
നബിﷺ പ്രാർഥിച്ച വാചകങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം: “അല്ലാഹുവേ, അബൂസലമയ്ക്ക് നീ അനുഗ്രഹം ചൊരിയേണമേ! അദ്ദേഹത്തിന്റെ പദവികൾ ഉയർത്തേണമേ. പൊറുത്തു കൊടുക്കുകയും ഖബറിൽ പ്രകാശം ചൊരിക്കുകയും ചെയ്യേണമേ. അദ്ദേഹത്തെ നീ സൻമാർഗികളിൽപ്പെടുത്തേണമേ. അദ്ദേഹത്തിന്റെ ശേഷമുള്ളവർക്ക് നഷ്ടപ്പെട്ടതിന് നല്ലത് പകരം നീ നൽകേണമേ! ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുക്കേണമേ. അദ്ദേഹത്തിന്റെ ഖബർ നീ വിശാലമാക്കേണമേ.”
എത്ര വല്യ സൗഭാഗ്യമാണ് അബൂസലമ:(റ)യ്ക്ക് ലഭിച്ചത് ! ആസന്നഘട്ടത്തിലും മരണാനന്തര കർമങ്ങളിലും മുത്ത്നബിﷺയുടെ സാന്നിധ്യവും നേതൃത്വവും ! അവിടുത്തെ മനം നിറഞ്ഞ പ്രാർത്ഥന ! പരലോക ജീവിതത്തിലേക്കുള്ള വിജയാശംസകൾ !
പരേതനു വേണ്ടിയുള്ള പ്രാർഥനയും അദ്ദേഹത്തിന്റെ മേലുള്ള നിസ്ക്കാരവും മരണപ്പെട്ടയാളുടെ മോക്ഷത്തിനുവേണ്ടിച്ചെയ്യുന്ന കർമങ്ങളാണ്. മരണപ്പെട്ടയാൾക്ക് ജീവിച്ചിരിക്കുന്ന വിശ്വാസികളായ സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന ഉപകാരങ്ങളാണ്. മരണപ്പെട്ടവർക്ക് അവർ ചെയ്ത കർമഫലം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. അതാണ് മുഖ്യമായി ലഭിക്കാനുള്ളത് എന്നാണതിന്റെ ആശയം. മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ നടത്തുന്ന പ്രാർഥനയുടെ ഫലമായി പരേതന് ഗുണങ്ങൾ കിട്ടും. ഖുർആൻ അത്തരം പ്രാർഥനകൾത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മേൽ നിസ്ക്കരിക്കുന്നത് ഒരർഥത്തിൽ വിശ്വാസികൾ അല്ലാഹുവിനോട് പരേതനു വേണ്ടി സമർപ്പിക്കുന്ന ശുപാർശയാണ് കൂടുതൽ വിശ്വാസികൾ നിസ്ക്കരിക്കുന്നത്, ജീവിതത്തിൽ നന്മകളും മഹത്വങ്ങളും ഉള്ളവർ നിസ്ക്കരിക്കുന്നതും പ്രാർഥിക്കുന്നതും അല്ലാഹുവിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കാൻ നിമിത്തമാകുന്നു. നബിﷺയുടെ പ്രാർഥനയും നിസ്ക്കാരവും ലഭിച്ചവർ സൃഷ്ടി ജാലങ്ങളിൽ ഏറ്റവും ഉത്തമരായ വ്യക്തിത്വത്തിന്റെ ശുപാർശ നേടിയവരാണ്. അല്ലാഹു സ്വീകരിക്കാൻ ഏറ്റവും പ്രതീക്ഷയുള്ള പ്രാർഥന ലഭിച്ചവരാണ്.
മരണപ്പെട്ടുപോയവരുടെ ഖബറിനരികെ നിന്നുള്ള പ്രാർഥനയും നബിﷺ കാണിച്ചു തന്നു. ഇതൊന്നും കേവലമായ ആചാരോപചാരങ്ങളല്ല. മറിച്ച്, നമ്മെ വിട്ടു പിരിഞ്ഞവർക്ക് നമുക്ക് ചെയ്തു കൊടുക്കാവുന്ന ഉപകാരങ്ങളാണ്. മരണപ്പെട്ടവർ അവരായി, അവരുടെ ഖബറായി, അവരുടെ ലോകമായി എന്നുപേക്ഷിച്ചു പോവാതെ അവർക്കുവേണ്ടി ചിലത് ചെയ്യാനുണ്ട് എന്നു കൂടിയാണ് നബിﷺയുടെ സമീപനം നമ്മെ പഠിപ്പിക്കുന്നത്.
