൽ നിന്നാണ് ഇങ്ങോട്ട് എത്തിയത്. നിങ്ങൾ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ആലോചിക്കരുത്. ഞാൻ പ്രവാചകൻ മുഹമ്മദ് നബിﷺയുടെ പക്കൽ നിന്നുള്ള സംരക്ഷണാനുമതി വാങ്ങിയാണ് വന്നിട്ടുള്ളത്. മഹാകഷ്ടം! ഒരിക്കലും അത് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. നീ എന്നോട് സംസാരിക്കുകയേ വേണ്ട. എനിക്ക് അങ്ങനെ ഒരു ജാമ്യം ലഭിക്കാൻ ഒരു അർഹതയുമില്ല. സഫുവാൻ പ്രതികരിച്ചു. അല്ലയോ സഫുവാനെ എന്റെ മാതാവിനെയും പിതാവിനെയും നിനക്ക് സമർപ്പിച്ചിരിക്കുന്നു. നിന്റെ പിതൃ സഹോദരന്റെ മകൻ ജനങ്ങളിലെ ഏറ്റവും ശ്രേഷ്ഠരും നന്മ പകർന്നു തരുന്നവരും എല്ലാമായ പ്രവാചകന്റെﷺ പക്കൽ നിന്നാണ് ഞാൻ വന്നത്. ആ വ്യക്തിത്വത്തിന്റെ പ്രതാപം നിന്റേത് കൂടിയാണ്, മഹത്വം നിനക്കുകൂടി അനുഭവിക്കാനുള്ളതാണ്, അധികാരം ലഭിച്ചാൽ അതും നിങ്ങൾക്കു കൂടിയുള്ളതാണ്. ഇല്ല, എന്റെ ജീവനെക്കുറിച്ച് എനിക്ക് പേടിയാവുന്നു. ഉമറിന്റെ വാക്കുകൾ സഫ്വാന് വിശ്വസിക്കാനായില്ല. നിങ്ങൾ വിചാരിച്ച പോലെയല്ല. മഹത്വത്തിന്റെയും അത്യുന്നതങ്ങളിലാണ് പ്രവാചകൻﷺ ഉള്ളത്. ഒടുവിൽ സഫുവാൻ പറഞ്ഞു. എനിക്ക് ജാമ്യം അനുവദിച്ചു എന്നതിന് ഒരു രേഖയില്ലാതെ നിങ്ങളോടൊപ്പം ഞാൻ പ്രവാചകന്റെﷺ അടുക്കലേക്ക് വരില്ല. എന്നാൽ അല്പനേരം നീ ഇവിടെത്തന്നെ നിൽക്കൂ എന്ന് പറഞ്ഞുകൊണ്ട് ഉമർ അതിവേഗം തിരുനബിﷺയുടെ അടുത്തേക്ക് പോയി. സഫുവാൻ പറഞ്ഞ കാര്യം പങ്കുവെച്ചു. ഇതു കേട്ടതും തിരുനബിﷺ അവിടുത്തെ ആദരണീയ ശിരസ്സിൽ നിന്ന് തലപ്പാവ് ഉയർത്തി ഉമറിന്റെ പക്കൽ കൊടുത്തു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ പ്രൗഢിയോടെ അണിഞ്ഞിരുന്ന കിരീടത്തിന് സമാനമാണത്. ഒട്ടും താമസിക്കാതെ നബിﷺയുടെ തലപ്പാവുമായി സഫ്വാന്റെ അടുത്തേക്ക് മടങ്ങി എത്തി. സഫ്വാൻ ഉമറിനൊപ്പം നബിﷺയുടെ അടുത്തേക്ക് നീങ്ങി. അപ്പോൾ നബിﷺ അനുയായികളോടൊപ്പം സായാഹ്ന നിസ്കാരത്തിലായിരുന്നു. നബിﷺ നിസ്കാരത്തിൽ നിന്ന് വിരമിച്ചതും സഫുവാൻ ഉറക്കെ വിളിച്ചു ചോദിച്ചു. അല്ലയോ മുഹമ്മദേﷺ… ഉമർ അവിടുത്തെ തലപ്പാവുമായി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവിടുത്തെ സന്നിധിയിലേക്ക് വന്നുകൊള്ളാൻ സമ്മതം നൽകിയതായി പറയുന്നു. അങ്ങനെയെങ്കിൽ എനിക്ക് രണ്ടുമാസത്തെ കാലതാമസം ആലോചിക്കാൻ വേണ്ടി അനുവദിക്കണം. ഇതുകേട്ടതും നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്കു ഞാൻ നാലുമാസത്തെ സാവധാനം അനുവദിച്ചിരിക്കുന്നു. നിങ്ങൾ സമാധാനത്തോടെ മക്കയിൽ നിന്നോളൂ.
