
അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും വേറിട്ട അധ്യായങ്ങളാണ് ഖന്ദഖിൽ നിന്നും ബനൂ ഖുറൈളയിൽ നിന്നും നാം വായിച്ചത്. ബനൂ ഖുറൈളയിലേക്ക് പുറപ്പെടാൻ ആഹ്വാനം ചെയ്ത മുത്ത് നബിﷺയുടെ പരാമർശത്തെ ചെറിയൊരു വ്യാഖ്യാനത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, നിങ്ങൾ അവിടെ എത്തിയിട്ടേ അസ്വർ നിസ്ക്കരിക്കാവൂവെന്ന് നബിﷺ അനുയായികളോട് പറഞ്ഞിരുന്നു. ഒരു കൂട്ടം സ്വഹാബികൾ അങ്ങനെത്തന്നെ പ്രവർത്തിച്ചു. അഥവാ, പ്രാഥമികാർഥത്തിൽ മനസ്സിലാക്കുകയും ഏറെ വൈകി രാത്രിയായിട്ടും അവർ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടാണ് അസ്വർ നിസ്ക്കരിച്ചത്. എന്നാൽ, മറ്റൊരു വിഭാഗം അതിൽ നിന്ന് മനസ്സിലാക്കിയത് എത്രയും വേഗം നിങ്ങൾ യാത്ര ചെയ്ത് എത്തണമെന്നായിരുന്നു. അതുകൊണ്ടുതന്നെ അസ്വറിന് സമയമായപ്പോൾ അവർ വഴിയിൽ നിന്ന് നിസ്ക്കാരം നിർവഹിച്ചു. ഒടുവിൽ രണ്ട് വിഭാഗവും തിരുനബിﷺയുടെ മുമ്പിൽ എത്തി. നബിﷺ രണ്ടുവിഭാഗങ്ങുടെയും വീക്ഷണങ്ങളെ അംഗീകരിക്കുകയും അവരുടെ നിരീക്ഷണങ്ങളെ ശരിവയ്ക്കുകയും ചെയ്തു. ഈ സംഭവം വിശാലമായ ചില വിചാരങ്ങൾക്കാണ് വഴി തുറന്നത്.
ഖുർആൻ സൂക്തങ്ങളെയും പ്രവാചക പരാമർശങ്ങളെയും ഗവേഷണ യോഗ്യതയുള്ളവർക്ക് സാധ്യമായ ന്യായങ്ങൾ വച്ച് വ്യാഖ്യാനിക്കാം. അതിൽ നിന്നുണ്ടാകാവുന്ന വൈവിധ്യങ്ങളെ അംഗീകരിക്കാം എന്ന് തത്ത്വത്തിൽ നബിﷺ പഠിപ്പിക്കുകയായിരുന്നു. ലോകത്ത് അറിയപ്പെടുന്ന നാല് മദ്ഹബുകൾ. ഗവേഷണ സാധ്യതയുള്ള വിഷയങ്ങളിൽ എങ്ങനെ വിവിധങ്ങളായി മാറി എന്നതിനുള്ള വിശദീകരണം കൂടിയാണ് ഈ സംഭവം. പ്രമാണങ്ങളിൽ ഖണ്ഡിതമായി പറയപ്പെട്ട ഒന്നിന്മേലും ഗവേഷണത്തിന്റെ ആവശ്യമോ ഗവേഷണം നടക്കുകയോ ചെയ്തിട്ടില്ല. ഇസ്‌ലാമിന്റെ വിശ്വാസപരമായ അടിസ്ഥാന കാര്യങ്ങളിലും ഗവേഷണങ്ങളുടെ സാധ്യതയില്ല തന്നെ. കർമാനുഷ്ഠാനങ്ങളിലെ അനുബന്ധ വിഷയങ്ങളിൽ മാത്രമാണ് ഗവേഷണ സാധ്യതയുള്ളത്. യോഗ്യരായവർ ഗവേഷണം നടത്തുന്നതിനെയും അതിൽ ഉണ്ടായേക്കാവുന്ന വൈവിധ്യങ്ങളെയും അടിസ്ഥാനപരമായി തിരുനബിﷺ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെയർഥം ആർക്കും എങ്ങനെയും മതത്തെയോ ഖുർആനിനെയോ വ്യാഖ്യാനിക്കാം എന്നല്ല. ആവശ്യമായ യോഗ്യതകളുള്ളവർക്ക് മാത്രം ആകാമെന്നാണ്. യോഗ്യതകളിൽ ഏറ്റവും സുപ്രധാനം ഖുർആനിനെക്കുറിച്ചുള്ള അവഗാഹമാണ്. എല്ലാ ഗുണഗണങ്ങളോടെയും ആ അവഗാഹമുള്ളവർ പ്രസിദ്ധരായ നാല് ഇമാമുകളുടെ കാലത്തോടെത്തന്നെ കഴിഞ്ഞു പോയി. അതുകൊണ്ടാണ് നാല് ഇമാമുകൾക്കു ശേഷം അവരോളം അനുകരിക്കപ്പെടുന്ന ആരും ലോകത്ത് വരാഞ്ഞത്. അവരുടെ കാലത്ത് തത്തുല്യ യോഗ്യതയുള്ള മറ്റുപലരും ഉണ്ടായിരുന്നെങ്കിലും അവരുടെ ഗവേഷണങ്ങൾ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ) എന്നിവരുടെ കാലശേഷം ലോകത്ത് ഉദയം ചെയ്ത ഏതാണ്ട് എല്ലാ പണ്ഡിതരും ഇവരിൽ ആരെങ്കിലുമൊരാളെ അനുകരിച്ചവരാണ്. ഈ അനുകരണത്തെ നിരാകരിക്കുന്നവർക്ക് കർമശാസ്ത്ര ലോകത്ത് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവില്ല. അത്രമേൽ വിശ്വാസികളുടെ ജീവിതത്തിൽ, ദൈനംദിന വ്യവഹാരങ്ങളിൽ ഇഴ ചേർന്ന് നിൽക്കുകയാണ് അവരുടെ നിരീക്ഷണങ്ങളും പഠനങ്ങളും.
