
ബദ്റിൽ മലക്കുകൾ അവതരിച്ചത് സംബന്ധമായി ഇനിയും വായിക്കാനുണ്ട്. അലി (റ) പറയുന്നു : “ഞാൻ കിണറ്റിനടുത്തു കൂടി സഞ്ചരിക്കുകയായിരുന്നു. അതാ ശക്‌തമായ ഒരു കാറ്റ്. ഒന്നിന് പിറകെ ഒന്നായി മൂന്ന് പ്രാവശ്യം അടിച്ചു വീശി. മീകാഈൽ (അ)നൊപ്പം ആയിരം മലക്കുകളിറങ്ങി നബിﷺയുടെ വലതു ഭാഗത്തു നിന്നു. അവിടെ അബൂബക്കറും(റ) ഉണ്ടായിരുന്നു. ഇസ്രാഫീലും(അ) ആയിരം മലക്കുകളുടെ അകമ്പടിയോടെ കടന്നു വന്നു സംഘത്തിൽ ചേർന്നു. ഞാനവരുടെ കൂടെക്കൂടി. അപ്പോഴേക്കും ജിബ്‌രീലും(അ) ആയിരം മലക്കുകളെയും കൂട്ടി എത്തിയിരുന്നു. ഒരു റിപ്പോർട്ട് പ്രകാരം ജിബ്‌രീലി(അ)ന്റെയും മീകാഈലി(അ)ന്റെയും കൂടെ അഞ്ഞൂറ് വീതം എന്നും കാണാം.
പോരാട്ടത്തിലും ശത്രുക്കളെ ബന്ദിയാക്കുന്നതിലും മലക്കുകൾ ഇടപെട്ടിരുന്നു എന്ന് വായിക്കാനാകും.
സാഇബു ബിൻ അബീഹുബൈശുൽ അസദി മുശ്‌രിക്കുകളുടെ അണിയിൽ ബദ്റിൽ പങ്കെടുത്തയാളാണ്. പടക്കളത്തിൽ വച്ചു അദ്ദേഹം ബന്ദിയാക്കപ്പെട്ടു. അതിനെക്കുറിച്ചദ്ദേഹം പിൽക്കാലത്തു പറഞ്ഞതിങ്ങനെയാണ് – ‘ എന്നെ ബന്ദിയായിപ്പിടിച്ചത് ഒരു മനുഷ്യനല്ലെന്നുറപ്പാണ് ‘. ‘പിന്നെയാരാണെന്നാണ് നിങ്ങളുടെ അഭിപ്രായം’ എന്നൊരാൾ ചോദിച്ചു. അപ്പോഴദ്ദേഹം തുടർന്നു. ‘ഖുറൈശികൾ തോറ്റ കൂട്ടത്തിൽ ഞാനും അകപ്പെട്ടു. അപ്പോഴതാ, ആകാശ ഭൂമികൾക്കിടയിൽ വെളുപ്പും കറുപ്പുമുള്ള ഒരു കുതിരപ്പുറത്തു വെളുത്ത് അതികായാനായ ഒരാൾ ! അയാൾ എന്നെപ്പിടിച്ചു തടവിലാക്കി. ബന്ദിയാക്കപ്പെട്ട എന്റെടുത്തേക്ക് അബ്ദു റഹ്‌മാനു ബിൻ ഔഫ് (റ) വന്നു. ഇവനെ ആരാണ് തടവിലാക്കി ബന്ദിച്ചതെന്ന് അദ്ദേഹം സൈനികരോട് ചോദിച്ചു. അവരാരും അതിനു കർത്തൃത്വം ഏറ്റെടുത്തില്ല. അഥവാ, അവരാരുമായിരുന്നില്ല. അവസാനം എന്നെ നബിﷺയുടെ സവിധത്തിൽ എത്തിച്ചു’. അപ്പോൾ അവിടുന്നെന്നോട് ചോദിച്ചു, ‘നിന്നെയാരാണ് ബന്ദിയാക്കിയത് ?’
ഞാൻ പറഞ്ഞു; ‘അറിയില്ല. എന്നാൽ ഞാൻ കണ്ട രംഗം പറയാൻ ഞാൻ താത്പ്പര്യപ്പെട്ടതുമില്ല’. പക്ഷേ, നബിﷺ അപ്പോൾ പറഞ്ഞു. “ആദരണീയനായ ഒരു മലക്കാണിവനെ തടവിലാക്കിയത്. ഇബ്ൻ ഔഫ് നീ കൊണ്ടു വന്ന ബന്ദിയെ നീ തന്നെ കൂട്ടിക്കോളൂ.” നബി ﷺ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽത്തങ്ങി. എന്നാലും ഞാൻ ഇസ്‌ലാം പുൽകാൻ ഏറെ വൈകിപ്പോയി “.
ഉമർ (റ)ന്റെ കാലത്താണ് ഈ സംഭാഷണങ്ങൾ അദ്ദേഹം നടത്തിയത്.
ഉമാമത് ബിൻ സഹൽ അദ്ദേഹത്തിന്റെ പിതാമഹൻ പറഞ്ഞതായി ഇങ്ങനെ പറഞ്ഞു. ‘മോനേ, ഞങ്ങളുടെ കൂട്ടത്തിൽ നിന്നൊരാൾ ഒരു ശത്രുവിനെ പിൻതുടർന്നു. ഒടുവിൽ അയാൾക്കുനേരെ വാളോങ്ങി. അദ്ദേഹത്തിന്റെ വാൾ പതിക്കുന്നതിന് മുമ്പ് ശത്രുവിന്റെ തലതെറിച്ചു കഴിഞ്ഞു. ഇത് ഞാൻ നേരിട്ടു കണ്ട രംഗമാണ് ‘.
ബദ്റിൽ കൊല്ലപ്പെട്ടവരിൽ കഴുത്തിന്റെയും കൈകളുടെയും മുറിപ്പാടുകളിൽ പൊള്ളലേറ്റത് പോലെയുണ്ടെങ്കിൽ അതു മലക്കുകളാൽ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഹകീമു ബിൻ ഹിസാം പറയുന്നു. ‘ഉപരിമണ്ഡലം നിറഞ്ഞു; ഉറുമ്പിൻ കൂട്ടങ്ങൾ വന്നിറങ്ങുന്നത് ബദ്ർ ദിനത്തിൽ ഞാൻ കണ്ടു. അത് താഴ്‌വരയിലൂടെ നിറഞ്ഞൊഴുകി. നബിﷺക്കു സഹായമായി വാനലോകത്ത് നിന്നയച്ചതാണതെന്നു മനസ്സിലാക്കാൻ കഴിഞ്ഞു’.
ജുബൈർ ബിൻ മുത്ഇമ് എന്നവർ പറയുന്നു – ‘ശത്രുസംഘം പരാജയപ്പെടുന്നതിനു മുമ്പ് പോരാട്ടം കൊടുമ്പിരിക്കൊണ്ട നേരത്ത് വരകളുള്ള വസ്ത്രം പോലെ ഒരുസാധനം ഉപരി ലോകത്ത് നിന്നു താഴേക്കു അവതരിക്കുന്നത് കണ്ടു. തീർച്ചയായും അത് മലക്കുകളുടെ കൂട്ടമായിരുന്നു. ഉടനെ തന്നെ ശത്രുക്കൾ പരാജിതരായി’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
