
നബിചരിത്ര വായനയിൽ ബനുൽ മുസ്തലഖ് യുദ്ധം പകർന്നു തരുന്ന ദുഃഖകരമായ ഒരു സംഭവമാണ് ആഇശ(റ)യ്ക്കെതിരെയുള്ള ആരോപണം. കപടവിശ്വാസികൾ കരുതിക്കൂട്ടിയുണ്ടാക്കിയ ഒരു കഥയായിരുന്നു ഇത്. നബിﷺയെയും സന്തതസഹചാരികളായ അബൂബക്കറി(റ)നെയും ഉമറി(റ)നെയും ഒരുപോലെ അപമാനിക്കാൻ അബൂബക്കറി(റ)ന്റെ മകൾ ആഇശ(റ)യെക്കുറിച്ചും ഉമറി(റ)ന്റെ മകൾ ഹഫ്സ(റ)യെക്കുറിച്ചും പലതും പറയാൻ പലപ്പോഴും അവർ ശ്രമിച്ചു. പക്ഷേ, അതൊന്നും വിജയിച്ചില്ല.
ആഇശ(റ)യെക്കുറിച്ച് ഇപ്പോഴുണ്ടായ സംഭവത്തെ നമുക്ക് ഇങ്ങനെ വായിക്കാം. “ബനുൽ മുസ്തലഖ് കഴിഞ്ഞുള്ള മടക്കയാത്രയിൽ മഹതി സഞ്ചരിച്ചിരുന്നത് ഒരൊട്ടകക്കട്ടിലിൽ ആയിരുന്നു. കട്ടിലിൽ മഹതി കയറി എന്നറിഞ്ഞാൽ അതുയർത്തി ഒട്ടകത്തിൻമേൽ വച്ച് സഞ്ചാരികൾ യാത്ര തുടരും. അതായിരുന്നു പതിവ്. കേവലം 14 വയസ്സ് മാത്രം പ്രായമുള്ള ഭാരം കുറഞ്ഞ വനിതയായിരുന്നു അന്ന് ആഇശ (റ).
യാത്രാമധ്യേ, ഒരു സ്ഥലത്ത് പ്രാഥമികാവശ്യ നിർവഹണത്തിനും മറ്റും സംഘം വാഹനം നിർത്തി. ആഇശ (റ) വാഹനത്തിൽ നിന്ന് ഇറങ്ങി അല്പം അകലേക്ക് നടന്നുപോയി. ആവശ്യനിർവഹണം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ധരിച്ചിരുന്ന മാല നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നുതന്നെ മാല അന്വേഷിച്ച് വീണ്ടും പ്രാഥമികാവശ്യം നിർവഹിച്ച സ്ഥലത്തേക്ക് പോയി. മാല കണ്ടെത്തി മടങ്ങി വന്നപ്പോഴേക്കും യാത്രാ സംഘം സ്ഥലം വിട്ടിരുന്നു. ഒട്ടകക്കട്ടിലിൽ ആഇശ (റ) ഉണ്ടാകുമെന്ന് കരുതി വാഹകർ ഒട്ടകപ്പുറത്ത് വച്ച് യാത്ര തുടർന്നതാണ്. ഇനിയെന്ത് മാർഗം എന്ന് ആലോചിച്ചു ആഇശ (റ) അവിടെത്തന്നെയിരുന്നു. ഒരുപക്ഷേ, അടുത്ത സ്ഥലത്തെത്തുമ്പോൾ ആഇശ(റ)യുടെ അസാന്നിധ്യം മനസ്സിലാക്കി യാത്രാസംഘം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചാണ് മഹതി അവിടെയിരുന്നത്.
