Tweet 305

    Tweet 305
    April 15, 2023 • Saturday
    Post Header

    ഇമാം ഇബ്നു ഇസ്ഹാഖ് (റ) രേഖപ്പെടുത്തുന്നു. “ശത്രുക്കൾ നബിﷺയെ വലയം ചെയ്ത സമയത്ത് അവിടുന്ന് ചോദിച്ചു; ‘ആരാണ് എന്നോടൊപ്പം ആത്മസമർപ്പണത്തിന് തയ്യാറുള്ളത്?’ അപ്പോൾ അഞ്ച് അൻസ്വാരികൾക്കൊപ്പം സിയാദ് ബിൻ അസ്സകൻ (റ) മുന്നോട്ട് വന്നു. അദ്ദേഹം അഞ്ചുപേരോടും ഒപ്പം ജോഡിയായി നിന്ന് പൊരുതി. ഒടുവിൽ അദ്ദേഹം മുറിവുകളോടെ നിലം പതിച്ചു. അപ്പോഴേക്കും ഒരു സംഘം വിശ്വാസികൾ ഓടിയെത്തി. ഉടനെ നബിﷺ അദ്ദേഹത്തെ അടുത്തേക്കെത്തിക്കാൻ ആവശ്യപ്പെട്ടു. നബിﷺയുടെ തിരുപാദം തലയിണയാക്കി അദ്ദേഹം കിടന്നു. നിമിഷങ്ങൾക്കുളളിൽ സ്വർഗത്തിലേക്ക് യാത്രയായി. ആഴത്തിലുള്ള പതിന്നാല് മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. യസീദ് ബിൻ സകനിന്റെ(റ) മകൻ ഉമാറയായിരുന്നു ഇതെന്നും ഒരഭിപ്രായമുണ്ട്.
    അലി (റ), അബൂദുജാന (റ), സഅദ് ബിൻ അബീ വഖ്ഖാസ് (റ) എന്നിവർ മൂന്നു ഭാഗങ്ങളിലായി പ്രതിരോധത്തിലേർപ്പെട്ടു. അലി (റ) ശത്രുപക്ഷത്തിന്റെ ഇടയിലേക്ക് കടന്നു കയറി എതിർച്ചേരിയുടെ അവസാന അറ്റം വരെ പൊരുതിക്കയറുകയും അതുപോലെത്തന്നെ മടങ്ങി വരുകയും ചെയ്തു. ശത്രുപക്ഷത്ത് പ്രതിയോഗിയായി മുൻനിരയിൽ നിന്നത് അബൂജഹലിൻ്റെ മകൻ ഇക് രിമയായിരുന്നു. ഹുബാബ് ബിൻ അൽ മുൻദിർ (റ) ആടുകളെപ്പോലെ ഞൂന്ന് കയറി. അവസാനം ശത്രുക്കൾ വലയം ചെയ്ത് ആക്രമിച്ചു. കൊല്ലപ്പെട്ടു എന്നു ഭാവിക്കും വരെ അവർ പിൻതുടർന്നു.
    പരീക്ഷണങ്ങൾക്ക് നടുവിലും സ്വഹാബികൾക്ക് ആത്മവിശ്വാസം നൽകാൻ അല്ലാഹു അവർക്ക് മയക്കം നൽകി. അത്‌ ശത്രുക്കളെ അദ്ഭുതപ്പെടുത്തി. ഇബ്നു മസ്ഊദ് (റ) പറയുന്നു. “പടക്കളത്തിലെ മയക്കം അല്ലാഹുവിൽ നിന്നുള്ള സുരക്ഷയും നിസ്ക്കാരത്തിലെ മയക്കം പിശാചിൽ നിന്നുള്ളതുമാണ്. ഉഹ്ദിൽ ലഭിച്ച ഈ അനുഗ്രഹത്തെ സൂചിപ്പിച്ചു കൊണ്ട് ഖുർആൻ മൂന്നാമത്തെ അധ്യായം ആലുഇംറാനിലെ നൂറ്റിയമ്പത്തിനാലാമത്തെ സൂക്തം പരാമർശിക്കുന്നതിങ്ങനെയാണ് :
    “പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം ‎മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. ‎നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത ‎അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ‎ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ ‎സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്‌ലാമിക ‎ധാരണയാണ് വച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ‎ചോദിക്കുന്നു: കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് ‎വല്ല പങ്കുമുണ്ടോ? പറയുക: കാര്യങ്ങളെല്ലാം ‎അല്ലാഹുവിന്റെ അധീനതയിലാണ്. അറിയുക: അവര്‍ ‎തങ്ങളോട് വെളിപ്പെടുത്താത്ത ചിലത് ‎മനസ്സുകളിലൊളിപ്പിച്ചു വെയ്ക്കുന്നുണ്ട്. അവര്‍ പറയുന്നു: ‎‎കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് ‎പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെ വച്ച് ‎നശിക്കുമായിരുന്നില്ല. പറയുക: നിങ്ങള്‍ നിങ്ങളുടെ ‎വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ ‎വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം ‎പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, ‎നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു ‎പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് ‎കറകളഞ്ഞെടുക്കാനുമാണ്. ഹൃദയത്തിലുള്ളതൊക്കെയും ‎നന്നായറിയുന്നവനാണ് അല്ലാഹു.” ‎
    ആദ്യത്തെ മുന്നേറ്റത്തിന് ശേഷം പരീക്ഷണം. പരീക്ഷണത്തിന് ശേഷം വീണ്ടും അതിജീവനം. അതിലൂടെ പ്രതീക്ഷയും. ആത്യന്തിക വിജയത്തിലേക്കുള്ള വഴികൾ ! അനുരാഗത്തെയും ആത്മാർപ്പണത്തെയും അടയാളപ്പെടുത്തിയ നിമിഷങ്ങൾ ! അല്ലാഹു സത്യവിശ്വാസികൾക്ക് നൽകിയ ഔദാര്യം.
    ഇതിൻ്റെ ഭാഗമായിരുന്നു മലക്കുകളുടെ സാന്നിധ്യവും സഹായവും. സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ) പറയുന്നു, “നബിﷺയുടെ വലത്തും ഇടത്തുമായി ശുഭ്രവസ്ത്ര ധാരികളായ രണ്ട് പേർ ശക്തമായി പോരാടുന്നുണ്ടായിരുന്നു. ജിബ്‌രീലും(അ) മികാഈലു(അ)മായിരുന്നുവത് “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...