ഉമ്മുസലമ(റ)യിലേക്ക് തന്നെ വരാം. ഭർത്താവിന്റെ വിയോഗ ദുഃഖത്തിൽ മഹതി അവർകൾ അദ്ദേഹത്തിന്റെ വസ്വിയ്യത്തുകൾ ഓർത്തു. അദ്ദേഹം പഠിപ്പിച്ച പ്രാർഥന ആവർത്തിച്ചുകൊണ്ടിരുന്നു. “എനിക്കു വന്ന ദുഃഖത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ. ഉത്തമമായത് പകരം നീ പ്രദാനം ചെയ്യേണമേ “. മഹതി പറയുകയാണ് പ്രാർഥനയുടെ രണ്ടാം ഭാഗം ഉരുവിടുമ്പോൾ ഞാനാലോചിക്കും എന്റെ ഭർത്താവിനെക്കാൾ മെച്ചപ്പെട്ടത് എന്താണ് എനിക്ക് ലഭിക്കാനുള്ളത് ? ഏതായാലും പരിചയമില്ലാത്ത ഒരു നാട്ടിൽ ഞാൻ തനിച്ചായി. എനിക്ക് താങ്ങാനാവാത്ത ദുഃഖത്താൽ ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു. ദുഃഖം കരഞ്ഞു തീർക്കാൻ തന്നെ തീരുമാനിച്ചു എന്ന് പറയാവുന്ന വിധം ഞാൻ കരച്ചിലിലായി. ‘അയ്യിമുൽ അറബ് ‘ അഥവാ അറബികളുടെ വിധവ എന്നറിയപ്പെടുന്ന വിധം അവരുടെ ദുഃഖം നാട്ടുകാരൊന്നാകെ തിരിച്ചറിഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ നബിﷺ അവരെ ഉപദേശിച്ചു. ഇങ്ങനെ കരഞ്ഞ് പിശാചിനെ നിങ്ങൾ വിളിച്ചു വരുത്തരുത്. അഥവാ, ആത്മീയമായ തിരിച്ചറിവും വിട്ട് നിങ്ങളൊരിക്കലും പൈശാചിക വിചാരത്തിലേക്ക് പോകരുതെന്നായിരുന്നു അതിൻ്റെ തത്വം.
മദീനയിലെ അന്നത്തെ സാമൂഹിക ചുറ്റുപാടിൽ പ്രത്യേകിച്ചും വിധവകൾ ഏറെ നാൾ വൈധവ്യത്തിൽ കഴിയേണ്ടി വരാറില്ല. മറ്റുള്ളവർ അവരെ ഏറ്റെടുത്ത് പുതുജീവിതം നൽകും.
അത് കൊണ്ട് തന്നെ ദീക്ഷാ കാലം കഴിഞ്ഞതും പ്രമുഖരായ പലരും മഹതിയോട് വിവാഹാലോചനയുമായെത്തി. ഉന്നതമായ മഖ്സൂം ഗോത്രക്കാരിയായതിനാൽ പ്രസ്തുത ഗോത്രവുമായി ഒരു ബന്ധമുണ്ടാക്കാൻ താത്പ്പര്യപ്പെട്ടവരും ആലോചനയുമായെത്തി. പക്ഷേ, മഹതി ഒന്നും സ്വീകരിക്കാൻ തയ്യാറായില്ല. അബൂബക്കർ (റ), ഉമർ (റ) എന്നിവരും മുന്നോട്ടു വന്നു. അബൂസലമ(റ)യ്ക്ക് ആരും തുല്യരാവില്ല എന്ന വിധം അത്യധികം ഭർത്താവിന്റെ മഹത്വം വാഴ്ത്തുകയും ഇണയും തുണയുമായി വസിക്കുകയും ചെയ്ത ഉമ്മുസലമ:(റ) ആ ആലോചനകൾക്കൊന്നും സമ്മതം മൂളിയില്ല. അങ്ങനെയിരിക്കെയാണ് നബിﷺയുടെ വിവാഹാന്വേഷണം വരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
