Tweet 306

    Tweet 306
    April 16, 2023 • Sunday
    Post Header

    ഉഹ്ദിലെ മലക്കുകളുടെ സാന്നിധ്യം പരാമർശിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. “ഹാരിസ് ബിൻ അസ്സ്വിമ്മ (റ) പറഞ്ഞു. നബിﷺ അബ്ദുർറഹ്മാൻ ബിൻ ഔഫിനെ അന്വേഷിച്ചു. ഞാൻ പറഞ്ഞു, ‘അതാ, ആ പർവതത്തിന്റെ ഭാഗത്തുണ്ട് ‘. ഞാൻ അദ്ദേഹത്തിന്റെയടുത്തെത്തി. അപ്പോഴതാ ഏഴ് ശത്രുക്കൾ നിലം പറ്റിക്കിടക്കുന്നു. ഞാൻ ചോദിച്ചു, ‘നിങ്ങളൊറ്റയ്ക്കാണോ ഇവരെയൊക്കെ നിലംപരിശാക്കിയത് ?’
    ‘അല്ല, അക്കാണുന്ന രണ്ടുപേരെയേ ഞാൻ നേരിട്ടിട്ടുള്ളൂ. ബാക്കിയുള്ളവരെ അദൃശ്യരായ വ്യക്തികളാണ് നേരിട്ടത് ‘. ഞാൻ പറഞ്ഞു; ‘അല്ലാഹുവും അവന്റെ റസൂലുംﷺ പറഞ്ഞത് എത്ര വാസ്തവമാണ്.!’
    ഉഹ്ദിലെ മുസ്‌ലിം പക്ഷത്തിന്റെ പതാക നബിﷺ മിസ്അബ് ബിൻ ഉമൈർ(റ)നെ ഏൽപ്പിച്ചു. മിസ്അബ് (റ) കൊല്ലപ്പെട്ടപ്പോൾ ആ പതാക മിസ്അബി(റ)ൻ്റെ അതേ രൂപത്തിൽ വന്ന മലക്ക് ഏറ്റെടുത്തു. പെട്ടെന്ന് നബിﷺ പറഞ്ഞു, ‘മുന്നോട്ട് നയിക്കൂ മിസ്അബേ!’ മലക്ക് നബിﷺയെ ഒന്ന് നോക്കി. ഇതു നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട മലക്കാണെന്ന് നബിﷺ തിരിച്ചറിഞ്ഞു. മുഹമ്മദ് ബിൻ സാബിത് (റ) പറയുന്നതിങ്ങനെയാണ്. “അഖ്ദിം യാ മിസ്അബ്” – ‘മുന്നോട്ട് നയിക്കൂ മിസ്അബേ(റ)’ എന്ന് നബി ﷺ ഉഹ്ദിൽ വച്ചു പറയുന്നത് ഞാൻ കേട്ടു. ഞാൻ ചോദിച്ചു; ‘മിസ്അബ് (റ) കൊല്ലപ്പെട്ടില്ലേ നബിയേﷺ?’
    ‘ആ, അതേ. ഇത് അദ്ദേഹത്തിന്റെ രൂപത്തിലും നാമത്തിലും അവതരിച്ച മലക്കാണ് ‘.
    സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ) പറയുന്നു : ‘ഉഹ്ദിൽ വച്ച് ഞാൻ അമ്പെയ്യുമ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ എനിക്ക് അമ്പെത്തിച്ചു തന്നിരുന്നു. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് അതൊരു മലക്കായിരുന്നു എന്ന് ‘.
    വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലു ഇംറാനിലെ നൂറ്റിയമ്പത്തിരണ്ടാം സൂക്തത്തിലെ “അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം ‎നിറവേറ്റിയിരിക്കുന്നു” എന്ന ആശയത്തിൽ തുടങ്ങുന്ന ഭാഗത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഉർവ (റ) പറയുന്നു:
    ‘സഹനവും സൂക്ഷ്മതയും നിലനിർത്തിയാൽ തിരിച്ചറിയാവുന്ന അയ്യായിരം മലക്കുകളെക്കൊണ്ട് സഹായിക്കാം എന്നല്ലാഹു വാഗ്ദാനം ചെയ്തു. സംഘത്തിലെ ചിലർ നബിﷺയുടെ നിർദേശങ്ങളെ അശ്രദ്ധമായിക്കണ്ടപ്പോൾ അല്ലാഹു സഹായം ഉയർത്തിക്കളഞ്ഞു. ശേഷം അല്ലാഹുവിന്റെ സഹായം അവൻ തിരിച്ചു തന്നു’.
