
ഉഹ്ദിന്റെ അനന്തരമുള്ള പ്രധാന സംഭവങ്ങളെയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ എടുത്തു പറയേണ്ട ഒരു ഭാഗമാണ് മദ്യനിരോധനം. അക്കാലത്തെ അറബികളിൽ മദ്യത്തിന്റെ സാന്നിധ്യവും പ്രാധാന്യവും എത്രമേൽ ഉണ്ടായിരുന്നു എന്ന് മുമ്പേ വായിച്ചു പോയ പല അധ്യായങ്ങളിൽ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ ആഘോഷങ്ങളുടെയും അനുശോചനങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു ലഹരി. അവർക്കിടയിലെ സാഹിത്യവും ആവിഷ്ക്കാരങ്ങളും വർണനകളും എല്ലാം മദ്യത്തെ പുകഴ്ത്തിയും ലഹരിയിൽ ആസ്വദിച്ചുമായിരുന്നു. അതിനിടയിലും ഒരു നിയോഗം പോലെ മദ്യം തീരെ സ്പർശിക്കാത്ത ചുരുക്കം ചിലരും ഉണ്ടായിരുന്നു. സ്വിദ്ദീഖ് (റ), അലി (റ), ഉസ്മാൻ (റ) എന്നിവർ ഉദാഹരണമാണ്.
പ്രവാചകത്വ പ്രഖ്യാപനത്തിനുടനെത്തന്നെ മദ്യം നിരോധിച്ചിരുന്നില്ല. ഘട്ടം ഘട്ടമായിട്ടായിരുന്നു ആ നിരോധനം സാധ്യമാക്കിയത്. ഉമർ (റ) നേരത്തേത്തന്നെ മദ്യനിരോധനം എന്ന ആശയത്തെ ഉന്നയിച്ചയാളും അതിനു വേണ്ടിയാഗ്രഹിച്ച വരുമായിരുന്നു. ‘അല്ലാഹുവേ, മദ്യത്തിന്റെ കാര്യത്തിൽ വ്യക്തവും ആശ്വാസദായകവുമായ ഒരു തീരുമാനം തരേണമേ’ എന്ന് പ്രാർഥിച്ച കാര്യം ഇമാം തുർമുദി (റ) ഉദ്ധരിച്ച ഹദീസിൽക്കാണാം. ഇവ്വിഷയികമായി ആദ്യം അവതരിച്ചത് വിശുദ്ധ ഖുർആൻ രണ്ടാമത്തെ അധ്യായം അൽ ബഖറ: യിലെ ഇരുന്നൂറ്റിപ്പത്തൊൻപതാമത്തെ സൂക്തമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. “തങ്ങളോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ തിന്മയുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള്‍ ഏറെക്കൂടുതലുള്ളത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ തങ്ങളോട് ചോദിക്കുന്നു. അവിടുന്ന് പറയുക: ’’ആവശ്യം കഴിച്ച് മിച്ചമുള്ളത്.” നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍; ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിശദീകരിച്ചുതരുന്നു.”
ഈ സൂക്തം അവതരിച്ചയുടനെ നബിﷺ ഉമറി(റ)നെ വിളിച്ച് സൂക്തം കേൾപ്പിച്ചു കൊടുത്തു. അപ്പോഴും ഉമർ (റ) നേരത്തെ നിർവഹിച്ച പ്രാർഥനയാവർത്തിച്ചു. ‘അല്ലാഹുവേ, ഞങ്ങൾക്ക് ശമനം നൽകുന്ന ഒരു തീരുമാനം നൽകേണമേ !’ പൂർണമായ നിരോധനം നിലവിൽ വരാത്തതിനാൽ ആ സമയത്തും സ്വഹാബികളിൽ ചിലർ മദ്യപാനം ഒഴിവാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ആയിടയ്ക്ക് ചില സംഭവങ്ങളുണ്ടായി. മദ്യപിച്ച് നിസ്ക്കരിക്കുന്നയാളുകൾ ഖുർആൻ വചനങ്ങൾ തെറ്റായി പാരായണം ചെയ്യുന്നു. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ നാലാമത്തെ അധ്യായം അന്നിസാഇലെ നാൽപ്പത്തിമൂന്നാം വചനം അവതരിക്കുന്നത്. ഉള്ളടക്കം ഇങ്ങനെ പകർത്താം. “വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നിസ്ക്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍, നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍, സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാണ്.”
ക്രമേണയായി ഒരു ജനതയെ സംസ്കരിക്കുന്നതിന്റെ മനോഹരമായ ചിത്രമാണിത് ! ആദ്യം മദ്യത്തിന്റെ ഉപദ്രവം പറഞ്ഞു. കുറച്ചാളുകൾ അപ്പോൾത്തന്നെ മദ്യം ഉപേക്ഷിച്ചു തുടങ്ങി. പിന്നീട് നിസ്ക്കാര സമയത്ത് ലഹരിയിലാവരുത് എന്ന് കല്പിച്ചപ്പോൾ അഞ്ച് നേരത്തെ ആരാധനയുടെ സമയം ലഹരിമുക്തമാകാൻ അവർ ശ്രദ്ധിച്ചു. അപ്പോൾ രാത്രിയിലെ കുറഞ്ഞ സമയവും പ്രഭാതത്തിനും മധ്യാഹ്നത്തിനുമിടയിൽ കുറഞ്ഞ സമയം മാത്രമായി. പക്ഷേ, ഈ സൂക്തം അവതരിച്ചപ്പോഴും ഉമർ(റ)ന് പൂർണ ആശ്വാസമായില്ല. പഴയ പ്രാർഥന ആവർത്തിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
