Tweet 399

    Tweet 399
    July 18, 2023 • Tuesday
    Post Header

    അവർ നുഐമി(റ)ന്റെ സംസാരത്തിനു കാതോർത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി. ഈ പ്രവാചകന്റെﷺ കാര്യം വളരെ ഗൗരവപ്പെട്ടതാണ്. അത് നമുക്ക് നിസ്സാരമായി കാണാൻ കഴിയില്ല. ബനൂ ഖൈനുഖാഇനോടും ബനൂ നദീറിനോടും സ്വീകരിച്ച നടപടികൾ നമ്മൾ കണ്ടതല്ലേ. അവരുടെ ഒരു തന്ത്രത്തിനും ശക്തിക്കും ആ വ്യക്തിയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആയില്ലല്ലോ. ഒടുവിൽ അവർ സ്വത്തും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്നല്ലോ. നിങ്ങളും ഖുറൈശികളും ഗത്ഫാൻകാരും എല്ലാം ഒരേ നിലയിൽ അല്ല അവരുടെ മുമ്പിലുള്ളത്. നിങ്ങളല്ലാത്ത എല്ലാവർക്കും യുദ്ധത്തിന്റെ ഗതി എന്തായാലും മടങ്ങി പോകാൻ കഴിയും. നിങ്ങൾക്ക് അത് സാധിക്കില്ലല്ലോ. നിങ്ങളുടെ സ്വത്തും നാടും എല്ലാം ഇവിടെയാണല്ലോ. ഇപ്പോൾ തന്നെ സഖ്യകക്ഷിക്ക് മുഹമ്മദ് നബിﷺയുടെയും സംഘത്തിന്റെയും പ്രതിരോധം മറികടക്കാൻ ആയിട്ടില്ല. ഖുറൈശികളിലെ നേതാവായ അംറ് ബിൻ അബ്ദു വുദ്ദ് കൊല്ലപ്പെട്ടു. അവരോടൊപ്പമുള്ളവർ പിന്തിരിഞ്ഞോടി. അതുകൊണ്ട് ഒരു കാര്യം എനിക്ക് പറയാനുള്ളത്. ഖുറൈശികളോടും സഖ്യകക്ഷികളോടും അവരുടെ കൂട്ടത്തിലെ പ്രമുഖരെ നിങ്ങളുടെ അടുക്കൽ ജാമ്യത്തിൽ വെക്കാൻ നിങ്ങൾ ഉപാധി വെക്കണം. അത് നിങ്ങൾക്ക് ഒരു ഉറപ്പിന് വേണ്ടിയാണ്. യുദ്ധം ജയിച്ച് മുഹമ്മദ് നബിﷺയെ തോൽപ്പിച്ചാൽ വിട്ടയക്കാം എന്നും പറയണം. നുഐമിന്റെ ഈ അഭിപ്രായം ബനൂ ഖുറൈളക്കാർക്കു നന്നായി ബോധിച്ചു. അവർ പറഞ്ഞു വളരെ വിലപ്പെട്ട ഒരു ഉപദേശവും നിർദ്ദേശവും ആണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്. ഏതായാലും ഞങ്ങൾ ഇതുപ്രകാരം തന്നെ ചെയ്യും. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇക്കാര്യം നിങ്ങൾ രഹസ്യമാക്കി വെക്കണം. ഞാൻ വന്നതും പറഞ്ഞതും ഒന്നും അവർ അറിയേണ്ടതില്ല. അവർ സമ്മതിച്ചു.

    അവിടെ നിന്നിറങ്ങി നുഐം(റ) നേരെ ഖുറൈശികളുടെ നേതാവ് അബൂസുഫ്‌യാന്റെ അടുത്തേക്ക് പോയി. അദ്ദേഹവും മറ്റു നേതാക്കളും ഒരുമിച്ചിരിക്കുകയായിരുന്നു. അവരോട് നുഐം പറഞ്ഞു. ഞാൻ വളരെ സുപ്രധാനമായ ഒരു സന്ദേശവും ആയിട്ടാണ് വന്നിട്ടുള്ളത്. അവർ പറഞ്ഞു എന്താണ് വേഗം പറയൂ. അത് മറ്റൊന്നുമല്ല. സഖ്യകക്ഷിയുടെയും മുഹമ്മദ് നബിﷺയുടെ സംഘത്തിന്റെയും ഇടയിൽ ഉണ്ടായ സംഭവങ്ങളിൽ ബനൂ ഖുറൈളക്കാർ വളരെ ദുഃഖത്തിലാണ്. അവരതുകൊണ്ട് മുഹമ്മദ് നബിﷺയുമായുള്ള പഴയ സന്ധിയിലേക്ക് മടങ്ങാനും രഞ്ജിപ്പിലാവാനും ആഗ്രഹിക്കുന്നു. ഞാൻ അവിടെ ഇരിക്കുമ്പോഴാണ് അവർ നബിﷺയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചത്. ഖുറൈശികളുടെയും സഖ്യകക്ഷികളുടെയും കൂട്ടത്തിൽ നിന്ന് 70 പ്രമുഖരെ അവർ ജാമ്യത്തിന് ആവശ്യപ്പെടാൻ കാത്തിരിക്കുകയാണ്. അങ്ങനെ അവർ ഉപാധി വെക്കുന്ന പക്ഷം നിങ്ങൾ അത് അംഗീകരിച്ചു കൊടുക്കരുത്. നിങ്ങളുടെ നേതാക്കളെ കുറിച്ച് നിങ്ങൾക്ക് ജാഗ്രത ഉണ്ടാവണം. ഈ വിവരങ്ങൾ നിങ്ങൾക്ക് കൈമാറിയ കാര്യം ഒരിക്കലും അവർ അറിയരുത്. ഖുറൈശി നേതാക്കൾ പറഞ്ഞു ഇല്ല അതൊരിക്കലും അറിയില്ല.

