Tweet 330

    Tweet 330
    May 10, 2023 • Wednesday
    Post Header

    മുത്ത് നബിﷺ മകളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കും അലി(റ) പടയങ്കിയുമായി മാർക്കറ്റിലേക്കു പുറപ്പെട്ടു. ആദ്യം തന്നെ കണ്ടുമുട്ടിയത് മുത്തുനബിﷺയുടെ മരുമകൻ കൂടിയായ ഉസ്മാൻ(റ)വിനെയാണ്. ഉസ്മാൻ (റ) കാര്യങ്ങളുടെ ഗതി അറിഞ്ഞിരുന്നെങ്കിലും അലി(റ)യോട് വിവരങ്ങൾ അന്വേഷിച്ചു. അലി (റ) കൊണ്ടുവന്ന പടയങ്കി മാർക്കറ്റ് വിലക്കപ്പുറം ഒരു മോഹവിലയ്ക്ക് വാങ്ങി. നാനൂറ്റി എഴുപതു ദിർഹം തുകയായി നൽകി. തുടർന്ന് ഉസ്മാൻ (റ) പറഞ്ഞു; “നിങ്ങൾ നല്ലൊരു യോദ്ധാവാണല്ലോ. എന്നേക്കാൾ ഇതുപയോഗപ്പെടുന്നത് നിങ്ങൾക്കായിരിക്കും. അതുകൊണ്ട് ഇത് ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകുന്നു “. അലി(റ)ക്കു പടയങ്കിയും പോയില്ല; ആവശ്യത്തിന് സംഖ്യയും കൈയിൽ കിട്ടി. അദ്ദേഹം അതിയായ സന്തോഷത്തോടെ നബിﷺയുടെ അടുത്തേക്ക് മടങ്ങി. നബിﷺയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. നബിﷺക്കു ഏറെ സന്തോഷമായി. ഉസ്മാനി(റ)നു വേണ്ടി പ്രത്യേകം പ്രാർഥിച്ചു. കൈയിലുള്ള തുകയിൽ നിന്ന് അല്പമെടുത്തു സുഗന്ധം വാങ്ങാൻ നബിﷺ നിർദേശിച്ചു. അലി(റ) പറയുന്നു : “എനിക്കങ്ങനെ ഷോപ്പിങ്ങൊന്നും വല്യ പരിചയം പോരാ. ഞാൻ ബിലാലി(റ)നെ കൂട്ടിനു വിളിച്ചു. കുറച്ചു സംഖ്യ ഉമ്മുസലമ (റ)യെ ഏല്പിച്ചു “. ബിലാലും(റ) അലി(റ)യും മാർക്കറ്റിലേക്കു പോയി. ആഇശ(റ)യും ഉമ്മുസലമ(റ)യും വീടൊക്കെയൊരുക്കി താഴ്‌വാരത്തു നിന്നു ചെളിയൊക്കെ ക്കൊണ്ടുവന്നു ഭിത്തി മെഴുകി. നബിﷺ സിദ്ദീഖ്(റ) -നേയും അമ്മാർ ബിൻ യാസിറി(റ)നെയും വിളിച്ചു വരുത്തി. വസ്ത്രങ്ങളൊക്കെ വാങ്ങാൻ ഏർപ്പാട് ചെയ്തു.
    മദീന മുഴുവൻ വാർത്തയറിഞ്ഞു. എല്ലാവരും ആനന്ദത്തിലായി. പലപല ഉപഹാരങ്ങളുമായി പലരും നബിﷺയുടെ സവിധത്തിലെത്തി. മുത്തു നബിﷺയുടെ പൊന്നുമോളുടെ കല്യാണത്തിന് മദീന മംഗളഗാനം ചൊല്ലി. മദീനക്കാരുടെ ഹൃദയങ്ങളിൽ ദഫ്ഫും അറബനയും അരങ്ങേരി.
    വലീമ: അഥവാ വിവാഹസദ്യ ഒരുക്കേണ്ടത് മണവാളൻ അലി(റ)യാണ്. പക്ഷേ, അലി(റ)യുടെ പക്കൽ അതിന് മതിയായ തുകയില്ല. വിവരമറിഞ്ഞ അൻസ്വാരിയായ സ്വഹാബി സഅ്ദ്ബിൻ മുആദ് (റ) അലി(റ)ക്കുവേണ്ടി വലീമ: സ്പോൺസർ ചെയ്തു.
