
ആഇശ (റ) കിടക്കയിൽ തന്നെയാണ്. കണ്ണുനീർ തോർന്നിട്ടില്ല. മാതാപിതാക്കൾ അടുത്തിരുന്നു ശുശ്രൂഷിക്കുന്നു. നബിﷺ അടുത്തു ചെന്നിരുന്നു. എന്നിട്ട് പറഞ്ഞു, “മോളേ! തെറ്റു സംഭവിച്ചുപോയെങ്കിൽ അല്ലാഹുവോട് പശ്ചാത്തപിക്കൂ. അവൻ പൊറുത്തുതരും. അതല്ലെങ്കിൽ ആശ്വസിക്കൂ. നിന്റെ നിരപരാധിത്വം അല്ലാഹു വെളിപ്പെടുത്തും. നിൻ്റെ പവിത്രതയെ അവൻ തന്നെ വിളംബരം ചെയ്യും”. ഇതിനുത്തരം പറയാൻ ആഇശ(റ)യ്ക്ക് കഴിഞ്ഞില്ല. മാതാപിതാക്കളോട് ആംഗ്യം കാണിച്ചു. പക്ഷേ, അവർ മൗനമവലംബിച്ചതേയുള്ളൂ. ആഇശ (റ) തന്നെ പറയുന്നു. “കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി. നിരപരാധിയാണെന്നതിനാൽ മനസ്സിന് ആശ്വാസം തോന്നി. പിന്നെ ഞാൻ തന്നെ മറുപടി പറഞ്ഞു. അല്ലാഹുവിന്നറിയാം ഞാൻ നിരപരാധിയാണെന്ന്. ഇനി ഞാൻ കുറ്റം സമ്മതിച്ചാൽ ആരോപണത്തിന്റെ യാഥാർഥ്യം ആരാണറിയുക! ഇനി നിഷേധിച്ചാൽ ആരാണംഗീകരിക്കുക? ഇപ്പോഴെന്റെ അവസ്ഥ യൂസുഫ് നബി(അ)യുടെ പിതാവിന്റെ അവസ്ഥയാണ്.(എത്രയായിട്ടും എനിക്ക് യഅ്ഖൂബ് നബി(അ)യുടെ പേര് അപ്പോൾ ഓർമ വന്നില്ല എന്ന് മഹതി പറഞ്ഞിരുന്നു). സുന്ദരമായ സഹനം അഥവാ ‘സബ്റുൻ ജമീൽ’ തന്നെയാണ് എനിക്ക് നല്ലത് “.
അല്ലാഹുവിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അവന്റെ വെളിപ്പെടുത്തൽ വന്നാലേ അന്തിമ തീരുമാനമാവൂ.
ഇതിനിടയിൽ കപടവിശ്വാസികൾക്ക് തത്ക്കാലം ആശ്വസിക്കാനായി. മുത്ത് നബിﷺയേയും കുടുംബത്തേയും മാനസികമായി പ്രയാസപ്പെടുത്താനായി. കുടുംബങ്ങളെപറ്റി ഹീനമായ ഒരു കഥ പ്രചരിപ്പിക്കാനായി. അതിൽ അവർ ആത്മനിർവൃതിയിൽക്കഴിഞ്ഞു.
പക്ഷേ, കാർമേഘങ്ങൾ അധിക നേരം നീണ്ടു നിന്നില്ല. നബിﷺയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾത്തിളങ്ങി. വിശുദ്ധ ഖുർആൻ ‘അന്നൂർ’ അധ്യായത്തിലെ പതിനൊന്നു മുതൽ പത്തൊൻപത് വരെ സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “തീര്‍ച്ചയായും ഈ അപവാദം പറഞ്ഞു പരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച്, അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ ചെയ്ത പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്. ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? ഇതു തികഞ്ഞ അപവാദമാണെന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്? അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍. ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങൾ തന്നെ പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നേ നിസ്സാരമാണെന്നു വിചാരിച്ചു. എന്നാല്‍, അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്. അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെയാണ് എന്ന്. അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: “നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്.” അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരുന്നു. സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.“
ആഇശ(റ)യെ പ്രത്യേകം പരാമർശിച്ചു കൊണ്ട് അന്നൂറിലെ തന്നെ ഇരുപത്തിമൂന്നും ഇരുപത്തിനാലും സൂക്തങ്ങൾ കൂടി അവതരിച്ചു. ഉള്ളടക്കം ഇങ്ങനെയാണ്. ”പതിവ്രതകളും ദുര്‍നടപടിയെക്കുറിച്ചാലോചിക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെ സംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിൽ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.“
ആഇശ(റ)യുടെ നിരപരാധിത്വം ഖുർആൻ പ്രഖ്യാപിച്ചതോടെ മഹതിയോട് മാതാവ് പറഞ്ഞു. “മോളേ, മുത്തുനബിﷺയുടെ അടുത്തേക്ക് ചെന്നു കാൽക്കൽ വീഴൂ മകളേ “. അപ്പോൾ ആഇശ(റ)യിൽ ഒരു അഭിമാന ബോധം ഉയർന്നു. സ്വാഭാവികമായി ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ഒരു സൗന്ദര്യ വ്യവഹാരം. “ഞാൻ അല്ലാഹുവിനോട് മാത്രമേ കടപ്പാട് പറയേണ്ടതുള്ളൂ ” എന്ന് പറഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
