
ഇത്ര വലിയ ഒരാരോപണം താങ്ങാൻ ആ കൗമാരക്കാരിക്ക് സാധിച്ചില്ല. അതിനിടയിലാണ് ഒരു അൻസ്വാരി വനിത വന്ന് നാട്ടിൽ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞത്. അതുകൂടി കേട്ടതോടെ ആഇശ (റ) തളർന്നു വീണു. മാതാപിതാക്കൾ ആശ്വസിപ്പിച്ചു. ശുശ്രൂഷകൾ നൽകി. ഈ വാർത്തകൾ കേട്ട നബിﷺയുടെ മാനസികാവസ്ഥയും പ്രതികരണവും എന്തായിരിക്കുമെന്ന് മഹതി വീണ്ടും വീണ്ടും ആലോചിച്ചു. അത് കൂടുതൽ തളർത്താൻ തുടങ്ങി. നബിﷺയുടെ സന്ദർശനം ഈ ചിന്തയോടെ ആയിരിക്കുമല്ലോ? അതിനാൽ നബിﷺയുടെ ക്ഷേമാന്വേഷണങ്ങളിൽ മഹതിക്ക് സമാധാനം ലഭിച്ചില്ല. ‘എങ്ങനെയുണ്ട്’ എന്ന് നബിﷺ ചോദിക്കുമ്പോഴും രോഗവിവരം അന്വേഷിക്കുന്നതിനപ്പുറം ചിലതു കൂടി അന്വേഷിക്കുന്നുണ്ടോ എന്ന് മഹതി സംശയിച്ചു. രാവും പകലും തോരാത്ത കണ്ണീരുമായി കിടക്കയിൽത്തന്നെയായി. ഒടുവിൽ ഉമ്മയെ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോയി. അവിടെയും കരച്ചിലും കണ്ണീരുമായിത്തന്നെ കഴിഞ്ഞു കൂടി. കരഞ്ഞു കരഞ്ഞു കരൾ കലങ്ങുമോ എന്ന് മാതാപിതാക്കൾ വ്യാകുലപ്പെട്ടു. ഇനിയെന്തിനു ജീവിക്കണം എന്നുവരെ ആഇശ (റ) ആലോചിക്കാൻ തുടങ്ങി.
സ്വന്തം പത്നിയെ കുറിച്ചുള്ള ഈ ആരോപണം ആവശ്യമായ ആലോചനകൾക്ക് ശേഷമല്ലാതെ നബിﷺക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. ആഇശ(റ)യെക്കുറിച്ച് ഏതെങ്കിലും സംശയമോ സാധ്യതാവിചാരമോ നബിﷺക്കില്ല. പക്ഷേ, വിമർശകർക്ക് കൂടി നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള സാവകാശം ആവശ്യമാണ്. അല്ലെങ്കിൽ, ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കൃത്യമായ ഒരു മാതൃക പഠിപ്പിക്കാൻ സാധിക്കില്ല. സർവോപരി അല്ലാഹുവിന്റെ തീരുമാനവും പ്രഖ്യാപനവും വരാതെ തിരുനബിﷺക്ക് തീർപ്പ് പറയാനാവില്ല. നബിﷺ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് കാത്തു നിന്നു. നബിﷺ ഉസാമ(റ)യോടും അലി(റ)യോടും ആഇശ(റ)യെക്കുറിച്ചുള്ള അഭിപ്രായമന്വേഷിച്ചു. പ്രഥമ മറുപടിയിൽത്തന്നെ ആഇശ (റ) നിരപരാധിയാണെന്ന് ഉസാമ (റ) പറഞ്ഞു.