    വിവാഹ ദിവസമായി. ആഘോഷവും ആനന്ദവും നിറഞ്ഞ മദീനയിൽ ലളിതമായൊരുങ്ങിയ ചടങ്ങിൽ നബിﷺ ഖുതുബ അഥവാ വിവാഹ ഉടമ്പടിക്കു മുമ്പ് പ്രത്യേക ചിട്ടയോടെ നിർവഹിക്കുന്ന സംഭാഷണം നിർവഹിച്ചു. ശേഷം നികാഹ് (വിവാഹ ഉടമ്പടി) കഴിഞ്ഞു. ആഘോഷപൂർവം അതിഥികൾ പിരിഞ്ഞു. ശേഷം നബിﷺ ഉമ്മുസലമ(റ)യെ വിളിച്ചു. മണവാട്ടിയെ ഒരുക്കി അലി(റ)യുടെ വീട്ടിൽ എത്തിക്കാൻ ഏർപ്പാടാക്കി. ഞാൻ വന്നിട്ടേ അലി(റ)യും ഫാത്വിമ(റ)യും ഉറങ്ങാവൂ എന്ന്‌ പറയണമെന്ന് നബിﷺ ഉമ്മു സലമ(റ)യെ ഏല്പിച്ചു വിട്ടു. അതുപ്രകാരം നിശാനിസ്കാരം അഥവാ ഇശാഅ് കഴിഞ്ഞു നബിﷺ അലി(റ)യുടെ വീട്ടിലെത്തി. ഒരു പാത്രം വരുത്തി അതിൽ നബിﷺ അംഗസ്‌നാനം അഥവാ വുളൂഅ് ചെയ്തു. ആ വെള്ളം അലി(റ)യുടെ ശരീരത്തിൽ തളിച്ചു. ശേഷം ഫാത്വിമ(റ)യെ വിളിച്ചു. മുത്തുനബിﷺയെ വിട്ടുപോന്നതിന്റെ ദുഃഖത്താൽ മഹതി കരഞ്ഞു. ഫാത്വിമ(റ)യ്ക്ക് നബിﷺ ഉപ്പയും ഉമ്മയും അതിലെല്ലാമുപരി പുണ്യപ്രവാചകരുമാണ്. നബിﷺക്കു ഫാത്വിമ(റ) കേവലം മകൾ മാത്രമല്ല, ഉമ്മയുടെയും കൂട്ടുകാരിയുടെയും സ്ഥാനത്തു കൂടിയാണ്. സ്വന്തം ഉപ്പാക്ക് ഒരുമ്മയെപ്പോലെ പരിചരണം നൽകിയതിനാൽ ‘ഉമ്മു അബീഹാ’ എന്നറിയപ്പെട്ട മകളാണ് ഫാത്വിമ (റ).
    മുത്തുനബിﷺ അണച്ചുകൂട്ടി ആശ്വസിപ്പിച്ചു. ഏറ്റവും കരുത്തും വിജ്ഞാനവും സാമർഥ്യവുമുള്ള ഒരാൾക്കാണല്ലോ മോളെ ഞാൻ ഏല്പിച്ചു കൊടുത്തത് എന്ന്‌ പറഞ്ഞു അലി(റ)യുടെ മഹത്വം ഒരിക്കൽക്കൂടി എടുത്തു പറഞ്ഞു. അനുഗൃഹീത ജീവിതത്തിനു വേണ്ടി പ്രത്യേക പ്രാർഥന നടത്തി. ശേഷം ദമ്പതികളുടെ ഐശ്വര്യപൂർണമായ ജീവിതത്തിനും ഉന്നതരായ സന്താനങ്ങൾക്കും വേണ്ടി പ്രാർഥനയും ആശംസയും നേർന്നു.
    ലോകത്തെ ഏറ്റവും ഉന്നതരായ പിതാവ് ഏറ്റവും മഹത്വമുള്ള മകളെ എങ്ങനെയാണ് വിവാഹം നടത്തിക്കൊടുത്തത് എന്ന അധ്യായമാണ് നാം വായിച്ചത്. മക്കൾക്ക് ഇണയെ അന്വേഷിക്കും മുമ്പ് മാനദണ്ഡങ്ങൾ എന്താകണം എന്നതിനുള്ള മികച്ച പാഠം കൂടിയാണിത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...