നാളുകൾ കഴിഞ്ഞു. തിരുനബിﷺയുടെ നേതൃത്വത്തിൽ സൈനിക നീക്കം നടന്നു. തുടർന്ന് ലഭിച്ച സമ്പാദ്യങ്ങൾ ഒരു താഴ്വരയിൽ സമാഹരിച്ചു. ആടു മാടൊട്ടകങ്ങൾ നിറഞ്ഞു നിൽക്കുന്ന താഴ്വരയിലേക്ക് നോക്കി സഫുവാൻ അത്ഭുതപ്പെടുന്നത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് കണ്ടിട്ട് നിങ്ങൾക്ക് ആശ്ചര്യം വരുന്നുണ്ടോ? അതെ. നിങ്ങൾക്ക് കിട്ടിയാൽ കൊള്ളാം എന്ന് തോന്നുന്നുണ്ടോ. അതെ. ഉടനെ നബിﷺ പറഞ്ഞു. എന്നാൽ ഇത് മുഴുവനും നിങ്ങൾ എടുത്തോളൂ. സഫുവാൻ സമ്മതം മൂളി. എന്നിട്ട് അദ്ദേഹം പറഞ്ഞു. സമ്പത്തിനോട് ഇത്രമേൽ വിരക്തി കാണിക്കാൻ ഒരു പ്രവാചകന്ﷺ മാത്രമേ സാധിക്കുകയുള്ളൂ. ഇത് സത്യപ്രവാചകനാണെന്ന് ഞാൻ അംഗീകരിക്കുന്നു. അദ്ദേഹം പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു.
ഈ ചരിത്രശകലത്തെ എന്ത് ലിപികൾ കൊണ്ടാണ് രേഖപ്പെടുത്തേണ്ടത്. ശത്രുപാളയത്തിലെ നേതാവിനെ എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിൽ കൈപ്പിടിയിൽ ലഭിച്ചപ്പോഴും അയാളുടെ നേർവഴിയും വിജയവും ആഗ്രഹിച്ചുകൊണ്ട് മാത്രം വിട്ടുവീഴ്ചയുടെ ഏതറ്റവും വരെ പോകാൻ സന്നദ്ധത കാണിച്ച പ്രവാചകൻﷺ. ജാമ്യം നൽകിയതും പോരാ ഇനി അതിന് രേഖ വേണമെന്ന് പറഞ്ഞപ്പോൾ കിരീടസമാനമായ തലപ്പാവഴിച്ച് ശത്രുപാളയത്തിലെ നേതാവിൽ ഒരാൾക്ക് പ്രമാണമായി കൊടുത്തു വിടുന്ന പ്രവാചകന്‍ﷺ. ജാമ്യം തേടി മുന്നിൽ വന്നപ്പോഴും അനുസരിക്കുന്നതിനു പകരം അവധി ചോദിച്ച ശത്രുവിന് ചോദിച്ചതിൽ ഇരട്ടി സമയം അനുവദിച്ചു കൊടുക്കുന്ന ഔദാര്യത്തിന്റെ കേന്ദ്രത്തെ എങ്ങനെയാണ് നാം വായിച്ചു മനസ്സിലാക്കേണ്ടത്. ആ ഔദാര്യത്തിന്റെ പേരാണ് മുഹമ്മദ് റസൂൽﷺ…..
ഇസ്ലാം സ്വീകരിച്ചതിൽ പിന്നെ അദ്ദേഹം ഒരുത്തമ വിശ്വാസിയായി ജീവിച്ചു. ഹിജ്റ 35ന് ഉസ്മാൻ(റ)ന്റെ കാലത്ത് മക്കയിൽ വച്ച് വിയോഗം തേടി. ഹിജ്റ 41 മുആവിയയുടെ കാലത്താണെന്നും അഭിപ്രായമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