ആഇശ(റ)യെക്കുറിച്ചൊന്നും പറയാത്ത സ്ത്രീകൾ വേറെയുമുണ്ടല്ലോ എന്ന പ്രതികരണമാണ് അലി(റ)യിൽ നിന്നുണ്ടായത്. അലി(റ)യുടെ ഈ പ്രതികരണമറിഞ്ഞതിൽപ്പിന്നെ ആഇശ(റ)യ്ക്ക് അലി(റ)യോട് സ്വാഭാവികമായ ഒരു പരിഭവമുണ്ടായിരുന്നു. പരിചാരകയോട് വ്യംഗ്യമായ രൂപത്തിൽ നബിﷺ ഒരന്വേഷണം നടത്തി. കാര്യത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ അവർ പറഞ്ഞു. “ചെറുപ്പമല്ലേ, ചിലപ്പോൾ ഇരുന്നുറങ്ങിക്കളയും, അതുകൊണ്ട് ചിലപ്പോൾ ആട് വന്നു മാവ് തിന്നു പോകും. അല്ലാതെ, വേറെ ഒന്നും ഞാൻ കണ്ടിട്ടില്ല.” ഈ മറുപടി കേട്ടപ്പോൾ നബിﷺ വിഷയം വ്യക്തമാക്കിച്ചോദിച്ചു. കേട്ട മാത്രയിൽത്തന്നെ അവർ പറഞ്ഞു. “സുബുഹാനല്ലാഹ്! തട്ടാൻ തങ്കത്തെ അറിയുമ്പോലെ എനിക്ക് ആഇശ(റ)യെ അറിയാം. ഒരിക്കലും അങ്ങനെയൊന്നുണ്ടാവാൻ സാധ്യതയില്ല.”
ഈ മറുപടികൾ നബിﷺയെ വല്ലാതെ സന്തോഷിപ്പിച്ചു. ആഇശ(റ)യുടെ സഹപത്നിമാരിൽ ആഇശ(റ)യോട് കിടമത്സരം നടത്തിയിരുന്നതായിരുന്നു സൈനബ് (റ). സൈനബി(റ)നോട് നബിﷺ അഭിപ്രായമന്വേഷിച്ചു. ന്യായമല്ലാത്തതൊന്നും ആഇശ(റ)യിൽ കണ്ടിട്ടില്ലെന്നവർ മറുപടി പറഞ്ഞു.
ഇത്രയുമായപ്പോൾ നബിﷺ അനുചരന്മാരെ പള്ളിയിൽ വിളിച്ചു ചേർത്തു. നബി പത്നിമാരുടെ പവിത്രതയും കപടവിശ്വാസികളുടെ ആരോപണങ്ങളും വിശദമായി പങ്കുവച്ചു. എന്നിട്ട് ചോദിച്ചു. “കുറ്റവാളികളെ ആരാണ് കൈകാര്യം ചെയ്യുക?” ഉടനെ ഔസ് ഗോത്രത്തലവൻ കൂടിയായ സഅ്ദ് ബിൻ മആദ്(റ) എഴുന്നേറ്റു പറഞ്ഞു, “അല്ലയോ പ്രവാചകരേﷺ! കുറ്റവാളി എന്റെ ഗോത്രക്കാരനാണെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ അവന്റെ തലയെടുത്തു വരാം. പ്രതി സഹോദര ഗോത്രമായ ഖസ്‌റജ് ഗോത്രത്തിലാണെങ്കിൽ അവിടുത്തെ കല്പന പോലെ ചെയ്യാം നബിﷺയേ?”
ദീർഘകാലത്തെ കുടിപ്പക അവസാനിപ്പിച്ചു ഏകോദര സഹോദരങ്ങളായിക്കകഴിഞ്ഞിരുന്ന ഔസിന്റെയും ഖസ്‌റജിന്റെയും ഇടയിൽ കപടവിശ്വാസികളുണ്ടാക്കിയ സമീപകാല വിദ്വേഷം സഅ്ദ് (റ) അത്ര ആലോചിച്ചിരുന്നില്ല. പക്ഷേ, സഅ്ദ് (റ) ഇത് പറഞ്ഞതും ഖസ്‌റജിലെ ഒരാൾ എഴുന്നേറ്റു. “ഞങ്ങളുടെ ഗോത്രത്തെക്കുറിച്ചു ഞങ്ങൾ തീരുമാനിച്ചുകൊള്ളാം “. നിങ്ങൾ എന്തിനു പറയണമെന്നായിരുന്നു പ്രശ്നം. വാക്കുകൾ മൂത്തു. വലിയ വിഭാഗീയതയുടെ വക്കിലേക്കെത്തി. ഉടനെ നബിﷺ ഇടപെട്ടു അനുരഞ്ജനമുണ്ടാക്കി. ശേഷം, ആഇശ(റ)യുടെ അടുത്തേക്ക് പോയി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