ഇത്തരം യാഥാർഥ്യങ്ങളെ മുന്നിൽ വച്ചുകൊണ്ടാണ് ഗവേഷണ യോഗ്യതയില്ലാത്തവർ മേൽപ്പറയപ്പെട്ട നാലു പേരിൽ ഒരാളെ അനുകരിച്ചിരിക്കണമെന്ന് ഇസ്‌ലാമിക വൈജ്ഞാനിക ലോകം ഏകോപിച്ചത്. നബി ജീവിതത്തിന്റെ പകർപ്പുകളെ കലർപ്പില്ലാതെ ലഭിക്കാൻ അക്കാലത്ത് അവസരം ഉണ്ടായിരുന്നതുപോലെ പിൽക്കാലത്ത് സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അതാണ് നാല് ഇമാമുകൾക്കും ലഭിച്ച ആനുകൂല്യം. ഖുർആനും ഹദീസും ഉപയോഗിച്ച ഭാഷാപ്രയോഗങ്ങളുടെ സാധ്യതകളെ അവരെക്കാൾ അറിയുന്നവർ പിൽക്കാലത്ത് വന്നിട്ടുമില്ല. ഖുർആനിലെ സൂക്തങ്ങൾ അവതരിച്ച സാഹചര്യങ്ങളും, ഒരിക്കൽ അവതരിച്ചതിനെ പരിഷ്കരിച്ചുകൊണ്ട് പിൽക്കാലത്ത് വന്ന ഖുർആൻ സൂക്തങ്ങളും അവകൾക്കിടയിലുള്ള കാല-നിയമ വ്യത്യാസങ്ങളും ഏറ്റവും കൂടുതൽ അറിയുന്നവരും നാല് ഇമാമുകളും അവരുടെ കാലത്തുള്ളവരുമായിരുന്നു.
കാലങ്ങളുടെ അപ്പുറത്തിരുന്ന് കാലഗണനകളുടെ ഇപ്പുറത്തേക്ക് സഹസ്രാബ്ദവും കടന്നു നോക്കാൻ കഴിഞ്ഞുവെന്നതും പ്രസ്തുത ഇമാമുകൾക്ക് ലഭിച്ച സൗഭാഗ്യമായിരുന്നു. സാധാരണ വിശ്വാസികളുടെ അനുഷ്ഠാന ജീവിതത്തിന് പ്രായോഗികമായി മതത്തെ അവതരിപ്പിച്ചു കൊടുക്കാൻ അല്ലാഹു തെരഞ്ഞെടുത്തവരായിരുന്നു അവർ എന്ന ബോധ്യമാണ് നമുക്ക് ലഭിക്കുന്നത്.
ഖുനൂത്ത് നിർവഹിച്ചുകൊണ്ട് സുബ്ഹി നിസ്ക്കരിക്കുന്ന ശാഫിഈ മദ്ഹബ്കാരന്റെയും, സുബ്ഹിയിൽ ഖുനൂത്ത് നിർവഹിക്കാത്ത ഹനഫീ മദ്ഹബ്കാരന്റെയും അനുഷ്ഠാനങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും രണ്ടും ശരിയാകുന്നതിന്റെ ന്യായമാണ് ബനൂ ഖുറൈള ദിവസത്തിലെ സ്വഹാബികളുടെ നടപടിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന അനുഗ്രഹം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