അങ്ങനെയിരിക്കെയാണ് ഓരോ യാത്ര സംഘത്തിലും ഉള്ളതുപോലെ ഈ യാത്രാ സംഘത്തിലെയും പിന്നണി സഞ്ചാരിയായ സഫ്‌വാൻ (റ) എന്ന സ്വഹാബി ഇതുവഴി കടന്നുവന്നത്. മുന്നേ കടന്നുപോകുന്നവരുടെ സാധനസാമഗ്രികൾ കൊഴിഞ്ഞു പോയിട്ടുണ്ടോ, ആരെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടോ എന്നൊക്കെ അറിയാനാണ് പിന്നണിയിൽ ഒരാളിങ്ങനെ സഞ്ചരിക്കാറുള്ളത്. സഫ്‌വാൻ (റ) നടന്നു വരുമ്പോൾ അതാ അവിടെ ഒരു കറുത്ത രൂപം ഇരിക്കുന്നു. അടുത്തുചെന്ന് ശ്രദ്ധിച്ചപ്പോൾ ആഇശ(റ)യാണെന്ന് മനസ്സിലായി. ഹിജാബിനെക്കുറിച്ചുള്ള ഖുർആൻ സൂക്തം അവതരിക്കുന്നതിന് മുമ്പ് ആഇശ(റ)യെ കണ്ട പരിചയം സഫ്‌വാന് (റ) ഉണ്ടായിരുന്നു. മഹതിയെക്കണ്ട മാത്രയിൽത്തന്നെ ആപത് ഘട്ടങ്ങളിൽ ചൊല്ലാറുള്ള മന്ത്രം ‘ഇന്നാലില്ലാഹ്’ എന്ന് ചൊല്ലി. ശേഷം ഒട്ടകം അടുപ്പിച്ചു കൊടുക്കുകയും ഒട്ടകത്തിൽ മഹതി കയറുകയും ചെയ്തു. ഒരു സംഭാഷണം പോലും നടത്താതെ കടിഞ്ഞാൺ പിടിച്ചുകൊണ്ട് സഫ്‌വാൻ (റ) മുന്നോട്ടുപോയി.
വൈകുന്നേരമായപ്പോഴേക്കും യാത്രാ സംഘത്തോടൊപ്പം അവർ ചെന്നുചേർന്നു. ആഇശ(റ)യെ സംഘത്തോടൊപ്പം എത്തിച്ചു കൊടുത്തു. ഇത്തരം യാത്രകളിൽ സാധാരണയുണ്ടാകുന്ന ഒരു സംഭവം മാത്രമാണിത്. എന്നാൽ, കപടവിശ്വാസികൾക്ക് കഥ മെനയാൻ ഇത് അധികമായിരുന്നു. സഫ്‌വാനെ(റ)യും ആഇശ(റ)യും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി. നിരപരാധികളായ പലരും യാഥാർഥ്യമറിയാതെ പ്രചാരണത്തിൽ വീണു പോയി. മറ്റുപല കാരണങ്ങളാൽ ആഇശ(റ)യോടോ സഫ്‌വാനോ(റ)ടോ സൗന്ദര്യപ്പിണക്കമുള്ളവർ ഇത് വിശ്വസിപ്പിക്കാനും ശ്രമിച്ചു. പ്രമുഖ സ്വഹാബിമാരായ ഹസാനും(റ) മിസ്‌തഹും(റ) ഹംന ബിൻത് ജഹ്ശും(റ) പ്രചരിപ്പിച്ചവരിൽ ഉൾപ്പെട്ടിരുന്നു. പുറത്തുനിന്നു വന്നവർ ഇവിടെയുള്ളവരെക്കാൾ സ്ഥാനം നേടുന്നു എന്ന മറ്റൊരു പ്രചാരണത്തിൽ വീണുപോയതുകൊണ്ടാണ് ഹസ്സാനി(റ)നു സഫ്‌വാനോ(റ)ട് സൗന്ദര്യപ്പിണക്കമുണ്ടായത്. ഒരു വാർത്ത