    നുഐം(റ) അവിടെനിന്നും ഇറങ്ങി നേരെ ഗത്ഫാൻ ഗോത്രത്തിലേക്ക് പോയി. അബൂസുഫ്‌യാനോട് പറഞ്ഞ അതേ വർത്തമാനം അവരോടും പറഞ്ഞു.
    ഇത്രയുമായപ്പോഴേക്കും അസ്സാൽ എന്ന് പേരുള്ള പ്രതിനിധിയെ ബനൂ ഖുറൈള ഖുറൈശികളിലേക്ക് അയച്ചു. അയാൾ ചെന്ന് ഖുറൈശികളോട് പറഞ്ഞു. നിങ്ങൾ സഖ്യകക്ഷി രൂപീകരിച്ചു മുഹമ്മദ് നബിﷺയെയും അനുയായികളെയും തോൽപ്പിക്കാം എന്ന് പറഞ്ഞു. നാളുകൾ ഏറെയായി. കാര്യമായി ഒന്നും നടന്നിട്ടില്ല. ഇനി ഒരുപക്ഷേ നിങ്ങൾ പരാജയപ്പെട്ടാൽ ഖുറൈശികൾ ഒരു വഴിക്കും ഗത്ഫാൻ മറ്റൊരു വഴിക്കും രക്ഷപ്പെടും. ഞങ്ങൾ മാത്രം ഇവിടെ ബാക്കിയാവും. കെടുതികൾ മുഴുവൻ ഞങ്ങൾ നേരിടേണ്ടി വരും. അതുകൊണ്ട് നിങ്ങളിൽ നിന്ന് പ്രമുഖരായ ചിലരെ ജാമ്യത്തിനു വേണ്ടി ഞങ്ങൾക്ക് വിട്ടു തരണം. അബൂസുഫ്‌യാൻ ഒന്നും പ്രതികരിച്ചില്ല. ദൂതൻ പോയ ശേഷം അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണല്ലോ നുഎം(റ) നമ്മളെ അറിയിച്ചത്.

    നുഐം(റ) നേരെ വീണ്ടും ബനൂ ഖുറൈളയെ സമീപിച്ചു. എന്നിട്ട് അവരോട് പറഞ്ഞു. നിങ്ങളുടെ പ്രതിനിധികൾ അബൂസുഫ്‌യാനെ സമീപിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം കൃത്യമായ മറുപടിയൊന്നും അവരോട് പറഞ്ഞില്ല. അവർ പോയതിനു ശേഷം അദ്ദേഹം പറഞ്ഞു. അവർ പറഞ്ഞ പ്രകാരമുള്ള പണയം വയ്ക്കാൻ ഒന്നും നമുക്ക് സാധ്യമല്ല. വേണമെങ്കിൽ നമ്മുടെ കൂട്ടത്തിൽ നിന്ന് ചില ആളുകളെ മുഹമ്മദ് നബിയോട് യുദ്ധം ചെയ്യാൻ വേണ്ടി അയച്ചു കൊടുക്കാം. അവർ യുദ്ധം ചെയ്യട്ടെ. ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങൾ പണയം സ്വീകരിക്കാതെ ഒരിക്കലും ഇനി മുന്നോട്ടു പോകരുത്. അവർ അതിനു സന്നദ്ധരാകാത്തപക്ഷം മുഹമ്മദ് നബിﷺയോട് നേരത്തെ ഉണ്ടായിരുന്ന കരാർ നിങ്ങൾ പുതുക്കുക. നിങ്ങൾ സുരക്ഷിതരാവുക. അപ്പോൾ അവർ പറഞ്ഞു. ഞങ്ങളും ഇപ്പോൾ അതാണ് ഉദ്ദേശിക്കുന്നത്. കഅബ് ബിൻ അസദ് പറഞ്ഞു. തുടക്കത്തിൽ തന്നെ എനിക്ക് യുദ്ധത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഹുയയ്യിന്റെ ഒറ്റ നിർബന്ധത്താൽ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ്. അവനാണെങ്കിലോ ഒരു ശകുനം പിടിച്ചവനുമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...