    മുത്ത് നബിﷺയുടെ നിർദേശങ്ങളെ എത്രമേൽ കൃത്യമായി പാലിക്കണമെന്ന് ലോകത്തെ പഠിപ്പിക്കാൻ കൂടിയായിരുന്നു ഉഹ്ദ് ഉണർത്തിയത്.
    ഉഹ്ദിന്റെ പോർക്കളം വ്യത്യസ്തങ്ങളായ കുറേ ചിത്രങ്ങൾ രേഖപ്പെടുത്തി. ജീവാർപ്പണത്തിൻ്റെ സ്വതന്ത്ര അധ്യായങ്ങൾ രചിച്ച പല മഹാന്മാരെയും അവതരിപ്പിച്ചു. കഅ്ബ് ബിൻ മാലിക് (റ) പറയുന്നു: ‘നബിﷺ ഒറ്റപ്പെട്ട് ശതുക്കൾക്കിടയിൽപ്പെട്ടു പോയതിന് ശേഷം നബിﷺയെ ആദ്യമായിക്കണ്ടെത്തിയത് ഞാനായിരുന്നു. ഉടനെ ഞാൻ വിളിച്ചു പറഞ്ഞു – ഇതാ നിൽക്കുന്നു അല്ലാഹുവിന്റെ ദൂതർ !’ ﷺ. അപ്പോൾ നബിﷺ പറഞ്ഞു; ‘മൗനം പാലിക്കുക. ഉറക്കെ വിളിച്ചു പറയരുത് ‘. ശേഷം, നബിﷺയുടെ പടച്ചട്ടയും ആയുധങ്ങളും ഞാനണിഞ്ഞു. എന്റേത് നബിﷺയും ഉപയോഗിച്ചു. ശത്രുക്കൾ അതോടെ എനിക്കെതിരെത്തിരിഞ്ഞു. ഇരുപതിലേറെ പരുക്കുകൾ അതുവഴി ഞാൻ ഏറ്റെടുത്തു. ഓരോ ആയുധ പ്രയോഗം നടത്തുമ്പോഴും നബിﷺയാണ് ഞാനെന്ന് കരുതിയാണ് അവർ ആക്രമിച്ചത്.
    നബിﷺ വധിക്കപ്പെട്ടു എന്ന വാർത്ത പരന്നതാണ് ഉഹ്ദിൽ വിശ്വാസികളെ ഏറ്റവും പരിഭ്രമത്തിലാക്കിയത്. ഉമർ (റ) പറയുന്നു: ‘നബിﷺ കൊല്ലപ്പെട്ടു എന്ന വാർത്ത എനിക്ക് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. അങ്ങനെ പറയുന്നവനെ വാളിന്നിരയാക്കുന്ന വികാരമായിരുന്നു എനിക്കപ്പോൾ. അങ്ങനെയിരിക്കുമ്പോഴാണ് നബിﷺയെക്കണ്ടെത്തിയ ആളുകളിലേക്ക് ഞാനെത്തിയത് ‘.
    അബ്ബാസ് ബിൻ ഉബാദ (റ), ഖാരിജത് ബിൻ സൈദ് (റ), ഔസ് ബിൻ അർഖം (റ) എന്നിവർ ശബ്ദമുയർത്തി. അബ്ബാസ് (റ) വിളിച്ചുപറഞ്ഞു, ‘അല്ലാഹുവും അവന്റെ ദൂതനുംﷺ സാക്ഷി. ഇതെല്ലാം നമുക്ക് സംഭവിച്ചത് നബിﷺയുടെ ഒരു നിർദേശം ഗൗരവത്തിലെടുക്കാത്തതിനാലാണ്. നിങ്ങൾ ക്ഷമിക്കുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കും. നമ്മുടെ ഇമയനങ്ങുന്ന ജീവൻ ബാക്കിയുണ്ടെങ്കിൽ അല്ലാഹുവിന്റെ ദൂതനെﷺന്തെങ്കിലും സംഭവിച്ചാൽ അല്ലാഹുവിനോട് നാമെന്തു പറയും ?’ അബ്ബാസ്(റ) ചോദിച്ചു. ഖാരിജ പറഞ്ഞു; ‘നമുക്കൊന്നും ഉപാധി പറയാനുണ്ടാവില്ല. ഒരു ഒഴിവുകഴിവും പറയാനേയില്ല’.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...