വന്നപ്പോൾ സ്വാഭാവികമായും അത് സംബന്ധമായ സംഭാഷണങ്ങളുണ്ടായി. ഹംന(റ)യുടെ സഹോദരി സൈനബ് (റ) നബിﷺയുടെ പത്നിമാരിൽ ഒരാളായിരുന്നു. ആഇശ(റ)യുടെ അസാന്നിധ്യത്തിൽ സൈനബി(റ)ന് കുറേക്കൂടി പരിഗണന കിട്ടുമെന്ന് ഹംന(റ)യുടെ കൊച്ചു ബുദ്ധി മന്ത്രിച്ച് കൊടുത്തു. അതുകൊണ്ടാണ് ആഇശ(റ)യ്ക്കെതിരെയുള്ള ആരോപണത്തിൽ ഹംന (റ) പെട്ടുപോയത്. മിസ്തഹ് (റ) സിദ്ദീഖി(റ)ന്റെ ബന്ധവും സിദ്ദീഖി(റ)ന്റെ ചെലവിൽത്തന്നെ കഴിഞ്ഞിരുന്ന ആളുമാണ്. പക്ഷേ, എന്തുചെയ്യാൻ ഈ ആരോപണത്തിൽ എങ്ങനെയോ അദ്ദേഹം പെട്ടുപോയി. ഹസ്സാൻ (റ) ഉയർത്തിയ ആരോപണങ്ങൾ അറിഞ്ഞ് സഫ്‌വാൻ (റ) തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഹസാനെ(റ)തിരെ ആയുധമെടുത്തിറങ്ങി പരുക്കേൽപ്പിക്കുകയും ചെയ്തു. നബിﷺ സഫ്‌വാനെ(റ) നിയന്ത്രിക്കുകയും നഷ്ടപരിഹാരം നൽകാൻ പറയുകയും ചെയ്തു.
പുറത്തു നടക്കുന്ന ഈ സംഭവങ്ങളൊന്നും യഥാർഥത്തിൽ ആഇശ (റ) അറിഞ്ഞിരുന്നില്ല. പതിവുപോലെ ഒരു ദിവസം രാത്രി ആഇശ (റ) മിസ്തഹി(റ)ന്റെ ഉമ്മയോടൊപ്പം പ്രാഥമികാവശ്യ നിർവഹണത്തിന് പുറത്തേക്കിറങ്ങി. വാഷ് റൂമുകളില്ലാത്ത കാലമായതിനാൽ. രാത്രികാലങ്ങളിൽ കാലിപ്രദേശങ്ങളിൽ പോയായിരുന്നു അന്നത്തെ സ്ത്രീകൾ പ്രത്യേകിച്ചും പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചിരുന്നത്. അങ്ങനെ നടക്കുന്നതിനിടയിൽ മിസ്തഹി(റ)ന്റെ ഉമ്മ മകനെക്കുറിച്ച് ഒരു ശാപവാക്ക് പറഞ്ഞു. ആഇശ (റ) പറഞ്ഞു, ‘അങ്ങനെ പറയരുത്. ഒരു പ്രമുഖ സ്വഹാബിയല്ലേ അദ്ദേഹം ? ‘ അപ്പോഴാണ് മിസ്തഹി(റ)ൽ നിന്നുണ്ടായ സംഭാഷണം ഉമ്മ ആഇശ(റ)യോട് പറയുന്നത്. പുറത്തു പ്രചാരണത്തിലുള്ള വാർത്തയും മറ്റുകാര്യങ്ങളും അപ്പോഴാണ് ആഇശ(റ)യുടെ കാതുകളിലെത്തുന്നത്.
ഇത്രയും കേട്ടതും ആഇശ(റ)യുടെ തലകറങ്ങി. വന്ന കാര്യങ്ങൾ പോലും മാറ്റിവച്ചു. നിലയും ചുവടും തെറ്റി വീട്ടിലേക്ക് മടങ്ങി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
